‘ലിയോ’യിൽ കൊല്ലാതെ വിട്ടല്ലോ’ ; സന്തോഷവും നന്ദിയുമുണ്ടെന്ന് തൃഷ

എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമായാണ് കരുതുന്നത്. ഹൈസ്‍കൂള്‍ സുഹൃത്തിനെ കണ്ടുമുട്ടിയതു പോലെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിജയ്‍ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ വേഷമിടാൻ കഴിഞ്ഞപ്പോൾ തോന്നിയത് എന്നും തൃഷ വ്യക്തമാക്കി.ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകൻ…

എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമായാണ് കരുതുന്നത്. ഹൈസ്‍കൂള്‍ സുഹൃത്തിനെ കണ്ടുമുട്ടിയതു പോലെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിജയ്‍ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ വേഷമിടാൻ കഴിഞ്ഞപ്പോൾ തോന്നിയത് എന്നും തൃഷ വ്യക്തമാക്കി.ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകൻ ആയെത്തിയ ലിയോ  എന്ന ചിത്രം വൻ വിജയമായി  മാറിയിരിക്കുകയാണ്. പ്രീബുക്കിങ്ങിലും ചിത്രം റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. കോളിവുഡിൽ  അപ്കമിങ്  റിലീസുകളിൽ വൻ ഹൈപ്പുകള്‍ തീര്‍ത്ത പ്രതീക്ഷകള്‍ ശരിവെച്ച ചിത്രം വിസ്‍മയിപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. ചിത്രം ഇപ്പോഴും ബോക്സ് ഓഫീസ് കളക്ഷനിൽ മുൻപന്തിയിലെത്തി തീയറ്ററിൽ പ്രദർശനം തുടരുകയാണ്.  അതേസമയം സുരക്ഷാ പ്രശ്നങ്ങളാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ലിയോയുടെ ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്തത് ആരാധകരെ നിരാശരാക്കിയിരുന്നു. വിജയിയെ നേരില്‍ കാണാനും അദ്ദേഹത്തിന്‍റെ ‘കുട്ടി കഥൈ’ കേള്‍ക്കാനും കാത്തിരുന്ന ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമായിരുന്നു ലിയോയുടെ സക്സസ് മീറ്റ് എന്നത്. ഇന്നലെ ലിയോയുടെ വിജയ ആഘോഷ ചടങ്ങ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചാണ് നടന്നത്.

  ലിയോയുടെ അണിയറ പ്രവര്‍ത്തകരും വിജയ് ആരാധകരും അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. സിനിമയുടെ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സക്സസ് മീറ്റിന്‍റെ പ്രൊമോയും പങ്കുവെച്ചിരുന്നു. ലിയോയില്‍ വിജയ്‍യുടെ നായികയായി എത്തിയത് തെന്നിന്ത്യൻ താരം തൃഷയായിരുന്നു. വിജയാഘോഷ ചടങ്ങ് നടന്ന വേദിയില്‍ വെച്ച് നായിക തൃഷ സംസാരിച്ചപ്പോള്‍ പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമായാണ് കരുതുന്നത്. ഹൈസ്‍കൂള്‍ സുഹൃത്തിനെ കണ്ടുമുട്ടിയതു പോലെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിജയ്‍ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ വേഷമിടാൻ കഴിഞ്ഞപ്പോൾ തോന്നിയത് എന്നും തൃഷ വ്യക്തമാക്കി. വിജയ് പാര്‍ഥിപൻ എന്ന നായക കഥാപാത്രത്തെ ആയിരുന്നു ലിയോയില്‍ അവതരിപ്പിച്ചത്. പാര്‍ഥിപന്റെ ഭാര്യ സത്യയായിട്ടായിരുന്നു തൃഷ ചിത്രത്തില്‍ വേഷമിട്ടത്. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന്‌ തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്.

എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ്  സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്ന് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയുണ്ട്. ലിയോയിലേക്കാളും തൃഷയ്‍ക്ക് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പ്രകടനത്തിന് സാധ്യതയുള്ള ഒരു നായിക വേഷം നടിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ട്.  വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ വൻ ഹിറ്റായതിന്റെ ആവേശത്തിൽ കൂടിയാണ് താരങ്ങളുടെ ആരാധകര്‍. പൊന്നിയില്‍ സെല്‍വൻ എന്ന ഇതിഹാസ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ തമിഴകത്ത് വീണ്ടും മുൻനിരയിലേക്ക് എത്തിയ തൃഷ ലിയോയിലൂടെ ആ സ്ഥാനം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. തൃഷയെ നായികയായി നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നതും. തൃഷ നായികയായി വേഷിട്ട ചിത്രം ദ റോഡ് അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. അതേസമയം12 ദിവസം കൊണ്ട് 540 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ലോകേഷ് കനകരാജ്- രത്നകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രം കൂടിയാണ്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ച ലിയോയില്‍ അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ നാ റെഡി, ബാഡ്ആസ്, ഉയിര്‍പാതി, തുടങ്ങിയ ഗാനങ്ങളും വൈറലായിരുന്നു. അന്‍പ് അറിവ് മാസ്റ്റര്‍മാരാണ് ലിയോയുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. വിജയ്ക്കൊപ്പം തൃഷ, മഡോണ സെബാസ്റ്റ്യന്‍, സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ലിയോ കേരളത്തില്‍ വിതരണം ചെയ്തത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. പി ആർ ഓ: പ്രതീഷ്ശേഖറും ആയിരുന്നു.