ഗജരാജ കുലപതി ഗജഗന്ധര്‍വന്‍ ഗുരുവായൂര്‍ കേശവൻ

ചിലര്‍ കേശവന്റെ തുമ്പിക്കൈ കെട്ടിപ്പിടിച്ച് സന്തോഷം സഹിക്കാതെ പൊട്ടിക്കരഞ്ഞു. ചിലര്‍ ഭയാശങ്കയില്ലാതെ കൊമ്പിന്മേല്‍ മാലകള്‍ ചാര്‍ത്തി. അവിലും മലരും പഴവും ശര്‍ക്കരയും നാളികേരവും കുന്നുകൂട്ടി. എല്ലാംകണ്ടും കേട്ടും രസിച്ച്, ചെവിയാട്ടി കേശവന്‍ നിന്നു- ഇന്ന്…

ചിലര്‍ കേശവന്റെ തുമ്പിക്കൈ കെട്ടിപ്പിടിച്ച് സന്തോഷം സഹിക്കാതെ പൊട്ടിക്കരഞ്ഞു. ചിലര്‍ ഭയാശങ്കയില്ലാതെ കൊമ്പിന്മേല്‍ മാലകള്‍ ചാര്‍ത്തി. അവിലും മലരും പഴവും ശര്‍ക്കരയും നാളികേരവും കുന്നുകൂട്ടി. എല്ലാംകണ്ടും കേട്ടും രസിച്ച്, ചെവിയാട്ടി കേശവന്‍ നിന്നു- ഇന്ന് നിങ്ങളുടെ ദിവസമാണ്, ഞാന്‍ നിന്നുതരുന്നു എന്ന മട്ടില്‍.
ജ്വലിച്ചുനിന്ന ആവേശത്തിരയിളക്കത്തിനിടയില്‍, കേശവനെ ഗജരാജപട്ടം ചാര്‍ത്തിയപ്പോള്‍ കിഴക്കെ ഗോപുരനട ആഹ്ളാദപ്രകടനങ്ങളാല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു! ആ ഗജരാജപട്ടം ചാര്‍ത്തി, നടയില്‍ കയറി നിന്ന്, ശ്രീലകത്തേക്ക് നോക്കി, കേശവന്‍ മൂന്നുവട്ടം തൊഴുതു. അപ്പോള്‍ പുറത്തുനില്‍ക്കുന്ന കേശവന്റേയും അകത്തുള്ള കേശവനുണ്ണിയുടേയും മിഴികള്‍ നിറഞ്ഞിട്ടുണ്ടാവില്ലേ?
ഇനി, അഭിനവ ഗജേന്ദ്രമോക്ഷം. 1976 ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിളക്ക് പൊടിപൊടിച്ചു നടക്കുന്ന നവമിരാത്രി. എങ്ങും നെയ്വിളക്കിന്റെ പ്രഭാപൂരം.
വിളക്കിനെഴുന്നള്ളിച്ചു. കര്‍പ്പൂരനാളങ്ങള്‍ പ്രദക്ഷിണവഴിയില്‍ വിടര്‍ന്നു. അഷ്ടഗന്ധം പുകഞ്ഞു. ചന്ദനത്തിരികള്‍ പരിമളം പൊഴിച്ചു. ഇടക്കവാദ്യത്തിന്റെ ലയത്തില്‍ നാഗസ്വരമുയര്‍ന്നു. സ്വര്‍ണ്ണക്കോലം ശരസ്സിലേന്തിയ ഗജരാജന്‍ കേശവന്‍ പതിവുപോലെ നടുക്കു തലയുയര്‍ത്തിനിന്നു.
പെട്ടെന്നാണ് പലരും കണ്ടത്: കേശവന്‍ അതാ കിടുകിടാ വിറയ്ക്കുന്നു. ശരീരം കുഴയുന്നു…
എങ്ങും പരിഭ്രമം, ഉത്കണ്ഠ, ആശങ്കകള്‍… വളരെ പെട്ടെന്ന് കോലം ഇറക്കി.
കേശവനെ പതുക്കെ നടത്തി തെക്കെ നടയിലെ കോവിലകംപറമ്പിലെത്തിച്ചു. അന്ന് വേച്ചുവേച്ച് കേശവന്‍ കിഴക്കെ ഗോപുരം കടന്നു പുറത്തുപോയപ്പോള്‍ അത് അവസാനത്തെ യാത്രയുടെ തുടക്കമായിരുന്നുവെന്ന് ആരും കരുതിയിരിക്കാനിടയില്ല.
പിറ്റെദിവസം ദശമി. ഗുരുവായൂരും പരിസരവും ഏകാദശി ഉത്സവത്തിന്റെ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോഴും, എവിടേയും ഒരു ഗദ്ഗദം; കേശവന് അസുഖം ഏറിവരുന്നു!
വിദഗ്ധ ചികിത്സകള്‍ പലതും ചെയ്തു. കേശവന്‍ തിന്നാതെ, കുടിയ്ക്കാതെ, അനങ്ങാതെ, ഒരേനില്‍പ്പ്. ക്ഷേത്രം നോക്കി, സ്വര്‍ണ്ണക്കൊടിമരം നോക്കി നിറമിഴികളോടെ ഒരേ നില്‍പ്പ്!
രാത്രിയായി, ദശമിവിളക്ക് അത്യാര്‍ഭാടത്തോടെ സമാപിച്ചു. നേരം പുലരുന്നു. ഏകാദശിദിവസം. അര്‍ജ്ജുനന്‍ ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച ദിവസം. സാക്ഷാല്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്, ഭഗവാനെ കണ്‍മുന്നില്‍ കണ്ട്, കണ്ഠമിടറി ‘അഗ്രേപശ്യാമി’ എന്ന് പാടിയ ദിവസം.
ബ്രാഹ്മമുഹൂര്‍ത്തം. കുളിരിളം കാറുപോലെ ഉച്ചഭാഷിണിയിലൂടെ, നാരായണീയം ഒഴുകിവന്നു. അപ്പോഴാണ് ഇടിത്തീ വന്നുവീണതുപോലെ ആ നടുക്കുന്ന വാര്‍ത്ത കേട്ടത്. “കേശവന്‍.. നമ്മുടെ കേശവന്‍… പോയി… കേശവന്‍ മരിച്ചു…”
അതെ, കേശവന്‍ ചെരിഞ്ഞു എന്നല്ല, മരിച്ചു എന്നാണ് ആളുകള്‍ സഗദ്ഗദം പറഞ്ഞത്!
സുഹൃത്തുക്കളോടൊപ്പം ഞാനും ഓടി. കോവിലകം പറമ്പില്‍ച്ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച; ക്ഷേത്രത്തിലെ കൊടിമരം നോക്കി തുമ്പിക്കൈ നീട്ടി ഗജരാജന്‍ കേശവന്‍ നമസ്കരിച്ചുകിടക്കുന്നു! അവസാനത്തെ സാഷ്ടാംഗപ്രണാമം! ആ തുമ്പിക്കൈയ്യില്‍ ഒരു ചെന്താമരപ്പൂവും ഉണ്ടായിരുന്നുവോ? ഉണ്ടാവാം- നമുക്കതു കാണാനുള്ള കണ്ണില്ലല്ലോ….