ടാര്‍പോളിന്‍ പാകിയ വീട്ടില്‍ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോല്‍ ദാനം നിര്‍വഹിച്ച് മോഹന്‍ലാല്‍

ടാര്‍പോളിന്‍ പാകിയ വീട്ടില്‍ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീട് അജ്ന ജോസിന്റെ കുടുംബത്തിനാണ്. വീടിന്റെ താക്കോല്‍ ദാനം മോഹന്‍ലാല്‍ തന്നെയാണ് നിര്‍വഹിച്ചത്. ഈ വിവരം താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

https://www.facebook.com/ActorMohanlal/posts/504035027756434

അജ്നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിന് ‘ലാല്‍ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ ഇതിനോടകം തന്നെ നിരവധി പേരെ സഹായിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവ ഇടപെടലുകളുമായി രംഗത്തുണ്ടായിരുന്നു.