ഒളിച്ചുവെച്ച ആ രഹസ്യം പുറത്ത്! വാലിബനും ചമതകനും തമ്മിലുള്ള പോര് കടുക്കും, ചിത്രത്തിൻറെ കഥാസൂചന

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ കഥയെ കുറിച്ച്…

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ കഥയെ കുറിച്ച് വരുന്ന വാർത്തകളാണ് ചർച്ചയാകുന്നത്. ചിത്രത്തിൻറെ പ്രമേയത്തെ സംബന്ധിച്ച സൂചനകളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.

യുഎഇയിലെ ടിക്കറ്റ് ബുക്കിം​ഗ് ആപ്പ് ആയ വോക്സ് സിനിമാസിൻറെ വെബ് സൈറ്റിൽ വന്ന കഥാസം​ഗ്രഹമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് പിന്നിൽ. സമയകാലങ്ങളെ മറികടക്കുന്ന യോദ്ധാവാണ് മോഹൻലാലിൻറെ നായകൻ എന്നാണ് കഥാസം​ഗ്രഹത്തിൽ നിന്ന് മനസിലാകുന്നത്. ചിന്നപ്പൈയൻ, അയ്യനാർ, രം​ഗപട്ടണം രം​ഗറാണി, ചമതകൻ എന്നിങ്ങനെ മറ്റ് ചില കഥാപാത്രങ്ങളുടെ പേരും പുറത്ത് വന്നിട്ടുണ്ട്. വില്ലൻ കഥാപാത്രമാണ് ചമതകൻ. അതുകൊണ്ട് തന്നെ വാലിബനും ചമതകനും തമ്മിലുള്ള പോരാകും ചിത്രമെന്നാണ് അനുമാനിക്കപ്പെടുന്നത്.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക. വ്യാഴാഴ്ചയാണ് ചിത്രത്തിൻറെ റിലീസ്. ശേഷമുള്ള മൂന്ന് ദിവസവും അവധി ദിനങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാൽ, ആദ്യ നാല് ദിനത്തിൽ വാലിബന് വൻ ബോക്സ് ഓഫീസ് കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രാഹകൻ. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം.