സൈബര്‍ ആക്രമണം! ‘സൂപ്പര്‍’ നീക്കി തലയൂരി വിഷ്ണു വിശാല്‍

ഉലകനായകന്‍ കമല്‍ഹാസന്റെ ജന്‍മദിനാഘോഷത്തിനിടെയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. ഉലകനായകനോടും ആമിര്‍ ഖാനുമൊപ്പമുള്ള ചിത്രമാണ് വിഷ്ണു പങ്കിട്ടത്. ചിത്രത്തിന് വിഷ്ണു നല്‍കിയ അടിക്കുറിപ്പാണ് വിവാദമായിരിക്കുന്നത്. ‘സൂപ്പര്‍ സ്റ്റാറുകള്‍…

ഉലകനായകന്‍ കമല്‍ഹാസന്റെ ജന്‍മദിനാഘോഷത്തിനിടെയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. ഉലകനായകനോടും ആമിര്‍ ഖാനുമൊപ്പമുള്ള ചിത്രമാണ് വിഷ്ണു പങ്കിട്ടത്. ചിത്രത്തിന് വിഷ്ണു നല്‍കിയ അടിക്കുറിപ്പാണ് വിവാദമായിരിക്കുന്നത്.

‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍ കൊണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ‘എന്നായിരുന്നു വിഷ്ണുവിന്റെ കാപ്ഷന്‍. ഇതോടെ രജനികാന്ത് ആരാധകര്‍ നടനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തി. തലൈവര്‍ മാത്രമേ സൂപ്പര്‍സ്റ്റാര്‍ പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദത്തോടെയാണ് രജനി ആരാധകര്‍ രംഗത്തെത്തിയത്. സൈബര്‍ ആക്രമണം കടുപ്പത്തിലായതോടെ അടിക്കുറിപ്പിലെ ‘സൂപ്പര്‍’നീക്കി നടന്‍ വിവാദത്തില്‍ നിന്നും തടിതപ്പിയിരിക്കുകയാണ്.

അതേസമയം രജനി ആരാധകരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യേണ്ടിവന്ന വിഷ്ണുവിനെ ഓര്‍ത്ത് സഹതാപമുണ്ടെന്ന് കമല്‍ ആരാധകരും പ്രതികരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് വിഷ്ണും ആവര്‍ത്തിച്ചുപറയുന്നു.

ട്വീറ്റ് തിരുത്തി എന്ന് കരുതി താന്‍ ദുര്‍ബലനാണെന്ന് കരുതരുത്. ‘എന്റെ ടൈംലൈനില്‍ നെഗറ്റിവിറ്റി പരത്തുന്നവര്‍ ദയവായി ഒഴിഞ്ഞു തരണം. നമ്മുടെ ഇടയില്‍ ഒരേയൊരു ‘സൂപ്പര്‍സ്റ്റാര്‍’ ടൈറ്റില്‍ മാത്രമാണുള്ളത്. പക്ഷേ എന്റെ ബഹുമാനത്തിന് അര്‍ഹമായ നേട്ടം കൈവരിച്ച എല്ലാവരും സൂപ്പര്‍സ്റ്റാര്‍സ് ആണ്. എല്ലാവരെയും സ്നേഹിക്കുക, സ്നേഹം പ്രചരിപ്പിക്കുക. വെറുപ്പിനോട് അകന്നു നില്‍ക്കുക. ദൈവം അനുഗ്രഹിക്കട്ടെ’- എന്നാണ് വിഷ്ണു കുറിച്ചത്.