തമാശയ്‌ക്കൊപ്പം ആക്ഷൻചിത്രങ്ങളും വഴങ്ങുന്ന മലയാളത്തിലെ അപൂർവം സംവിധായകരിലൊരാൾ

നന്മനിറഞ്ഞവൻ ശ്രീനിവാസൻ, സിംഹവാലൻമേനോൻ, അവിട്ടംതിരുനാൾ ആരോഗ്യശ്രീമാൻ, തിരുത്തൽവാദി, ജേർണലിസ്റ്, അദ്ദേഹം എന്ന ഇദ്ദേഹം, കുണുക്കിട്ട കോഴി, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, ഇങ്ങനെ രണ്ട്മണിക്കൂർ കാഴ്ചക്കാരനെ രസിപ്പിക്കുകയെന്ന കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാവുന്ന എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ചുമതല…

നന്മനിറഞ്ഞവൻ ശ്രീനിവാസൻ, സിംഹവാലൻമേനോൻ, അവിട്ടംതിരുനാൾ ആരോഗ്യശ്രീമാൻ, തിരുത്തൽവാദി, ജേർണലിസ്റ്, അദ്ദേഹം എന്ന ഇദ്ദേഹം, കുണുക്കിട്ട കോഴി, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, ഇങ്ങനെ രണ്ട്മണിക്കൂർ കാഴ്ചക്കാരനെ രസിപ്പിക്കുകയെന്ന കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാവുന്ന എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ചുമതല ഭംഗിയായി നിറവേറ്റിയ കൊച്ചുചിത്രങ്ങളുടെ സംവിധായകൻ. വിജി തമ്പി കലൂർഡെന്നിസ്, ശശിധരൻ ആറാട്ടുവഴി തുടങ്ങിയ തിരക്കഥാകൃത്തുക്കളുടെ രചനയിൽ പിറന്നവയായിരുന്നു ആ ചിരിപ്പടക്കങ്ങൾ. ബാലചന്ദ്രമേനോന്റെ അസ്സോസിയേറ്റായിരുന്ന തമ്പി 1988ൽ ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ‘എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. തമാശയ്‌ക്കൊപ്പം ആക്ഷൻചിത്രങ്ങളും വഴങ്ങുന്ന മലയാളത്തിലെ അപൂർവം സംവിധായകരിലൊരാൾ.

എങ്കിലും വിജിതമ്പി ഓർമിക്കപ്പെടുക 90കളിലെ ആ ചിരിച്ചിത്രങ്ങളുടെ പേരിലാകും. മിക്കവാറും ചിത്രങ്ങളിൽ ഒരു ചെറുവേഷത്തിൽ പ്രത്യക്ഷപ്പെടാറുള്ള സംവിധായകൻ എന്നൊരു പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഏറെ തമാശയും ഏതാനും പാട്ടുകളും അൽപ്പം സെന്റിമെൻസും രണ്ടോമൂന്നോ ആക്ഷൻരംഗങ്ങളുമൊക്കെയായി വെള്ളിത്തിരയിലെത്തിയ ആ ചിത്രങ്ങൾ കാൽനൂറ്റാണ്ടിനിപ്പുറവും പുതുതലമുറ പോലും തിരഞ്ഞുപിടിച്ചുകാണുന്നുണ്ട്,തിരക്കുപിടിച്ച ജീവിതത്തിൽ സ്‌ട്രെസ് റിമൂവറായി ഉപയോഗിക്കുന്നുണ്ട്. ഇവയൊക്കെ നേരമ്പോക്ക് മാത്രമാണ് ഉദാത്തമായ ചിത്രങ്ങളല്ല എന്ന നിരൂപകരുടെ വിമർശനം പലപ്പോഴും കേട്ടിട്ടുണ്ട്. മനുഷ്യനെ രസിപ്പിക്കാനും അവന്റെ ദുഃഖം കുറച്ചുനേരത്തേക്കെങ്കിലും മായ്ക്കാനും കഴിയുന്നെങ്കിലും അതുതന്നെയല്ലേ ആ കലാരൂപത്തിന്റെ ഏറ്റവും വലിയ മഹത്വം..