മലയാളത്തിന്റെ മെ​ഗാ താരത്തിനായി കോടികൾ വാരിയെറിഞ്ഞ് തെലുങ്ക് സിനിമ; യാത്ര 2വിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം

ഭ്രമയു​ഗം ഫെബ്രുവരി 15ന് എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. കുഞ്ചമൻ പോറ്റിയായി മമ്മൂട്ടിയു‌ടെ ഒരു പുതിയ അസാധ്യ പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭ്രമയു​ഗത്തിന് മുമ്പ് താരം സുപ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക്…

ഭ്രമയു​ഗം ഫെബ്രുവരി 15ന് എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. കുഞ്ചമൻ പോറ്റിയായി മമ്മൂട്ടിയു‌ടെ ഒരു പുതിയ അസാധ്യ പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭ്രമയു​ഗത്തിന് മുമ്പ് താരം സുപ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം യാത്ര 2 നാളെ റിലീസ് ചെയ്യും. മമ്മൂട്ടി നായകനായി തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

യാത്രയിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ഇപ്പോൾ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോൾ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി ജീവയാണ് വേഷമിടുന്നത്. മഹി വി രാഘവിന്റേത് തന്നെയാണ് തിരക്കഥ.

മമ്മൂട്ടിയും യാത്ര രണ്ടിൽ സുപ്രധാനമായ റോളാണ് ഉള്ളത്. വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. സിനിമയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ബുക്കിം​ഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, യാത്ര 2 റിലീസ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. മമ്മൂട്ടി യാത്ര 2വിൽ വാങ്ങിച്ച പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 14 കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഇക്കാര്യത്തെ കുറിച്ച് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.