പറഞ്ഞത് ഡാനിഷിനോട്, പക്ഷേ ആവേശം…; വാലിബനേക്കുള്ള ലാലേട്ടന്റെ വാക്കുകൾ, ഇത്തവണ രണ്ടും കൽപ്പിച്ചെന്ന് ആരാധകർ

റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവസാനമിറങ്ങിയ ടീസറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വാലിബൻ പ്രീ റിലീസ് ചർച്ചയിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡാനിഷ് സേഠിനോടുള്ള മോഹൻലാലിന്റെ വാക്കുകൾ ആരാധകരുടെ ആവേശവും കൂട്ടിയിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് അടുക്കുമ്പോൾ ടെൻഷൻ തോന്നുന്നുവെന്നാണ് ഡാനിഷ് പറഞ്ഞത്. എന്നാൽ, ഡോൺട് വറി മാൻ എന്നാണ് ഡാനിഷിനോട് മോഹൻലാൽ പറഞ്ഞത്. എന്തിനാണ് പരിഭ്രമിക്കുന്നത്? നമ്മൾ ഒരു മികച്ച സിനിമയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് സന്തോഷമായി ഇരിക്കുക. നന്നായി ഉറങ്ങുക. പോസിറ്റീവ് ആയി ചിന്തിക്കുക. നമ്മൾ ഈ ചിത്രം ആഘോഷിക്കുമെന്നും മോഹൻലാൽ പറഞ്ഞു. നാളെ ആറ് മണി മുതലാണ് മലൈക്കോട്ടൈ വാലിബന്റെ ഷോകൾ ആരംഭിക്കുന്നത്. 300ൽ പരം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ