തമിഴ്‌നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിൽ എത്തിയപ്പോൾ ന്യുനമർദ്ദമായി മാറി…..

തമിഴ്‌നാട്ടിൽ 13 പേരുടെ ജീവൻ കവർന്ന ഗജ ചുഴലിക്കാറ്റ് കേരളത്തില്‍ ന്യൂനമര്‍ദമായി മാറിയതോടെ ഇടുക്കിയില്‍ ശക്തമായ മഴ. ശക്തമായ മഴയില്‍ മൂന്നാറിലെ വട്ടവടയിലും, നേര്യമംഗലം തട്ടേക്കണ്ണിയിലും ഉരുള്‍പൊട്ടി. മാത്രമല്ല ദേശീയ പാതയില്‍ വരെ വെള്ളം കയറുകയും…

തമിഴ്‌നാട്ടിൽ 13 പേരുടെ ജീവൻ കവർന്ന ഗജ ചുഴലിക്കാറ്റ് കേരളത്തില്‍ ന്യൂനമര്‍ദമായി മാറിയതോടെ ഇടുക്കിയില്‍ ശക്തമായ മഴ. ശക്തമായ മഴയില്‍ മൂന്നാറിലെ വട്ടവടയിലും, നേര്യമംഗലം തട്ടേക്കണ്ണിയിലും ഉരുള്‍പൊട്ടി. മാത്രമല്ല ദേശീയ പാതയില്‍ വരെ വെള്ളം കയറുകയും ചെയ്തു. അതേസമയം മാട്ടുപ്പെട്ടി ഡാമിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പല വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. മൂന്നാര്‍-മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താല്‍ക്കാലിക പാലവും തകര്‍ന്നിരിക്കുകയാണ്. ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗജ ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

ജില്ലാ ഭരണകൂടങ്ങളും പൊലീസ്, അഗ്‌നിശമനസേന, കെഎസ്‌ഇബി വകുപ്പുളും ജാഗ്രത പുലര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യാപകമായ മഴയ്ക്കു സാധ്യതയുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.