പ്രസവത്തെത്തുടര്‍ന്ന് ബിരുദദാന ചടങ്ങ് യുവതിക്ക് മിസ്സായി; ആശുപത്രി മുറിയില്‍ ചടങ്ങ് നടത്തി കോളേജ് അധികൃതര്‍

പഠിക്കുമ്പോള്‍ എല്ലാവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചടങ്ങാണ് ബിരുദദാന ചടങ്ങ്. പ്രധാന അധ്യാപകനില്‍ നിന്നുള്ള ബിരുദം എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ്. കൂടാതെ, പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും ആളുകള്‍ ആഗ്രഹിക്കുന്നു.…

പഠിക്കുമ്പോള്‍ എല്ലാവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചടങ്ങാണ് ബിരുദദാന ചടങ്ങ്. പ്രധാന അധ്യാപകനില്‍ നിന്നുള്ള ബിരുദം എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ്. കൂടാതെ, പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും ആളുകള്‍ ആഗ്രഹിക്കുന്നു. ഡിലോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ വ്യത്യസ്തമായ ബിരുദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാഡ സെയില്‍സ് എന്ന വിദ്യാര്‍ത്ഥിനിക്ക് കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായില്ല. പ്രസവവേദനയെ തുടര്‍ന്ന് ജാഡയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

എന്നാല്‍ ജാഡയുടെ സങ്കടം മാറ്റാന്‍ കോളേജ് അധികൃതര്‍ ജാഡയുടെ ബിരുദദാന ചടങ്ങ് ആശുപത്രിയില്‍ നടത്തി. ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രസവ വേദനയെ തുടര്‍ന്ന് ജാഡയെ ആശുപത്രിയില്‍ എത്തിച്ചത്.

കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തില്‍ കോളേജ് അധികൃതരുടെ ഈ നടപടി ഇരട്ടി സന്തോഷം നല്‍കി. ബിരുദദാന ചടങ്ങിനിടെ തൊപ്പി വലിച്ചെറിയുന്ന ചടങ്ങ് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക അനുമതിയോടെ ആശുപത്രിയില്‍ ചടങ്ങ് നടത്താന്‍ അവര്‍ തീരുമാനിച്ചത്. ഡോ. കിംബ്രോ ട്വിറ്ററില്‍ ഈ അസുലഭ നിമിഷം പങ്കുവെക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രസവ വേദനയെ തുടര്‍ന്ന് ജാഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മെസേജ് അയച്ച് ഈ വിവരം ഞങ്ങളെ അറിയിച്ചത്. അവളുടെ ബിരുദധാന ചടങ്ങ് നടക്കുന്ന ദിവസം അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും അറിയാന്‍ കഴിഞ്ഞു. പിന്നീട് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയാണ് ചടങ്ങ് നടത്തിയതെന്ന് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച ശേഷം ഡോക്ടര്‍ കുറിച്ചു. ബിരുദധാനത്തിന് ഉപയോഗിക്കുന്ന ഗൗണും തൊപ്പിയുമൊക്കെ ധരിച്ചാണ് ജാഡാ ബിരുദം സ്വീകരിക്കുന്നത്.

18 വര്‍ഷത്തെ തന്റെ അക്കാദമിക് ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു ബിരുദധാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സര്‍വകലാശാലയുടെ ഈ പ്രവൃത്തി രണ്ട് കൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. സാര്‍ നിങ്ങളുടെ ദയയ്ക്കും സമയത്തിനും നന്ദി.. അര്‍ഹയായ ഈ സ്ത്രീയെ ബിരുദം നേടാന്‍ അനുവദിച്ചതിന് എന്നായിരുന്നു ഒരാളുടെ കമന്റ്.