‘സെലിബ്രിറ്റി ഭാര്യാപദവി ആവശ്യമില്ല’ ; വെളിപ്പെടുത്തി വിനയ് ഫോർട്ടിന്റെ ഭാര്യ

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് അവിടെ നിന്നും നായകനിലേക്ക് വളര്‍ന്ന യുവനടനാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന് ഈ കാലയളവില്‍ വിനയ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തമാശ, ചുരുളി, മാലിക് തുടങ്ങി കഴിഞ്ഞ വര്‍ഷങ്ങളില്‍ വിനയുടേതായി പുറത്തിറങ്ങിയ സിനിമകളിലെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് വിനയ് കാഴ്ച വെച്ചത്. അതേ സമയം തന്നെ സിനിമയ്ക്കുള്ളിലെ താരമൂല്യവും സെലിബ്രിറ്റി പ്രിവിലേജും താനും തന്റെ കുടുംബവും ഉപയോഗിക്കാറില്ലെന്നാണ് വിനയ് പറയുന്നത്. ഒപ്പം ഭാര്യ സൗമ്യയും ഇത് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കുന്നു. നടനും ഭാര്യയും ഒരുമിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. വിനയ് ഒരിക്കലും ഒരു താരപദവി ആസ്വദിക്കുന്ന ആളല്ലെന്നാണ് സൗമ്യ പറയുന്നത്. അഭിനയത്തെ തൊഴിലായി കാണുന്ന, ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന പ്രൊഫഷണലാണ് അദ്ദേഹം. പരിചയപ്പെടുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടങ്ങളും പ്രയോറിറ്റികളും വിനയ്ക്ക് അറിയമായിരുന്നു. വിനയ് തന്നെ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യുന്നു. അവിടെ മോറല്‍ സപ്പോര്‍ട്ട് മാത്രമേ ഞാന്‍ നല്‍കുന്നുള്ളു.

പലപ്പോഴും ഇതിലും കൂടുതല്‍ പിന്തുണ കൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വിനയും അങ്ങനെയാണ്. എന്റെ കാര്യങ്ങള്‍ മാറ്റിവെച്ച് വിനയിന്റെ കാര്യങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന ആളല്ലെന്ന് സൗമ്യ പറയുന്നു. ചെറിയ വിജയങ്ങളൊക്കെ നേടിയതിന് ശേഷം സെലിബ്രിറ്റി പ്രിവിലേജ് കൊണ്ടു നടക്കുന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് വിനയും സൗമ്യയും. അങ്ങനെയൊരു സെലിബ്രിറ്റി ഭാര്യാപദവിയൊന്നും ആവശ്യമുണ്ടെന്ന് ഒരിക്കലും തനിക്ക് തോന്നിയിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്. ഭാര്യ-ഭര്‍തൃബന്ധം ഒരു പരിധി വരെ ബാലന്‍സ്ഡ് ആയി മുന്നോട്ട് കൊണ്ട് പോവുകയാണ്. ഒരു കുഞ്ഞ് ജനിച്ചാല്‍ അവന്റെ വളര്‍ച്ചയില്‍ നമുക്ക് കടമകളുണ്ട്. അതൊരു ആഡഡ് റെസ്‌പോണ്‍സിബിലിറ്റിയാണ്. വിനയും മകനും വേണ്ടി സമയം നീക്കി വയ്ക്കാറുണ്ട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ മകനെയും കൂട്ടി പുറത്ത് കറങ്ങാന്‍ പോകാനും അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം കൂടാനും വിനയ് റെഡിയാണ്. കുടുംബത്തിന്റെ പിന്തുണയാണ് പിന്നെ എടുത്ത് പറയേണ്ടതെന്നാണ് താരപത്‌നി സൂചിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ട് സിസ്റ്റമുണ്ട്. രണ്ട് പേരുടെയും കുടുംബം പിന്തുണ തരുന്നുണ്ട്. മോന്‍ ജനിച്ച ശേഷമാണ് എന്തുമാത്രം കോംപ്ലിക്കേറ്റഡ് ആണ് ജീവിതമെന്നൊക്കെ തിരിച്ചറിയുന്നത്. ഒരു പക്ഷേ എന്റെ അടുത്തുള്ളതിനെക്കാളും വിനയിന്റെ അമ്മയുടെ അടുത്ത് മോന്‍ ഏറെ സുരക്ഷിതനാണ്.

എന്റെ വീട്ടുകാരും ഇടയ്ക്ക് വന്ന് നില്‍ക്കും. അങ്ങനെ രണ്ട് പേര്‍ക്കും ജോലിയുമായി മുന്നോട്ട് പോകുന്നതിന് യാതൊരു തടസങ്ങളുമില്ലെന്നാണ് സൗമ്യ പറയുന്നത്. കംഫര്‍ട്ടബിളാകുക എന്നതാണ് ജീവിതത്തിലെ ഏത് ഘട്ടത്തിലും വിനയ്യുടെ പ്രധാന്യം. താമസിക്കുന്ന വീടായാലും ഇടുന്ന വസ്ത്രവും സുഹൃത്തുക്കളും ഒക്കെ സുഖവും സമാധാനവും നല്‍കുന്നതായിരിക്കണം. സിനിമാ താരമായാല്‍ വലിയ കാറും കൊട്ടാരം പോലെയുള്ള വീടും വേണമെന്ന് ഒന്നും ചിന്തിക്കില്ല. അദ്ദേഹത്തിന്റെ സ്വപ്‌നവും ലക്ഷ്യവുമെല്ലാം സിനിമയും അഭിനയവും സമാധാനമുള്ള ജീവിതവുമൊക്കെയായി ബന്ധപ്പെട്ടതാണ്. വീട് ഉണ്ടാക്കിയപ്പോഴും പ്രായോഗിക വശം നോക്കിയിരുന്നു. ഹോം തിയേറ്റര്‍, വര്‍ക്കൗട്ട് സ്‌പേസ്, തുടങ്ങി ആവശ്യമുള്ളത് മാത്രമേ ആഗ്രഹിച്ചുള്ളു. ഇനിയൊരു നൂറ് കോടി കിട്ടിയാലും തന്റെ സ്വപ്‌നങ്ങളും രീതിയും മാറുമെന്ന് തോന്നുന്നില്ലെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.