ഗജരാജ കുലപതി ഗജഗന്ധര്‍വന്‍ ഗുരുവായൂര്‍ കേശവൻ

നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയിലാണ് കുട്ടിയായ കേശവന്‍ വീണത്. ഐശ്വര്യം കത്തിനില്‍ക്കുന്ന നിലമ്പൂര്‍ കോവിലകത്തിന്റെ മുറ്റത്ത്, കോവിലകം വക പന്ത്രണ്ടാമത്തെ ആനയായി കേശവന്‍ വന്നു. ആയിടയ്ക്കാണ്, മലബാറിലാകമാനം അസ്വാസ്ഥ്യങ്ങളുയര്‍ത്തിയ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍…

നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയിലാണ് കുട്ടിയായ കേശവന്‍ വീണത്. ഐശ്വര്യം കത്തിനില്‍ക്കുന്ന നിലമ്പൂര്‍ കോവിലകത്തിന്റെ മുറ്റത്ത്, കോവിലകം വക പന്ത്രണ്ടാമത്തെ ആനയായി കേശവന്‍ വന്നു.
ആയിടയ്ക്കാണ്, മലബാറിലാകമാനം അസ്വാസ്ഥ്യങ്ങളുയര്‍ത്തിയ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നിലമ്പൂര്‍ വലിയ രാജാവ് സകുടുംബം തൃശൂര്‍ക്ക് താമസം മാറ്റി. ആത്മരക്ഷാര്‍ത്ഥമുള്ള പലായനംതന്നെ. സ്വത്തുവഹകളും ആനകളേയും സംരക്ഷിക്കുന്ന ചുമതല കാര്യസ്ഥനായ ഒരു പണിക്കരെ ഏല്‍പ്പിച്ചു.
അതുകൊണ്ട് പക്ഷേ ഫലമുണ്ടായില്ല.
പണിക്കര്‍ ലഹളയില്‍ വധിയ്ക്കപ്പെട്ടു. വലിയതമ്പുരാന്‍ പരിഭ്രാന്തനായി. ഇനി എന്തുചെയ്യും? സര്‍വ്വനാശത്തിന്റെ കരിനിഴലുകളാണ് കണ്മുന്നില്‍. അന്നൊരു ദിവസം, ആ ശുദ്ധഹൃദയന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു: “എന്റെ ഗുരുവായൂരപ്പാ, ആനകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവഹകള്‍ തിരിച്ചുകിട്ടിയാല്‍ ഒരു ആനയെ ഗുരുവായൂരപ്പന് വഴിപാട് ചെയ്യാം…”
ആ പ്രാര്‍ത്ഥന ഫലിച്ചു. ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചു.
അങ്ങിനെയാണ് 1922 ജനുവരി നാലാം തീയ്യതി കേശവന്‍ എന്ന കുട്ടിക്കൊമ്പന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.
ഗുരുവായൂരപ്പന്റെ ഭക്തന്മാര്‍ക്കിടയില്‍ ‘അഷ്ടപദി തിരൂപ്പാട്’ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന പരേതനായ ഉണ്ണിരാരിച്ചന്‍ തിരുമുല്‍പ്പാട്, കേശവന്‍ എന്ന വികൃതിയെ വെള്ളയും കരിമ്പടയും വിരിച്ച് നിലമ്പൂര്‍ തമ്പുരാന്‍ നടയിരുത്തി കളഭം കഴിച്ച രംഗം നേരില്‍ കണ്ട വ്യക്തിയാണ്.
പില്‍ക്കാലത്ത് കേശവന്റെ ഒരു അടുത്ത ചങ്ങാതിയും ആരാധകനുമായി മാറിയ തിരുമുല്‍പ്പാട്, അന്നത്തെ രംഗം ഒരിക്കല്‍ ഈ ലേഖകനോട് വിവരിക്കുകയുണ്ടായി:
‘ദേ, അന്നത്തെ കേശവന്‍ ഇത്രയേയുണ്ടായിരുന്നുള്ളു- നല്ലൊരു മൂരിക്കുട്ടിയുടെ വലിപ്പം.’ തിരുമുല്‍പ്പാട് അംഗവിക്ഷേപങ്ങളോടെ തുടര്‍ന്നു: ‘വിശേഷവിധിയായി ഒന്നുമില്ലാത്ത ഒരു കൊമ്പന്‍കുട്ടി, എന്നാല്‍ മുഖത്തിനൊരു ശ്രീത്വമുണ്ടായിരുന്നു, കൊമ്പിനു ഭംഗിയും…’
ആകാരഗാംഭീര്യംകൊണ്ടും ആകെപ്പാടെയുള്ള ആനച്ചന്തംകൊണ്ടും അതുല്യനായ ഗുരുവായൂര്‍ പത്മനാഭന്‍ (ഗുരുവായൂര്‍ കേശവന്റെയും കാരണവര്‍) അക്ഷരാര്‍ത്ഥത്തില്‍ അരങ്ങുഭരിയ്ക്കുന്ന കാലഘട്ടത്തിലാണ് കേശവന്‍ വന്നത്.
പില്‍ക്കാലത്ത് പക്ഷേ, കേശവന്റെ പേരും പെരുമയും പത്മനാഭന്റേതിനേക്കാള്‍ പതിന്മടങ്ങു വളര്‍ന്നു.
വന്നകാലത്ത് മിക്കവാറും സമയം കേശവന്‍ ക്ഷേത്രത്തില്‍ത്തന്നെയായിരുന്നു.
രണ്ടുനേരവും ശീവേലിയും എഴുന്നള്ളിപ്പും. (അക്കാലത്ത് അത്താഴശ്ശീവേലിയ്ക്ക് ആനയുണ്ടായിരുന്നില്ല.) തിടമ്പ് ശിരസ്സില്‍ വെച്ചാല്‍ തല ആവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ പാപ്പാന്മാര്‍ നിര്‍ബന്ധിക്കും. പിന്നീടതൊരു പതിവായി.
തിടമ്പ് അല്ലെങ്കില്‍ കോലം തലയില്‍വെച്ചാല്‍ പിന്നെ കേശവന്റെ തല ആവുന്നത്ര ഉയരും. പില്‍ക്കാലത്ത് ഏതു കൊലകൊമ്പന്മാരുടെ നടുക്കും ഏറ്റവും വലിയ, ഏറ്റവും അധികം തലയെടുപ്പുള്ള പ്രമാണക്കാരനായി കേശവന് നിലനില്‍ക്കാന്‍ സാധിച്ചതിന്റെ ബാലപാഠം അങ്യസിച്ചതിങ്ങനെയാണ്.
പിന്നെ അതൊരു നിത്യശീലമായി; മാത്രമല്ല, ആ തലയെടുപ്പ് എഴുന്നള്ളിപ്പിലെ ഒരു കലയായി കേശവന്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു. കോലം തലയില്‍വെച്ചാല്‍, കേശവന്‍ ഇടത്തും വലത്തും നില്‍ക്കുന്ന പറ്റാനകളെ ഒന്നു നോക്കും. പിന്നെ, ഒരു തലയുയര്‍ത്തലാണ്! ആ ഉയര്‍ന്ന നില്‍പ് എത്ര മണിക്കൂര്‍ വേണമെങ്കിലും ആവാം.
ആ തല പിന്നെ അല്‍പം താഴണമെങ്കില്‍ കോലം ഇറക്കണം.
പ്രായപൂര്‍ത്തിയായപ്പോള്‍, കേശവന് ഒരു ഓമനപ്പേര്(അതോ ചീത്തപ്പേരോ?) വീണു. ഭ്രാന്തന്‍ കേശവന്‍! ഇടക്കിടെ മദം ഇളകിയിരുന്നവെന്നതാണിതിനുകാരണം. കേശവന് മദമിളകുക എന്നു പറഞ്ഞാല്‍, അത് കേവലം മദപ്പാടിലാവുകയൊന്നുമല്ല. ശരിക്കും ഇളക്കംതന്നെ. തനി നട്ടുച്ചഭ്രാന്ത്. പിന്നെ ഇന്നതേ കാട്ടിക്കൂട്ടൂ എന്നില്ല. അങ്ങനെയാണ് ‘ഭ്രാന്തന്‍ കേശവന്‍’ ആയത്.
ഈ ഭ്രാന്തു മാറാനായി പല ചികിത്സകളും ചെയ്തു. ഫലിച്ചില്ല. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ത്തന്നെ നാല്‍പ്പത്തൊന്നു ദിവസം ഭജനം നടത്തി എല്ലാ ദിവസവും നെയ്യ് ജപിച്ചുകൊടുത്തു. ഏതായാലും അതോടെ ഭ്രാന്ത് മാറി.
ഒരു അപകടമരണത്തെത്തുടര്‍ന്ന് അന്നത്തെ ഗജരത്നം പത്മനാഭന്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ആ സ്ഥാലത്ത് കേശവന്‍ അവരോധിക്കപ്പെട്ടു.
ആ പദവിയുടെ പ്രാധാന്യവും ഗാംഭീര്യവും ഗൌരവവും കേശവന്‍ ശരിയ്ക്കും മനസ്സിലാക്കി. ഒന്നുരണ്ടുകൊല്ലത്തിനകം, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏത് എഴുന്നള്ളിപ്പിലും ഒന്നാമന്‍ കേശവനായി.
കേശവന്‍ ഇങ്ങോട്ടും കേശവനെ അങ്ങോട്ടും അതിരറ്റ് സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന രണ്ടു വിദഗ്ധ പാപ്പാന്മാരായിരുന്നു മാണിനായരും, ചെറിയ അച്യതന്‍നായരും. ഏതാണ്ട് കേശവന്റെ അത്ര തലയെടുപ്പോടെ, നെഞ്ചുവിരിച്ച്, കൊമ്പുപിടിച്ച് എഴുന്നള്ളിപ്പിന് നിന്നിരുന്ന കരുത്തനായ മാണിനായരുടെ ചിത്രം ഇന്നും ഓര്‍മ്മയിലുണ്ട്.
ചെറിയ അച്യുതന്‍നായര്‍ക്ക് തണ്ടും തടിയും കുറവായിരുന്നു. പക്ഷെ, നാല്‍പതുകൊല്ലക്കാലം കേശവനെ സ്വന്തം മകനെയെന്നപോലെ ശുശ്രൂഷിച്ച അച്യുതന്‍നായരും കേശവനും തമ്മിലുള്ള ബന്ധവിശേഷം വിവരിക്കാനാവില്ല. ‘മോനേ, കേശവന്‍കുട്ട്യേ’ എന്നല്ലാതെ അച്യുതന്‍നായര്‍ വിളിക്കാറില്ല.
ആ വിളികേട്ടാല്‍, കേശവന്‍ തലതാഴ്ത്തും; അപ്പോള്‍ അച്യുതന്‍നായര്‍ കേശവന്റെ കീഴ്ത്താടി പിടിച്ച് ചൊറിയുകയും കുശലപ്രശ്നം നടത്തുകയും ചെയ്യും. എല്ലാംകേട്ട്, വലിയ സന്തോഷമായി എന്ന അര്‍ത്ഥത്തില്‍ കേശവന്‍ തലയാട്ടും, ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കും!