ദാസേട്ടൻ പാടുന്നില്ലെങ്കിൽ ഞാനീ പടം ചെയ്യില്ല ; രവീന്ദ്രൻ മാസ്റ്ററെപ്പറ്റി ഭാര്യ ശോഭന 

മലയാളികൾക്ക് സുപരിചിതനാണ് സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ. പിന്നണി ​ഗാന രം​ഗത്ത് മറക്കാനാകാത്ത ​ഗാനങ്ങൾ സമ്മാനിച്ച പ്രതിഭ കൂടിയാണ് രവീന്ദ്രൻ മാസ്റ്റർ. രവീന്ദ്രൻ മാസ്റ്ററൊരുക്കിയ പല ​ഗാനങ്ങളും ഇന്നും അനശ്വരമായി തന്നെ നിലനിൽക്കുന്നു. ഇതിൽ…

മലയാളികൾക്ക് സുപരിചിതനാണ് സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ. പിന്നണി ​ഗാന രം​ഗത്ത് മറക്കാനാകാത്ത ​ഗാനങ്ങൾ സമ്മാനിച്ച പ്രതിഭ കൂടിയാണ് രവീന്ദ്രൻ മാസ്റ്റർ. രവീന്ദ്രൻ മാസ്റ്ററൊരുക്കിയ പല ​ഗാനങ്ങളും ഇന്നും അനശ്വരമായി തന്നെ നിലനിൽക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ​ഗാനങ്ങളിലൊന്ന് ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ  ​ഗാനങ്ങളാണ്. സം​ഗീത സംവിധായകനെന്ന നിലയിൽ രവീന്ദ്രൻ മാസ്റ്റർ തന്റെ കഴിവുകൾ മുഴുവൻ പുറത്തെടുത്ത ​ഗാനങ്ങളാണ് ഈ സിനിമയിലേത് എന്ന് തന്നെ പറയാം. യേശുദാസ് പാടിയ പ്രമദവനം എന്ന ​ഗാനം ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഗാനത്തിന് പിന്നിലെ സംഭവ വികാസങ്ങൾ പങ്കുവെക്കുകയാണ് രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രൻ. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. ഹിസ് ഹൈനസ് അബ്ദുള്ള തൊട്ട് രവീന്ദ്രൻ മാസ്റ്ററുടെ സം​ഗീതത്തിന്റെ ശൈലി മാറിയെന്ന് ശോഭന പറയുന്നു. ആദ്യമാെക്കെ ലോക്കൽ പാട്ടുകൾ പലതും ചെയ്തിട്ടുണ്ട്. പക്ഷെ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം നിലവാരം കുറഞ്ഞ പാട്ടുകൾ വന്നിട്ടില്ല.

അതിന് മുമ്പും അത്തരം കുറച്ച് പാട്ടുകളേ പാടിയിട്ടുള്ളൂ. ദാസേട്ടൻ പാട്ട് നിർത്താൻ തീരുമാനിച്ച സമയമായിരുന്നു അത്. എല്ലാ സിനിമകളിലും ഒരേ പോലെ പാടി അദ്ദേഹത്തിന് മതിയായി. ഇനി കച്ചേരിയിൽ മാത്രമേ പാ‌ടുന്നുളളൂ എന്ന് പറഞ്ഞ് പിൻവാങ്ങിയ സമയമാണ്. ഈ സമയത്താണ് ഹിസ് ഹൈനസ് അബ്ദുള്ള വരുന്നത്. കഥ കേട്ടപ്പോൾ തന്നെ എന്താണ് വേണ്ടതെന്ന ഭാവന വന്നിരിക്കാം. അത്രയും നല്ല സീരിയസ് കഥയാണ്. ഇതിൽ ദാസേട്ടൻ പാടാതെ എങ്ങനെയാണെന്ന് രവിയേട്ടൻ. ഓരോ പാട്ട് കംപോസ് ചെയ്യുമ്പോൾ ദാസേട്ടനാണ് അദ്ദേഹത്തിന്റെ മനസിൽ. പാട്ടൊന്ന് കേട്ടിട്ട് ദാസേട്ടൻ തീരുമാനിക്ക്, ദാസേട്ടൻ പാടുന്നില്ലെങ്കിൽ ഞാനീ പടം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നിർബന്ധിച്ച് കേട്ടു. കേട്ട് കഴിഞ്ഞപ്പോൾ ദാസേട്ടന് പാടാതിരിക്കാൻ കഴിഞ്ഞില്ലെന്ന് ശോഭന പറയുന്നു. ആ സമയത്ത് ദാസേട്ടന് അങ്ങനെയൊരു പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമേ അങ്ങനെ ഫലിപ്പിക്കാൻ പറ്റൂ. വേറെ ആര് പാടിയാലും ഒരു പോയന്റ് താഴെ ആയിരിക്കും. ദാസേട്ടൻ എല്ലാ പാട്ടുകളും പാടുന്നെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ നമ്മൾ അങ്ങനെ പറയാൻ പാടില്ല. അവരവർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രമിക്കുക. നമ്മൾ അവരെ മറികടന്ന് വരണം. ഒരാൾ താഴ്ന്ന് കൊടുത്ത് വന്നിട്ട് എന്താണ് കാര്യം.

അദ്ദേഹം നിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾക്ക് വരാൻ പറ്റാത്തതെന്ന സംസാരം ഇടയ്ക്കുണ്ടായിരുന്നു. പക്ഷെ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി. കൈതപ്രവും രവിയേട്ടനും വല്ലാത്തൊരു കോംബിനേഷനാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിൽ രവിയേട്ടൻ പാടിയിട്ടുണ്ട്. എംജി ശ്രീകുമാറാണ് ആദ്യം പാടിയത്. അദ്ദേഹം മനോഹരമായി പാ‌‌ടി. പക്ഷെ വേറൊരു രീതിയിലായിരുന്നു. ദാസേട്ടനും ശ്രീകുമാറുമാണ് ആ സീനിൽ വരുന്നത്. കുറച്ച് കൂടി നന്നാക്കണം എന്ന ചിന്തയിലാണ് ശ്രീകുമാർ പാടിയത്. പക്ഷെ സാഹചര്യത്തിന് ചേരുന്നതായിരുന്നില്ല. ധിക്കാരത്തോടെയാണ് അവിടെ പാടേണ്ടത്. ഈ ധിക്കാരം രവിയേട്ടനെ വരൂ എന്ന് മോഹൻലാലാണ് പറഞ്ഞതെന്നും ശോഭന രവീന്ദ്രൻ ഓർത്തു. 2005 ൽ തന്റെ 61ാം വയസിലാണ് രവീന്ദ്രൻ മാസ്റ്റർ ലോകത്തോട് വിട പറഞ്ഞത്.