കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ലൈഗീക വിദ്യാഭ്യാസം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് പല വേഷങ്ങളാണുള്ളത്. നിങ്ങളുടെ കുട്ടിക്ക് ലൈംഗികപരമായ അറിവുകൾ കൈമാറ്റം ചെയ്യുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി ആയിരിക്കും. നമ്മുടെ രാജ്യത്ത്, ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നത്…

ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് പല വേഷങ്ങളാണുള്ളത്. നിങ്ങളുടെ കുട്ടിക്ക് ലൈംഗികപരമായ അറിവുകൾ കൈമാറ്റം ചെയ്യുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി ആയിരിക്കും. നമ്മുടെ രാജ്യത്ത്, ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നത് മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സംഗതിയായിരിക്കും.

നമുക്ക് മുൻപുള്ള തലമുറ ഒരിക്കലും ലൈംഗികതയെ കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നില്ല എന്നുമാത്രമല്ല, വീട്ടിൽ വച്ച് ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് പാപമായി കരുതുകയും ചെയ്തിരുന്നു. കൗമാരക്കാർ ലൈംഗികതയെ കുറിച്ച് സംസാരിച്ചാൽ, അവർക്ക് സദാചാര മൂല്യങ്ങൾ ഇല്ല എന്നും ദുഷിച്ച കൂട്ടുകെട്ടാണ് ഉള്ളത് എന്നുമുള്ള വിമർശനങ്ങൾ കേൾക്കേണ്ടിവരുമായിരുന്നു.

എന്നാൽ, ഇപ്പോൾ കാലം മാറിയിരിക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ അതിവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കുട്ടികളും കൗമാരക്കാരും ലൈംഗികതയ്ക്കായി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന കാലം വന്നിരിക്കുന്നു. സിനിമ ഉൾപ്പെടെയുള്ള വിനോദ മേഖലയിൽ ലൈംഗികതയുടെ അതിപ്രസരം ഉണ്ടായിരിക്കുന്നു. ഈ അവസരത്തിൽ, നമ്മുടെ രാജ്യത്ത് ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികൾക്കിടയിൽ നടത്തിയ ഒരു സർവെയെക്കുറിച്ച് പറയുന്നത് നന്നായിരിക്കും.

സർവെയിൽ പങ്കെടുത്ത 30% ആൺകുട്ടികളും 17% പെൺകുട്ടികളും തങ്ങൾക്ക് ലൈംഗികാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഇതിൽ 6.3% ആൺകുട്ടികളും 1.3% പെൺകുട്ടികളും സംഭോഗത്തിൽ ഏർപ്പെട്ടിരുന്നു.

ഇങ്ങനെയായിട്ടു കൂടി, മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന മാതാപിതാക്കൾക്ക് അവരുടെ കുട്ടികളോട് ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു! അവർ വേണ്ട സമയത്ത് സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലൈംഗികതയെ കുറിച്ച് അറിഞ്ഞുകൊള്ളുമെന്ന രീതി പിന്തുടരുന്നത് ആശാസ്യമായിരിക്കില്ല. മിക്കപ്പോഴും നിങ്ങളുടെ കൗമാരക്കാർക്ക് ഇത്തരത്തിൽ ലഭിക്കുന്ന അറിവുകൾ അപൂർണമോ വളച്ചൊടിച്ചതോ ആയിരിക്കും.

കുട്ടികൾക്ക് ലൈംഗികപരമായ അറിവുകൾ നൽകിയാൽ അവർ വളരെ പെട്ടെന്നു തന്നെ അത് പരീക്ഷിച്ചേക്കാമെന്ന് മാതാപിതാക്കൾ ഭയപ്പെടുന്നുണ്ടാവാം. എന്നാൽ, മാതാപിതാക്കളുമായി ലൈംഗികത ചർച്ച ചെയ്യുന്ന കൗമാരക്കാർ ഇക്കാര്യത്തിൽ സുഹൃത്തുക്കളെക്കാളും ശ്രദ്ധാലുക്കളും താമസിച്ചു മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരും കൂടുതൽ ലൈംഗിക പങ്കാളികൾ ഇല്ലാത്തവരും ഗർഭനിരോധന മാർഗങ്ങൾ അവലംബിക്കുന്നവരുമായിരിക്കുമെന്നാണ് കണ്ടുവരുന്നത്.

ലൈംഗികത, ബന്ധങ്ങൾ, മറ്റുള്ളവരെ ബഹുമാനിക്കൽ, മതപരവും സദാചാരപരവുമായ മൂല്യങ്ങൾ എന്നിവയെ കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിന് നിങ്ങൾ ഒരു വിദഗ്ധൻ ആയേ മതിയാവൂ എന്ന ധാരണ വച്ചുപുലർത്തരുത്.

നിങ്ങളുടെ കൗമാരക്കാരനായ മകനോട് ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതിനുള്ള ചില ടിപ്പുകളാണ് ഇവിടെ നൽകിയിരിക്കുന്നത്;

1. പകർന്നു നൽകേണ്ട വിവരങ്ങളെ കുറിച്ച് ധാരണ വേണം

നിങ്ങളുടെ മകനോട് സംസാരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള രൂപരേഖ മനസ്സിൽ തയ്യാറാക്കുക. പ്രത്യുത്പാദനത്തെ കുറിച്ചുള്ള ഉപരിപ്ളവ സംസാരം മതിയാവില്ല. സുരക്ഷിതമായ ലൈംഗികബന്ധം, ഗർഭനിരോധനം, ലൈംഗികജന്യ രോഗങ്ങളെ പ്രതിരോധിക്കൽ എന്നിവയെ കുറിച്ചും അറിവ് പകർന്നു നൽകേണ്ടതുണ്ട്.

വിഷയങ്ങളെ കുറിച്ചുള്ള രൂപരേഖ തയ്യാറാക്കുന്നതും സംസാരിക്കുന്ന രീതിയെ കുറിച്ചും മുൻധാരണ ഉണ്ടായിരിക്കുന്നത് ഗുണകരമായിരിക്കും. ലൈംഗികത, സംഭോഗം എന്നിവയെ കുറിച്ചുള്ള ഇനി പറയുന്ന ചില കാര്യങ്ങൾ സംസാരിക്കേണ്ടതുണ്ട്;

പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന വ്യവസ്ഥ

ലൈംഗികാകർഷണം (എതിർലിംഗത്തോടുള്ള ആകർഷണം,സ്വവർഗത്തോടുള്ളത്, ദ്വിലിംഗം തുടങ്ങിയവ)

സ്വയംഭോഗം

സുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദവും ഉടനെയുള്ള ലൈംഗികബന്ധത്തിൽ നിന്ന് ഒഴിവാകുന്നതിനെ കുറിച്ചും

ഗർഭം

ഗർഭനിരോധന ഉപാധികൾ

എച്ച്‌ഐവി/എയിഡ്സ് ഉൾപ്പെടെ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (എസ്ടിഡികൾ)

സുരക്ഷിതമായ ലൈംഗികബന്ധം

ലൈംഗിക പീഡനം, ലൈംഗികാതിക്രമം എന്നിവ എങ്ങനെ തിരിച്ചറിയാം, ഒഴിവാക്കാം തുടങ്ങിയവ

ലൈംഗികതയിൽ മദ്യവും മയക്കുമരുന്നുകളും ചെലുത്തുന്ന സ്വാധീനം

പോണോഗ്രാഫി (അശ്ളീല സാഹിത്യവും ചിത്രങ്ങളും)

2. ചെറുപ്പത്തിൽ തന്നെ അറിവു നൽകുക

നിങ്ങളുടെ മകൻ ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുമ്പോൾ “നീ മുതിരുമ്പോൾ പറഞ്ഞു തരാം” എന്ന രീതിയിൽ ഉള്ള നിലപാട് സ്വീകരിക്കരുത്.

നിങ്ങളുടെ മകൻ ലൈംഗികബന്ധത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ചർച്ചകൾ ആരംഭിക്കുന്നതാണ് ഫലപ്രദം. 10-12 വയസ്സാണ് ഇത്തരം ചർച്ചകൾ ആരംഭിക്കുന്നതിന് അനുയോജ്യം. കൗമാരത്തിനു തൊട്ടു മുമ്പുള്ള പ്രായത്തിൽ ലഭിക്കുന്ന ഇത്തരം അറിവുകൾ മൂലം അവൻ ചൂളിപ്പോവുകയില്ലെന്നു മാത്രമല്ല അവ ഉൾക്കൊള്ളുന്നതിനു ശ്രമിക്കുകയും ചെയ്യും.

3. വിഷയം സ്വാഭാവികമായി അവതരിപ്പിക്കുക

മകനുമായി ലൈംഗികതയെ കുറിച്ച് സംസാരിക്കുമ്പോൾ തുറന്ന മനസ്സോടെ ഇടപെടുക. സംസാരത്തിൽ മുന്നോട്ടു പോകുന്നതിന് ഇനി പറയുന്ന തരത്തിലുള്ള ചോദ്യങ്ങൾ സഹായകമായേക്കും;

സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസ ക്ളാസുകൾ ആരംഭിച്ചോ?

സ്കൂളിൽ വച്ച് ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ടോ?

നിങ്ങൾ കൂട്ടുകാർ ലൈംഗികതയെ കുറിച്ച് എന്താണ് സംസാരിക്കാറുള്ളത്?

ലൈംഗികതയെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ ലജ്ജ പ്രദർശിപ്പിക്കുകയാണെങ്കിൽ കുട്ടി മനസ്സു തുറന്ന് സംസാരിക്കണമെന്നില്ല. സംസാരം പിരിമുറുക്കത്തോടെയോ അസ്വാഭാവികമായോ ആയിരിക്കരുത്. ഇത്തരം സംസാരത്തിനിടയിലും തമാശകൾ പറയുന്ന ശീലം മാറ്റിവയ്ക്കേണ്ടതില്ല.

ലൈംഗികതയെ കുറിച്ച് എന്താണ് മനസ്സിലാക്കിയിട്ടുള്ളത് എന്നും ഇതു സംബന്ധിച്ച ക്ളാസ്സിൽ എന്താണ് ചിന്തിച്ചിരുന്നത് എന്നും മകനോട് ചോദിക്കുക. സംസാര വിഷയത്തെ കുറിച്ച് നന്നായി പഠിച്ചതിനു ശേഷം വേണം സംസാരത്തിനു തയ്യാറെടുക്കേണ്ടത്. സംസാരത്തിനിടെ സംശയങ്ങൾ വിഘാതമുണ്ടാക്കാൻ പാടില്ല. ആശയക്കുഴപ്പം പ്രദർശിപ്പിക്കുന്നതു മൂലം സ്കൂളിലെ അധ്യാപകൻ/അധ്യാപികയെക്കാൾ അറിവു കുറഞ്ഞ ആളാണെന്ന ധാരണ സൃഷ്ടിക്കരുത്.

4. എല്ലാ വിവരങ്ങളും ഒറ്റയടിക്ക് പറയാൻ ശ്രമിക്കരുത് .

നിങ്ങൾ മകനെ മുറിയിലേക്ക് വിളിപ്പിച്ച് അവനോട് വളരെ വലിയ രീതിയിൽ ചർച്ച നടത്തിയെന്ന് വരാം. എന്നാൽ, എല്ലാ വിവരങ്ങളും ഒറ്റയടിക്ക് പകർന്നു നൽകാനുള്ള ശ്രമം നടത്തരുത്. ടിവി, സിനിമകൾ, വ്യക്തിപരമായ വിവരങ്ങളും നിങ്ങൾക്കു ചുറ്റുമുള്ള സംഭവങ്ങളും എല്ലാം ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചു മനസ്സിലാക്കി നൽകാനായി ഉപയോഗിക്കാം. ഉദാഹരണത്തിന്, ടിവിയിൽ ലൈംഗികതയുമായി ബന്ധപ്പെട്ട പരിപാടി വന്നാൽ ചാനൽ മാറ്റി ശ്രദ്ധ തിരിക്കാതെ അതെ കുറിച്ച് ചർച്ച ചെയ്യാനും മനസ്സിലാക്കാനും പ്രോത്സാഹനം നൽകുക.

ഇത്തരത്തിലുള്ള സംസാരങ്ങൾ നിങ്ങളുടെ മകനിൽ വിജ്ഞാനവും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള മൂല്യങ്ങളും വളർത്തിയെടുക്കാൻ സഹായകമാവും. നിങ്ങളുടെ മകൻ നിങ്ങളിൽ വിശ്വസിക്കണം. ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് സംശയവും ഉത്കണ്ഠയും നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്ന വിശ്വാസം അവനിൽ ഉണ്ടാക്കണം.

5. ശരിയായ ഭാഷ ഉപയോഗിക്കുക

ലിംഗം, യോനി, ഗർഭനിരോധന ഉറ എന്നിവയെ കുറിച്ച് സംസാരിക്കുമ്പോൾ ശാസ്ത്രീയവും ശരീരശാസ്ത്രപരവുമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇവയെ ദ്യോതിപ്പിക്കുന്ന മറ്റു പദങ്ങൾ ഉപയോഗിക്കുന്നതിലൂടെ വസ്തുതകൾ മനസ്സിലാക്കാൻ കുട്ടിക്ക് വിഷമതകൾ അനുഭവപ്പെട്ടേക്കാം. ഇത്തരം ആശയക്കുഴപ്പങ്ങൾ ഭാവിയിൽ ലജ്ജാകരമായ സാഹചര്യങ്ങൾക്ക് കാരണമായേക്കാം. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വിഷയാധിഷ്ഠിതവും ലളിതവും ആയിരിക്കണമെന്ന കാര്യം മറക്കരുത്.

6. ചോദ്യങ്ങൾ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

ലൈംഗികതയുമായി ബന്ധപ്പെട്ട ചർച്ചയിൽ രണ്ടു പേർക്കും സജീവ പങ്കാളിത്തമുണ്ടായിരിക്കണം. അവരുടെ ചോദ്യങ്ങൾ മനസ്സിലാക്കുകയും അവർക്ക് സംസാരിക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുക. മകന് ഈ വിഷയത്തിൽ അറിയേണ്ടത് എന്തെന്ന് മനസ്സിലാക്കുക. ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പറയുന്നതിന് നിങ്ങൾക്ക് സാധിച്ചില്ല എന്ന് വരാം.

ഈ അവസരങ്ങളിൽ, അതേ കുറിച്ച് മനസ്സിലാക്കിയ ശേഷം കൃത്യമായ ഉത്തരം നൽകാമെന്ന ഉറപ്പ് നൽക്കുകയും അത് പാലിക്കുകയും വേണം. നിങ്ങൾ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് മനസ്സിലായാൽ അവൻ കൂടുതൽ സംശയങ്ങളുമായി വീണ്ടും നിങ്ങളെ സമീപിക്കും.

7. സഹപാഠികളിൽ നിന്നുള്ള സമ്മർദത്തെ അതിജീവിക്കാനുള്ള ഉപായങ്ങൾ പറഞ്ഞുകൊടുക്കുക .

പ്രണയം, താല്പര്യം, ബഹുമാനം എന്നിവയുമായി ബന്ധപ്പെട്ടതാണ് ലൈംഗികതയും അടുപ്പവും എന്ന് കുട്ടിക്ക് മനസ്സിലാക്കികൊടുക്കുക. ലൈംഗികതയില്ലാത്ത അടുപ്പത്തെ കുറിച്ചും പറഞ്ഞുകൊടുക്കുക. എന്തു കാരണത്താലാണ് ലൈംഗികബന്ധത്തിനായി കാത്തിരിക്കുന്നത് എന്നും തൽക്കാലം വിട്ടുനിൽക്കുന്നത് എങ്ങനെ പ്രയോജനപ്പെടുമെന്നും അവനെ പഠിപ്പിക്കുക.

കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ വിട്ടുനിൽക്കുന്നത് നല്ലതാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുക. എന്നിരിക്കിലും, നിങ്ങളുടെ കൗമാരക്കാരൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടേക്കാം എന്ന വസ്തുത അംഗീകരിക്കുക.

8. മകനെതിരെ കാർക്കശ്യ മനോഭാവം പ്രദർശിപ്പിക്കാതിരിക്കുക

എല്ലാ തരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും അനുവദിക്കുക. സത്യസന്ധമായി പെരുമാറിയാൽ ശിക്ഷിക്കപ്പെടില്ല എന്ന തോന്നൽ ഉണ്ടാക്കുക. ചില ചോദ്യങ്ങൾ, ആകസ്മികമായി കണ്ടെത്തുന്ന ചില സ്വഭാവങ്ങൾ എന്നിവയിൽ ഞെട്ടൽ പ്രദർശിപ്പിക്കാതിരിക്കുക. ലൈംഗികതയിൽ തീവ്രമായ താല്പര്യവും കൗതുകവും തോന്നുന്ന കാലമാണ് കൗമാരാവസ്ഥ. കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പത്തിന്റെ കാലം കൂടിയാണിത്.

മകന്റെ മുറിയിൽ നിന്ന് അശ്ലീലതയുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്നു വരാം അല്ലെങ്കിൽ അവൻ സ്വയംഭോഗം ചെയ്യുന്നത് അപ്രതീക്ഷിതമായി കണ്ടെന്നു വരാം. ഇത് അസാന്മാർഗികമാണെന്നോ ലജ്ജാകരമാണെന്നോ തോന്നുന്ന രീതിയൊൽ പെരുമാറരുത്. ഈ അവസ്ഥയിൽ കുറ്റബോധം തോന്നുകയാണെങ്കിൽ, അത് ഭാവിയിൽ ലൈംഗിക സ്വഭാവത്തെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

9. ലൈംഗിക വിദ്യാഭ്യാസത്തിനുള്ള വിഭവങ്ങൾ നൽകുക .

പ്രായത്തിന് അനുസൃതമായി, ലൈംഗിക വിദ്യാഭ്യാസത്തെ സഹായിക്കുന്ന പുസ്തകങ്ങളും സിഡികളും ലഭ്യമാണ്. മകനുമായുള്ള സംസാരത്തിനിടെ ഇവയും നൽകാം. അതേസമയം, കൂടുതൽ സംസാരമാണ് വേണ്ടത് എന്നും സഹായ വസ്തുക്കൾ അതിനെ പിന്തുണയ്ക്കാൻ വേണ്ടി മാത്രമായിരിക്കണമെന്നും മനസ്സിലാക്കുക.