വിശാലിന്റെ ലാത്തി’ ചാര്‍ജ്ജ്; 5 ഭാഷകളിലെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക്

തമിഴ് സിനിമയുടെ ആക്ഷന്‍ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തന്റെ പുതിയ സിനിമയായ ‘ ലാത്തി ‘യില്‍. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്‌നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും,…

തമിഴ് സിനിമയുടെ ആക്ഷന്‍ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തന്റെ പുതിയ സിനിമയായ ‘ ലാത്തി ‘യില്‍. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്‌നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കര്‍ണാടകയിലും യുവാക്കളെ ആകര്‍ഷിക്കുവാന്‍ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകള്‍ തോറും സന്ദര്‍ശനം നടത്തി പടയോട്ടം തുടരുകയാണ് വിശാല്‍. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്.

കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകന്‍ ലോകേഷ് കനകരാജാണ് ‘ ലാത്തി ‘ യുടെ ട്രെയിലര്‍ ചെന്നൈയില്‍ നടന്ന പൊതു ചടങ്ങില്‍ വെച്ച് റീലീസ് ചെയ്തത്. ‘ ലാത്തി ‘ ക്ക് വേണ്ടി പുലിമുരുകന്‍ ‘ ഫെയിം സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ വിശാലിന്റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയ ട്രെയിലര്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആരാധകരില്‍ ആവേശമായി ആളി പടര്‍ന്നു. യു ട്യൂബില്‍ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുന്നേറുകയാണ് ട്രെയിലര്‍.പൊലീസ് കമ്മീഷണറായും, എസ് പി യായും , ഇന്‍സ്‌പെക്ടറായും ബിഗ് സ്‌ക്രീനില്‍ തകര്‍ത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാല്‍ ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് എത്തുന്നത്. എങ്കിലും കഥാപാത്രത്തിന്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നുണ്ട്. ബാലസുബ്രമണ്യന്റെയും, ‘ ബാഹുബലി ‘ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകള്‍ രംഗങ്ങളെ ബ്രഹ്‌മാണ്ഡമാക്കുന്നു. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് നവാഗത സംവിധായകന്‍ ഏ.വിനോദ് കുമാര്‍ ലാത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയെ കുറിച്ച് വിശാല്‍…
‘ ഞാന്‍ മുമ്പ് പല പടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യുഷ്വല്‍ ക്യാരക്ടര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ നോ പറയുമായിരുന്നു. ഇതൊരു സാദാ കോണ്‍സ്റ്റബിള്‍ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോണ്‍സ്റ്റബിളിന്റെ ജോലി. സംവിധായകന്‍ വിനോദ് കുമാര്‍ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അതില്‍ എന്തോ പുതുമ ഉണ്ടെന്ന് തോന്നി. ഏഴു വയസുകാരന്റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തില്‍ എന്റെ മകനായി അഭിനയിച്ച ആ ബാലന്‍ സെക്കന്റ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ നാല്പത്തി അഞ്ചു മിനിറ്റ് രംഗങ്ങള്‍ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം . ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂര്‍ത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് എന്റെ ബോഡി ലാംഗ്വേജ് തന്നെ മാറി തുടങ്ങി.

സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്‌സേ ഉണ്ടാവൂ. എന്നാല്‍ ഈ സിനിമയില്‍ നാല് ക്ലൈമാക്‌സ് ഉണ്ടായിരിക്കും.ഒരു രംഗത്തില്‍ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ ‘ യൂ ടേണ്‍ ‘ എടുക്കുക. വിനോദ് പറഞ്ഞതിനേക്കാള്‍ മൂന്നു മടങ്ങ് സിനിമ നന്നയി വന്നിട്ടുണ്ട്. ഇത് ഞാന്‍ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റര്‍ ഹെയിനും, യുവന്‍ ഷങ്കര്‍ രാജയുമാണ് ‘ ലാത്തി ‘ യുടെ രണ്ട് നെടും തൂണുകള്‍. ഈ സിനിമ ഇത്രയും നന്നായി വന്നതില്‍ അവരുടെ പങ്ക് വളരെ വലുതാണ്. ‘

നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ലാത്തി നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്.ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ക്ക് അവലംബം. തെന്നിന്ത്യന്‍ താരം സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. മലയാളി നടന്‍ പി. എന്‍. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകര്‍ഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാര്‍ത്തിയുടെ ‘ കൈദി ‘ യിലൂടെ ശ്രദ്ധേയനായ പൊന്‍. പാര്‍ത്ഥിപന്‍ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയുമാണ് . ക്രിസ്തുമസ് – നവവത്സര ചിത്രമായി ഡിസംബര്‍ 22- ന് ‘ ലാത്തി ‘ തിയറ്ററുകളില്‍ എത്തും. ത്രീ ഫോര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.