ഇനി ‘ദളപതി 66’ അല്ല, ‘വരശ്’; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വംശി പൈഡിപ്പള്ളി ചിത്രത്തിന് പേരിട്ടു. ‘ദളപതി 66’ എന്നായിരുന്നു സിനിമയ്ക്ക് താല്‍ക്കാലികമായി ഇട്ടിരുന്ന പേര്. എന്നാല്‍ ‘വരശ്’ എന്നാണ് വിജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ്…

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വംശി പൈഡിപ്പള്ളി ചിത്രത്തിന് പേരിട്ടു. ‘ദളപതി 66’ എന്നായിരുന്നു സിനിമയ്ക്ക് താല്‍ക്കാലികമായി ഇട്ടിരുന്ന പേര്. എന്നാല്‍ ‘വരശ്’ എന്നാണ് വിജയ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.

ജൂണ്‍ 22നാണ് നടന്‍ വിജയ്‌യുടെ ജന്മദിനം. വിജയ്‌യുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ബോസ് തിരിച്ചെത്തുന്നു’ എന്ന ടാഗ്‌ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

തെലുങ്കിലും തമിഴിലും ആയിട്ടാണ് വരശ് ഒരുക്കുന്നത്. വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രമാണിത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കാനായി 120 കോടിയാണ് വിജയ് പ്രതിഫലം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2019ല്‍ മികച്ച വിനോദ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘മഹര്‍ഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ‘ഊപ്പിരി’, ‘യെവാഡു’ അടക്കം അഞ്ച് സിനിമകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.