വൈറ്റ് കോളര്‍ ഗോവിന്ദചാമിമാര്‍ ശിക്ഷിക്കപ്പെടണം : ജസ്റ്റിസ് ഫോര്‍ ഭാവന ക്യാമ്പയ്ന്‍ ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്. നീതി ലഭിക്കുന്നതുവരെ ഭാവനയ്ക്കൊപ്പം നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയ്ന്‍…

bhavana-dhavani-picture-viral

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്. നീതി ലഭിക്കുന്നതുവരെ ഭാവനയ്ക്കൊപ്പം നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാംപെയ്ന്‍ ഏറ്റെടുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

വ്യക്തിപരമായും സംഘടനാപരമായും എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതിനെപ്പറ്റി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കേണ്ടതായുണ്ട്. ഈ സംഭവം പുറം ലോകം അറിയുന്നത് തന്നെ ‘നിലപാടുകളുടെ രാജകുമാരന്‍’എന്ന് ചെറുപ്പക്കാര്‍ പറയുന്ന മണ്മറഞ്ഞു പോയ നേതാവ് പി ടി തോമസ് ഉള്ളതുകൊണ്ടാണ്. ഈ വിഷയത്തില്‍ നടിയോടൊപ്പം ന്യായവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഇതില്‍ പ്രതികരിക്കണമോ എന്ന് പലപ്രാവശ്യം ആലോചിച്ചതാണ്. ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്ന തോന്നലാണ് ഇതുവരെ ഉണ്ടായിരുന്നത്.

‘നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഭരണ പ്രതിപക്ഷബന്ധങ്ങളും അവരൊക്കെ വിളിപ്പുറത്തുമുണ്ടെന്ന് കരുതി നിയമപാലകരെപ്പോലും അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കൊടും കുറ്റവാളികളാണ്. എത്രയോ നല്ല നല്ല കഥാപാത്രങ്ങളിലൂടെ മനസ്സില്‍ കയറിക്കൂടിയവരുടെ തനിനിറം പുറത്തുവരുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല.

‘സോഷ്യല്‍ സ്റ്റാറ്റസ് നോക്കി പീഡനങ്ങളെ അളക്കുവാനുള്ള അളവുകോല്‍ നിയമപാലകര്‍ കണ്ടുപിടിക്കാന്‍ പാടില്ല ‘എന്നുള്ളതുകൊണ്ട് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതും. എന്ത് കൊണ്ട് സാംസ്‌കാരിക നായകര്‍, രാഷ്ട്രീയ ലോകം അവരൊന്നും പ്രതികരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഈ പോരാട്ടത്തില്‍ അതിജീവിതക്കൊപ്പം, ‘പ്രിയനടി ഭാവനക്കൊപ്പം’.. നിലകൊള്ളാന്‍ തന്നെയാണ് തീരുമാനമെന്നും എന്‍ എസ് നുസൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുപോയ സംഭവത്തില്‍ കോടതിയിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോടതിയില്‍ തെളിവായി നല്‍കിയ ദൃശ്യങ്ങളാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം മുമ്പ് കോടതിയെ സമിപിച്ചിരുന്നു. എന്നാല്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് വിചാരണ കോടതിയും വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാവ്യയെ കേസില്‍ സാക്ഷി ആയിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാക്ഷിക്ക് ലഭ്യമാകുന്ന മുഴുവന്‍ നിയമ പരിരക്ഷയും ഉപയോഗിക്കാനുള്ള കാവ്യയുടെ ശ്രമം അന്വേഷണ സംഘത്തെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം ചുറ്റിക്കുകയാണ്.