ഗജരാജ കുലപതി ഗജഗന്ധര്‍വന്‍ ഗുരുവായൂര്‍ കേശവൻ

അച്യുതന്‍നായര്‍ കേശവനെ അങ്ങിനെ അടിയ്ക്കാറില്ല. എന്നാല്‍ ഇടതുകൈകൊണ്ടൊരു പൂശ് പൂശിയാല്‍ അത്രവേഗം മറക്കാനും പറ്റില്ല. അടിച്ചാലുടന്‍ അച്യുതന്‍ നായര്‍ക്ക് സങ്കടമാവും. പിന്നെ തുമ്പിക്കൈ കെട്ടിപ്പിടിയ്ക്കും, കരയും. മുന്‍കാലുകള്‍ തലോടിയും ‘സാരമില്ലെടാ മോനേ…’ തുടങ്ങിയ ആശ്വാസവചനങ്ങള്‍.…

അച്യുതന്‍നായര്‍ കേശവനെ അങ്ങിനെ അടിയ്ക്കാറില്ല. എന്നാല്‍ ഇടതുകൈകൊണ്ടൊരു പൂശ് പൂശിയാല്‍ അത്രവേഗം മറക്കാനും പറ്റില്ല. അടിച്ചാലുടന്‍ അച്യുതന്‍ നായര്‍ക്ക് സങ്കടമാവും. പിന്നെ തുമ്പിക്കൈ കെട്ടിപ്പിടിയ്ക്കും, കരയും. മുന്‍കാലുകള്‍ തലോടിയും ‘സാരമില്ലെടാ മോനേ…’ തുടങ്ങിയ ആശ്വാസവചനങ്ങള്‍. അതുകേട്ടാല്‍ കേശവനു സങ്കടമാവും.
മാണിനായരെ കേശവന് ശരിയ്ക്കും ഭയമായിരുന്നു. ആ മരക്കോലുകൊണ്ട് ഒന്നു തോണ്ടിയാല്‍ മതി, ഏതു ആനയും മൂത്രമൊഴിച്ചുപോകും.
സ്വഭാവത്തില്‍ കേശവന് പല സവിശേഷതകളുമുണ്ടായിരുന്നു. തിടമ്പ് എഴുന്നള്ളിക്കാന്‍ മാത്രമേമുന്‍കാലുകള്‍ മടക്കുകയുള്ളു.
ക്ഷേത്രത്തിനകത്തായാലും പുറത്തായാലും പാപ്പാന്‍ പുറത്തുകയറി ഇരിക്കുന്നത് ഇഷ്ടമല്ല. അടി സഹിക്കും, എന്നാല്‍ ശകാരം സഹിക്കില്ല. ഏതു ഉത്സവത്തിനു ചെന്നാലും കോലം തന്റെ ശിരസ്സില്‍ത്തന്നെ വേണം.
ഒരിക്കല്‍, ചെറിയ അച്യുതന്‍ നായര്‍ ഈ ലേഖകനോട് പറഞ്ഞ ഒരു കഥ ഓര്‍മ്മ വരുന്നു: കൊടുങ്ങല്ലൂരിനടുത്ത തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവം. കേശവനും വേറെ ആനകളുമുണ്ട്. പ്രമാണി കേശവന്‍തന്നെ. ഒരുദിവസം, കേശവനേക്കാള്‍ ഉയരമുള്ള ഒരു ആന വന്നു. സ്വാഭാവികമായും തിടമ്പ് ഏത് ആനയുടെ പുറത്ത് എഴുന്നള്ളിക്കണം എന്നതൊരു തര്‍ക്കവിഷയമായി. നാട്ടുകാര്‍ രണ്ടു ചേരിയായി. അവസാനം ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നു. നെറ്റിപ്പട്ടം കെട്ടാതെ, രണ്ട് ആനകളേയും അടുത്തടുത്തു നിര്‍ത്തി ഉയരം അളക്കുക. കൂടുതല്‍ ഉയരമുള്ള ആനയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിക്കാം.
അതനുസരിച്ച് കേശവനേയും എതിരാളിയേയും അടുത്തടുത്തു നിര്‍ത്തിനോക്കിയപ്പോള്‍ അച്യുതന്‍നായരും അന്തംവിട്ടു; മറ്റേ ആനയ്ക്ക് കേശവനേക്കാള്‍ അല്‍പം ഉയരംകൂടും! അച്യുതന്‍ നായര്‍ ആ രംഗം വര്‍ണ്ണിക്കുന്നു:
“എന്നിട്ടും ഞങ്ങള് വിട്ടുകൊടുത്തില്ല. കോലം വച്ച് ഉയരം നോക്കണം എന്ന് ശഠിച്ചു. എല്ലാവരും സമ്മതിച്ചു. ഉടനെ രണ്ടുകോലം കൊണ്ടുവന്നു. കേശവന്റെ ശിരസ്സില്‍ കോലം കയറ്റിയപ്പോള്‍, ഞാന്‍ എന്റെ മോന്റെ മുഖത്തുനോക്കി, നെഞ്ചത്തടിച്ച് കരഞ്ഞുപറഞ്ഞു: “മോനേ, ചതിക്കൊല്ലെടാ കേശവന്‍കുട്ട്യേ…!” അതു കേള്‍ക്കേണ്ട താമസം അതാ ഉയരുന്നു കേശവന്റെ ശിരസ്സ്, ആകാശത്തോളം. മറ്റെ ആനയുടെ തല പിന്നെ പൊന്തിയിട്ടില്ല.”
അത്രയും പറഞ്ഞപ്പോഴേക്കും അച്യുതന്‍ നായരുടെ കണ്ണുനിറഞ്ഞു; ശബ്ദം ഇടറി.
ഇണങ്ങിയാലും പിണങ്ങിയാലും കേശവന്റെ ചിട്ടയും ചടങ്ങും ബഹുകേമമാണ്. അനാവശ്യമായി പണിയെടുക്കുന്നത് കേശവന്റെ ഇഷ്ടമല്ല.(ആവശ്യത്തിന് എത്ര വേണമെങ്കിലും അധ്വാനിക്കും. ഇപ്പോഴത്തെ കൊടിമരത്തിനുള്ള പടുകൂറ്റന്‍ മരം ചാവക്കാടുനിന്ന് കേശവന്‍ ഒറ്റയ്ക്കാണ് വലിച്ചുകൊണ്ടുവന്നത്.) മദം ഇളകിയാലും ആരേയും ഉപദ്രവിക്കില്ല. ആരേയും കൊന്നിട്ടുമില്ല.
“ലക്ഷണപ്രകാരം കേശവന്‍ ബ്രാഹ്മണകുലജാതനാണ്.” കേശവനെ അടുത്തറിയാവുന്ന വ്യക്തിയും മാതംഗലീല എന്ന ശാസ്ത്രഗ്രന്ഥം കമ്പോടുകമ്പ് തോന്നുന്ന സര്‍വ്വകലാവല്ലഭനായ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഒരിക്കല്‍ പറഞ്ഞു; ‘അതുകൊണ്ട് ആവന്‍ ആരേയും കൊല്ലാതിരുന്നത്. സാധുവായ പ്രകൃതം- മുന്‍ശുണ്ഠിയുണ്ടാവാം…’
ഗുരുവായൂരില്‍ നിന്ന് എത്ര അകലെ ഏതു എഴുന്നള്ളിപ്പിനു പോയാലും, തനിക്കുവേണ്ട എന്നു തോന്നിയാല്‍ ആ നിമിഷം കേശവന്‍ ഗുരുവായൂര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുനടക്കും. ആരു തടഞ്ഞിട്ടും കാര്യമില്ല.
ഒരിക്കല്‍ തൃശൂരിനടുത്ത് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍ പൂയം എഴുന്നള്ളിപ്പിന് കൊണ്ടുപോവുകയായിരുന്നു. പുഴയ്ക്കല്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ കേശവനു തോന്നി, മതി, ഗുരുവായൂര്‍ക്ക് മടങ്ങാം എന്ന്. പിന്നെ താമസമുണ്ടായില്ല, തിരിഞ്ഞൊരു നടത്തം! സമയം രാത്രി. എതിരെ വന്ന ബസുകള്‍ക്കും കാറുകള്‍ക്കും ലോറികള്‍ക്കും മറ്റും ക്ളീനായി സൈഡ് കൊടുത്ത് മെയിന്റോഡിലൂടെ രാജകീയമായ തിരിച്ചെഴുന്നള്ളത്ത്! ആനക്കാരും ആള്‍ക്കൂട്ടവും പിന്നില്‍. പുലര്‍ച്ചയ്ക്ക് കേശവന്‍ ഗുരുവായൂരിലെത്തി. നേരെ ക്ഷേത്രത്തിനകത്തു കടന്ന് വടക്കുഭാഗത്ത് അടങ്ങിയൊതുങ്ങി നിന്നു. വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ.
അനിതരസാധാരണമായ തലയെടുപ്പുകാരണം ഉത്സവക്കമ്മിറ്റിക്കാര്‍ കേശവനെ കിട്ടാന്‍ അക്കാലത്ത് വാശിയോടെ മത്സരിച്ചുകൊണ്ടിരുന്നു.
എത്ര വലിയ സംഖ്യ ഏക്കം കൊടുക്കാനും അവര്‍ തയ്യാറായി. ഈ മത്സരമനോഭാവം തൃശൂര്‍പൂരത്തിലെ പ്രധാനവിഭാഗങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വക്കാരിലും വല്ലാത്ത വാശിയായി വളര്‍ന്നു. പിന്നീട് എം.കെ. രാജാ ദേവസ്വം മാനേജരായി വന്നപ്പോഴാണ് അസുഖകരമായ ഈ മത്സരം ഒഴിവാക്കിയതും കേശവനെ ഓരോ വര്‍ഷവും ഓരോ വിഭാഗത്തിന് നല്‍കാം എന്ന വ്യവസ്ഥയുണ്ടാക്കിയതും.
അത്യപൂര്‍വ്വമായ ഒരു പട്ടത്താനത്തിന്റെ കഥ കൂടി പരയാതിരിക്കാന്‍ വയ്യ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേശവന്‍ അരനൂറ്റാണ്ടുകാലത്തെ സേവനം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മയ്ക്ക് ‘ഗജരാജപട്ടം’ സമ്മാനിച്ച ആ സംഭവം. 1973ല്‍. കേശവന്റെ അറുപതാം പിറന്നാളാഘോഷവും അന്നായിരുന്നു. ആനത്തറവാടുകളില്‍ ഇന്നുവരെ ഒരു കാരണവര്‍ക്കും കിട്ടിയിട്ടില്ലാത്ത സ്നേഹാദരങ്ങള്‍, അനുമോദനഘോഷയാത്ര, അകമ്പടി വാദ്യമേളങ്ങള്‍, ആനസദ്യ, അവാര്‍ഡ്ദാനം…
അനന്തരാവകാശികളായ ഇരുപതിലേറെ ആനകളുടേയും വാദ്യമേളങ്ങളുടേയും ആവേശംകൊണ്ട് തുള്ളിച്ചാടുന്ന ആരാധകരുടേയും അകമ്പടിയേടെ കേശവന്‍, ഗാംഭീര്യമേതും വിടാതെ കിഴക്കെ നടയിലെ ദീപസ്തംഭത്തിനടുത്തെത്തി നിന്ന രംഗം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. സ്നേഹവാത്സല്യങ്ങളുടെ ആധിക്യത്തില്‍ ആണ്ടുമുങ്ങിയ ജനക്കൂട്ടം, കേശവന്‍ ഒരു ആനയാണെന്ന പരമാര്‍ത്ഥംപോലും മറന്നതുപോലെയാണ് പെരുമാറിയത്.