അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി ലോഹി സാര്‍!! ഓര്‍മ്മയില്‍ വിതുമ്പി ഉണ്ണി മുകുന്ദന്‍

ജീവിതഗന്ധിയായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്. മലയാളി ഹൃദയത്തിലേറ്റിയ സംവിധായകന്റെ ഓര്‍മ്മയ്ക്ക് 14 വര്‍ഷമായിരിക്കുകയാണ്. താരങ്ങളെല്ലാം തങ്ങളെ താരമാക്കി മാറ്റിയ ലോഹിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ നടന്‍ ഉണ്ണിമുകുന്ദന്‍ ലോഹിതദാസിനെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്നെ താരമാക്കി മാറ്റിയതിന് ഉള്ള് നിറഞ്ഞ് നന്ദ പറഞ്ഞിരിക്കുകയാണ് ഉണ്ണി.

നിങ്ങള്‍ വിടവാങ്ങിയിട്ട് 14 വര്‍ഷമായി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോള്‍ എന്നെ വിശ്വസിച്ചതിന് നന്ദി. നമ്മള്‍ തമ്മില്‍ ആദ്യം കണ്ടുമുട്ടിയത് മുതലാണ് എന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഞാന്‍ മുന്നോട്ട് പോയത്. അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി. താങ്കളുടെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ അങ്ങയ്ക്ക് അഭിമാനം തോന്നും വിധം മുന്നോട്ട് പോകാന്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നും ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ സന്തോഷവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കാത്തതില്‍ എനിക്ക് ഖേദമുണ്ട്, ലോഹി സര്‍’ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ലോഹിതദാസ് ആണ് ഉണ്ണിമുകുന്ദനെ ആദ്യമായി സിനിമയിലേക്ക് വിളിച്ചത്.
നിവേദ്യത്തിലേക്കാണ് ഉണ്ണിയെ വിളിച്ചിരുന്നത്. പക്ഷേ ആ കഥാപാത്രം ഉണ്ണി ചെയ്തില്ല. ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ ചെയ്തില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്.

‘ഒന്നും അറിയാതെ ചെയ്യേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പക്ഷേ അധികം വൈകാതെ ലോഹിതദാസ് സാര്‍ എല്ലാവരെയും വിട്ടുപോയി. അത് തന്നെ ആകെ വേദനയിലാക്കി’ എന്നും ഉണ്ണി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.