ഇന്ദ്രന്‍സ് ചിത്രം ‘വാമനന്‍’ ഒടിടിയിലെത്തുന്നു; എവിടെ കാണാം

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രം ഒടിടിയിലെത്തുന്നു. മനോരമ മാക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാല്‍ സ്ട്രീമിങ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരേ ദിവസം ആറ് ദുര്‍മരണങ്ങള്‍ നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം.

സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് വാമനന്റെ നിര്‍മാണം. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Gargi