മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് വണ്ടറടിച്ച് സാക്ഷാൽ ഉദയനിധി സ്റ്റാലിൻ; ‘ചിത്രം കണ്ടു, ‘ജസ്റ്റ് വൗ’ ഒരിക്കലും മിസ് ചെയ്യരുത്’

മികച്ച പ്രതികരണങ്ങളുമായി മഞ്ഞുമ്മല്‍ ബോയ്‌സ് തീയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ പ്രശംസിച്ച്‌ നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ‘ ചിത്രം കണ്ടു, ‘ജസ്റ്റ് വൗ’ ഒരിക്കലും മിസ് ചെയ്യരുത്’ എന്നാണ് ഉദയനിധി ട്വിറ്ററില്‍ കുറിച്ചത്. തമിഴ്‌നാട് ജില്ലയിലെ കൊടൈക്കനാലില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ വമ്പൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വിഷ്വൽ ക്വാളിറ്റികൊണ്ടും സൗണ്ട് ട്രാക്കുകൊണ്ടും കഥാപശ്ചാത്തലം, ദൃശ്യാവിഷ്ക്കാരം എന്നിവകൊണ്ടും മികവ് പുലർത്തിയ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു എക്സ്പീരിയൻസാണ് സമ്മാനിച്ചിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.

ചിദംബരത്തിന്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ മെഗാഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. മലയാള സിനിമക്ക് പുതിയ മാനങ്ങൾ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വിജയഗാഥ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പേരും എഴുതി ചേർക്കും.