നടന്മാരൊക്കെ താടി വെച്ച് നടക്കുന്നതിന്റെ കാരണം എന്താണ്?; മോഹൻലാലിന് കത്തയച്ച് നടൻ ശ്രീരാമൻ, കിടിലൻ മറുപടിയുമായി താരം

താരസംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗത്തിൽ കിടിലൻ ലുക്കിലെത്തിയ നടൻ മോഹൻലാലിന് രസകരമായ കത്ത് എഴുതി നടൻ വി.കെ ശ്രീരാമൻ. താരങ്ങൾ താടി വയ്ക്കുന്നതിന്റെ കാരണമാണ് ശ്രീരാമൻ മോഹൻലാലിനോട് ചോദിച്ചത്. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നയിരുന്നു മോഹൻലാലിന്റെ രസകരമായ മറുപടി.

 

ഇന്ന് മിഥുനം പതിനൊന്നാണ്.തിങ്കളാഴ്ചയുമാണ്.ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ .ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം.കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം.ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു’രോമത്തിന് താരത്തിലുള്ള സ്വാധീനം ‘ എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.കുത്തിയതും മറുകുത്തുടനേ വന്നു. അതവസാനിക്കുന്നതിങ്ങനെ’രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം.ആകയാലും പ്രിയരേ. സുപ്രഭാതം എന്നാണ് ശ്രീരാമൻ കുറിച്ചത്.

മോഹൻലാല് ഇതിന് നൽകിയ മറുപടിയുടെ ഫോട്ടോ ശ്രീരാമൻ ഫേസ്ബിക്കിൽ പങ്കുവച്ചിട്ടുണ്ട്. ”ഗൂഢാർഥ ശൃംഗാര വിന്യാസത്തിൽ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചർച്ച് അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം, രോമപൂർവം” എന്നായിരുന്ന ഈ മറുപടി.