ഗജരാജ കുലപതി ഗജഗന്ധര്‍വന്‍ ഗുരുവായൂര്‍ കേശവൻ

“ഏതാനും വര്‍ഷംമുമ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ ഭരതന്‍ എന്നൊരു ആനയുണ്ടായിരുന്നു. കാഴ്ചയില്‍ ഒട്ടും സുമുഖനല്ല. തലയെടുപ്പുമില്ല. കാഴ്ക്കൊമ്പനാണുതാനും. എന്നാല്‍ എട്ടോ പത്തോ ആളുകള്‍ക്ക് സുഖമായി കയറി ഇരിയ്ക്കാവുന്നത്ര വിശാലമായിരുന്നു ആനപ്പുറം. ഈവക കാരണങ്ങളാല്‍ ഗ്ളാമറുള്ള കൊമ്പന്മാരുടെ…

“ഏതാനും വര്‍ഷംമുമ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ ഭരതന്‍ എന്നൊരു ആനയുണ്ടായിരുന്നു. കാഴ്ചയില്‍ ഒട്ടും സുമുഖനല്ല. തലയെടുപ്പുമില്ല. കാഴ്ക്കൊമ്പനാണുതാനും. എന്നാല്‍ എട്ടോ പത്തോ ആളുകള്‍ക്ക് സുഖമായി കയറി ഇരിയ്ക്കാവുന്നത്ര വിശാലമായിരുന്നു ആനപ്പുറം. ഈവക കാരണങ്ങളാല്‍ ഗ്ളാമറുള്ള കൊമ്പന്മാരുടെ ഇടയില്‍ ഭരതന് വലിയ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഭരതനെ എന്നും തന്റെ മനസിനുവെച്ച് പൂജിയ്ക്കുകയും പരസ്യമായി ആരാധിക്കുകയും ചെയ്തിരുന്ന അതിസുന്ദരിയായ ഒരു പിടിയാന അന്നു ദേവസ്വത്തിലുണ്ടായിരുന്നു.
ഏതു കൊമ്പനും കണ്ടാല്‍ ഒന്നു നോക്കിപ്പോകുന്നത്ര ‘സെക്സ് അപ്പീല്‍’ ഉള്ള ലക്ഷ്മിക്കുട്ടി.
ലക്ഷ്മിക്കുട്ടിക്ക് ഭരതനോട് അടങ്ങാത്ത കമ്പംതന്നെയായിരുന്നു. കാഴ്ചശീവേലിയ്ക്കോ, രാത്രിവിളക്കിനോ, എഴുന്നള്ളിയ്ക്കാന്‍ ക്ഷേത്രമതിലകത്ത് കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കാമുകീകാമുകന്മാരെപ്പോലെ ഇവര്‍ ഇരുവരും കാട്ടിക്കൂട്ടുന്ന ശൃംഗാരകേളികള്‍ കാണാന്‍ വകയുളഅളതായിരുന്നു. ഇവരുടെ ഈ പ്രണയം പാപ്പാന്മാര്‍ക്കും അറിയാമായിരുന്നു. അതിനാല്‍ മതിലകത്ത് ഇവരെ അടുത്തടുത്തായി മാത്രമേ നിര്‍ത്താറുള്ളു. തഞ്ചത്തില്‍ അടുത്തുകിട്ടിയാലോ, തുമ്പിക്കൈകള്‍ പരസ്പരം പിണച്ചും, ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും, അന്യോന്യം ചൊറിഞ്ഞും ഇക്കിളിയാക്കിയും തോണ്ടിയും മതിമറന്നു രസിയ്ക്കും. ചുരുക്കത്തില്‍ നല്ലൊരു ‘ലൌസീന്‍’ തന്നെ.
പലപ്പോഴും ഈ ഒരു ഘട്ടത്തിലായിരിക്കും എഴുന്നള്ളിപ്പിനായി കേശവനെ മതില്ക്കകത്തേയ്ക്ക് കൊണ്ടുവരിക.
അതുകണ്ടാല്‍ പാതി കാര്യമായും പാതി കളിയായും പാപ്പാന്മാര്‍ ഭരതനോടും ലക്ഷ്മിക്കുട്ടിയോടുമായി പറയും: “ദാ, കാരണവര്‍ വരുന്നുണ്ട്.
കളിതമാശയൊക്കെ നിര്‍ത്തിക്കോളിന്‍… മൂപ്പര് കാണണ്ട…”
കുണുങ്ങിക്കുണുങ്ങി, എന്നാല്‍ തികഞ്ഞ ഗൌരവത്തോടെ കിഴക്കെ ഗോപുരം കടന്ന് മതിലകത്തേയ്ക്ക് വരുന്ന കേശവന്റെ നിറം കണ്ടാല്‍ മതി, ഭരതനും ലക്ഷ്മിക്കുട്ടിയും അകന്നകന്നു മാറുകയായി.
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ട്.
അതെ, ജീവിതകാലമത്രയും ഗുരുവായൂര്‍ കേശവന്‍ കേരളത്തിലെ ആനകളുടെ ഇടയില്‍ ആരാധ്യനായ ഒരു കാരണവരുടെ സ്നേഹബഹുമാനാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്നു; എല്ലാ രംഗങ്ങളിലും.
കേരളത്തിലെ എന്നുവേണ്ട, ഭാരതത്തിലെത്തന്നെ നാട്ടാനകളുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു അപൂര്‍വ്വ കഥാപാത്രമാ. ഗുരുവായൂര്‍ കേശവന്റെ കഥ, ഏഷ്യയിലെ ഏറ്റവും വലിയ തേക്കുകള്‍ വളരുന്ന നിലമ്പൂര്‍ വനാന്തരഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്നു.