നേഴ്‌സ് ഒഴികെ ആരുമാകട്ടെയെന്നു പയ്യൻ, നേഴ്‌സിനെ വിഹാഹം കഴിക്കണ്ട ദാരിദ്യം ഇല്ലായെന്ന് വീട്ടുകാരും. ഒരു നേഴ്സിന്റെ കുറിപ്പ് ഞെഞ്ചിലേറ്റി സോഷ്യൽ മീഡിയ..

കഴിഞ്ഞ ദിവസമായിരുന്നു നേഴ്‌സ് ഡേ. നമ്മളെല്ലാവരും നേഴ്‌സുമാരെ അഭിനന്ദിച്ചുകൊണ്ടു വഴിത്തിക്കൊണ്ടും എല്ലാം ഫേസ്ബുക്കിലും വാട്സാപ്പിലുമെക്കെയായി കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടുമെല്ലാം ആ ദിവസം ഗംഭീരമായി ആചരിച്ചു. അതോടെ നമ്മുടെ ജോലിയും തീർന്നു. തൊട്ടടുത്ത ദിവസം മുതൽ…

കഴിഞ്ഞ ദിവസമായിരുന്നു നേഴ്‌സ് ഡേ. നമ്മളെല്ലാവരും നേഴ്‌സുമാരെ അഭിനന്ദിച്ചുകൊണ്ടു വഴിത്തിക്കൊണ്ടും എല്ലാം ഫേസ്ബുക്കിലും വാട്സാപ്പിലുമെക്കെയായി കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടുമെല്ലാം ആ ദിവസം ഗംഭീരമായി ആചരിച്ചു. അതോടെ നമ്മുടെ ജോലിയും തീർന്നു. തൊട്ടടുത്ത ദിവസം മുതൽ വീണ്ടും പഴയപോലെ തന്നെ കാര്യങ്ങൾ. നമ്മൾ അവരെ മറന്നു, അവരുടെ ത്യാഗങ്ങൾ മറന്നു. ഈ അവസരത്തിൽ നേഴ്‌സ് ആയ ഒരു പെൺകുട്ടി എഴുതിയ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

വീണ്ടും ഒരു നഴ്സസ് ഡേ കൂടി കടന്നുപോകുന്നു. പതിവുപോലെ കുറേ മാലാഖമാരുടെ വാഴ്ത്തുപാട്ടുകൾ, നന്ദിപറച്ചിലുകൾ, ലിനി സിസ്റ്റർക്ക് ആദരാഞ്ജലികൾ… നാളെ മുതൽ വീണ്ടും അരങ്ങൊഴിഞ്ഞു എല്ലാം പഴയപോലെ… നേഴ്സ് എന്നാൽ നമ്മുക്ക് ഒന്നുകിൽ കോമഡി ഷോകളിലെ ഇളക്കകാരിയോ, ചുറ്റികളിക്കാരിയോ… അല്ലെങ്കിൽ ക്രൂരതള്ളയോ അതുമല്ലെങ്കിൽ ശോകസിനിമകളിലെ ഡോക്ടറൊ എൻജിനീയറോ ആകാൻ കഴിയാതെ, ദാരിദ്യം മൂത്ത കുടുംബത്തെ കരകേറ്റുന്ന ദുരന്തനായികയോ.. അതുമല്ലെങ്കിൽ ഡോക്ടർക്ക് പിന്നിൽ ഒരു ട്രേയും പിടിച്ചു നിൽക്കുന്ന നിർവികാര മുഖങ്ങളാണ്. ശെരിക്കും ആരാ ഇ നേഴ്സ്?. അവർ എന്താണ് അല്ലെങ്കിൽ എന്തൊക്കെയാണ് ചെയുന്നത്?. ആശുപത്രിമുറി വൃത്തികേടായി കിടന്നതിന് നഴ്സിനെ ശകാരിച്ച മന്ത്രി, ടോയ്ലറ്റ് വൃത്തിയാക്കാൻ ഹെഡ് നഴ്‌സിനോട് പറഞ്ഞ മേലുദ്യോഗസ്ഥൻ, ട്രെയിനി ആയ നഴ്‌സിനെ കട്ടിലിൽ കിടത്തി ശിക്ഷ നടപ്പാക്കിയ ഡോക്ടർ… കേവലം 20000രൂപ മാസശമ്പളത്തിനു തെരുവിൽ മക്കളെയും പിടിച്ചു സമരം ചെയുന്ന കാവൽമാലാഖമാർ.. മഹാരോഗം കേരളത്തിൽ പറന്നിറങ്ങിയപ്പോഴും രക്തസാക്ഷിയായതു ഒരു പാവം നഴ്‌സ്‌… ഒരു പക്ഷെ ശകാരിച്ച, മതിപ്പു കുറവാണെന്നു പറഞ്ഞ മന്ത്രിക്കു തന്നെ 17ഇൽ പരം നഴ്സ് മാരെ ആദരിക്കേണ്ടിവന്നത് കാലം കാത്തുവച്ച കാവ്യനീതി ആവാം.. കഴിഞ്ഞ ഒരു വർഷo കേരളം കണ്ട കാഴ്ചകളാണിവ.. ഇ ദിനമെങ്കിലും ഇ പറഞ്ഞവയൊക്കെ ഓർക്കുന്നത് നന്നാവും… നമ്മളെ കാക്കുന്ന കാവൽമാലാഖമാരെ നമ്മൾ എത്ര സംരക്ഷിച്ചു, നമ്മൾ എത്ര നന്ദിപറഞ്ഞു, വഴക്കിട്ടു, സിസ്റ്റർ എന്നു വിളിച്ചു കൊണ്ട് എത്ര അശ്ലീല നോട്ടങ്ങളെറിഞ്ഞു, എത്ര കോമഡിഷോകളിൽ പരിഹസിച്ചു ചിരിച്ചു… ഇന്ന് ഇന്നുമാത്രമെങ്കിലും ഒന്നു തിരിഞ്ഞുനോക്കാം കഫത്തിന്റെയും ഛർദിയുടെയും വിസർജ്യങ്ങളുടെയും ഗന്ധം നിറഞ്ഞ.. വേദനയുടെയും വിധിവിളയാട്ടങ്ങളുടെയും ആശുപത്രിഅകത്തളങ്ങളിൽ നിങ്ങൾക്കൊക്കെ എത്ര നേരം ചിലവിടാൻകഴിയും?

ഒരാൾ കാർക്കിച്ചു തുപ്പിയാൽ എന്തിന് നിങ്ങളുടെ പ്രിയപെട്ടവരുടെ വിസർജ്യങ്ങൾ പോലും അറപ്പോടെ കാണുന്നവരുടെ ലോകത്തിൽ മണിക്കൂറുകളോളം ഇവക്കൊക്കെ നടുവിൽ കഴിയുന്നവരാണ് ഞങ്ങൾ.. ഇ കഴിഞ്ഞ 2018ഇൽ ഒരു ചെറു വൈറസിനെ ഭയന്ന് കേരളമാകെ പരക്കംപാഞ്ഞു.. പലരും അമ്പലങ്ങളും പള്ളികളും പോലും ഉപേക്ഷിച്ചു. അങ്ങനെ പേരറിയാത്തതും അറിയുന്നതും കണ്ടത്തേണ്ടതുമായ കോടാനുകോടി സൂക്ഷ്മജീവികൾക്കിടയിൽ ദിവസങ്ങളോളം കഴിച്ചു കൂട്ടുന്ന ഇ കൂട്ടർക്ക് എത്ര സംരക്ഷണവും സുരക്ഷിതത്വവും ഇവിടെയുണ്ട് എന്ന് അറിയുമോ? സിസ്റ്റർ ലിനിയെ മാലാഖയായി വാഴ്ത്താൻ മത്സരിക്കുന്നവർ ആദ്യം തിരിച്ചറിയേണ്ടത് അവർ ഒരു പാവം സാധാരണ സ്ത്രീ ആയിരുന്നു എന്ന സത്യമാണ്. നിങ്ങളെയൊക്കെ പോലെ സ്വന്തം തൊഴിലിടത്തിൽ എല്ലാവിധ സ്വപ്നങ്ങളോടും ജോലിചെയ്തിരുന്ന ഒരു സ്ത്രീ. ഒരു മഹാരോഗം വന്നപ്പോൾ മരണപെട്ടവരിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ടായിരുന്നു എന്നതാണ് ചിന്തിക്കേണ്ട വിഷയം. ഇനിയൊരു നിപയോ അതിലധികമോ വന്നാൽ ഇതുപോലുള്ള രക്തസാക്ഷികൾ ഉണ്ടാകില്ല എന്ന് ഉറപ്പാക്കാൻ കഴിയുമോ? ആകിലായിരിക്കാം.. എന്നാലും നിങ്ങൾ ഭയക്കണ്ട.. മാലാഖയാണെന്ന മന്ത്രം ഉരുവിട്ട്, സ്നേഹമാണ്, ത്യാഗമാണ് എന്നൊക്കെയുള്ള എടുത്താൽ പൊങ്ങാത്ത ഭാരവും ചുമലിൽ ഏന്തി, വേദനകൾക്കു മുകളിൽ ഒരു പുഞ്ചിരി വാരി പൂശി പേടികൂടാതെ നിങ്ങളെ പരിചരിക്കാൻ കുറേ ഡോക്ടർ ദൈവങ്ങളും നഴ്‌സ്‌ മാലാഖമാരും ഉണ്ടാകും. എന്നാലും എപ്പോഴും പുഞ്ചിരിക്കുന്ന, മധുരസ്വരം മാത്രം പൊഴിക്കുന്ന, വാർഡിലെ ഇസിജി മെഷീൻ പോലെയോ,തെർമോമീറ്റർ പോലെയോ നിർത്താതെ പണിയെടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഇ മനുഷ്യജീവികൾ, ഇരുണ്ട ഇടനാഴിയിലെ കുടുസുമുറികളിൽ തിങ്ങിഞെരുങ്ങിയാണ് വിയർപ്പും കഫവും പറ്റിയ യൂണിഫോമുകൾ മാറുന്നതെന്നും, മിക്ക ദിവസങ്ങളിലും ഒന്നു ടോയ്‌ലെറ്റിൽ പോകാൻപോലും സമയംകിട്ടാതെ നിങ്ങൾക്കൊക്കെ വേണ്ടി അലയുന്നവരാണെന്നും, ഒന്നിരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും വൃത്തിയുള്ള സഥലം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്നും അറിയുമോ. ഈ ഓട്ടപാച്ചിലിനിടയിൽ വന്നുനിറയുന്ന ശകാരങ്ങൾ, കുറ്റപ്പെടുത്തലുകൾ പുച്ഛം പരിഹാസം..ഇതൊക്കെ സഹിച്ചാണ് ഓരോ നഴ്‌സ്ജീവിതവുo നീങ്ങുന്നത്. ഡോക്ടർ ശിക്ഷിക്കാനായി ട്രെയിനീ നഴ്സിനെ കട്ടിലിൽ ധിക്കാരപൂർവം കിടക്കാൻ ആക്രോശിച്ചപ്പോൾ ആ പെൺകുട്ടി അനുസരിച്ചതെന്തിന് എന്നും അവിടെയുണ്ടായിരുന്ന അവളുടെ സുപീരിയേഴ്സ് എന്തുകൊണ്ട് തടഞ്ഞില്ല എന്നതും ആഴത്തിൽ ചിന്തിച്ചാൽ അതിനുള്ള ഉത്തരവും കിട്ടും. നഴ്സിംഗ് പഠനം മുതൽക്കേ പഠിപ്പിക്കുന്നത് അനുസരണയുടെ പാഠങ്ങളാണ്. അന്നുമുതൽ നല്ല ഒരു ആജ്ഞാനുവർത്തിയാകാനുള്ള പാകപ്പെടുത്തലുകൾ തുടങ്ങുകയായി. എല്ലാത്തിനും നിയന്ത്രണങ്ങൾ. ഒന്നു മുടിയഴിച്ചിട്ടാൽ, ഒന്ന് കൊലുസിട്ടൽ, ഒന്ന് കൈകെട്ടിനിന്നാൽ, എന്തിന് ഒന്നിരുന്നാൽ വരെ ശകാരങ്ങളുടെ പെരുമഴയാണ്. ഇങ്ങനെ ചിട്ടപ്പെടുത്തിയവർ പ്രതികരിക്കാത്തതിൽ എന്ത് അത്ഭുതമാണുള്ളത്. അങ്ങനെ ആരെങ്കിലും പ്രതികരിച്ചാൽ ഒറ്റപെടുത്തലും പാരവെക്കലുമൊക്കെയായി പീഡനപർവ്വo തുടങ്ങുകയായി. സ്വന്തം അവകാശങ്ങളെ കുറിച്ച് പറഞ്ഞ, സമരം ചെയ്ത എത്ര പേരെ നിശബ്‍ദരക്കുകയും career നശിപ്പിക്കുകയും ചെയ്തു എന്നത് ഒരു വലിയ സത്യമാണ്. അങ്ങനെ മടുത്തു നാടുവിട്ടവർ എത്രപേർ. നിശബ്‍ദരാക്കപെട്ടവർ സത്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ ഇളകുന്നതാണ് പലസിംഹാസനങ്ങളും. കാരണം പലതിനും മൂകസാക്ഷിയാകേണ്ടി വരുന്നതും ഡോക്ടർക്കും രോഗിക്കും ഇടയിലുള്ള നഴ്‌സ്‌ എന്ന മൂന്നാമത്തെയാളാണ് . ഈ അടുത്ത കാലത്ത് ഒരു അടുത്ത സുഹൃത്തിന്റെ വിവാഹാലോചന നടക്കുന്ന സമയം. ഏറെ ഉയർന്ന വിദ്യാഭ്യാസവുo മറ്റുമുള്ള അവന്റെ അഭിപ്രായം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി. നഴ്‌സ്‌ ഒഴിച്ച് വേറെ ആരായാലും ഓക്കേ പോലും. നഴ്സിനെ വിവാഹം ചെയ്യെണ്ടത്ര ദാരിദ്ര്യം ഇല്ല എന്നു വീട്ടുകാരും. ഇതാണ് ഈ സമൂഹത്തിന്റെ ഇരട്ടത്താപ്പ്.

എന്നെ ഏതു പാതിരാക്കും ആത്മാർഥമായി നോക്കാൻ നഴ്‌സ്‌ വേണം എന്നാൽ വിവാഹക്കാര്യം വരുമ്പോൾ വല്ല ടീച്ചറോ ബാങ്ക് ജീവനക്കാരിയോ തെളിച്ചങ്ങു പറഞ്ഞാൽ വൈകിട്ട് വീട്ടിൽ വരുന്നവൾ മതി. ടെക്നോപാർക്കിൽ നൈറ്റ്‌ ഡ്യൂട്ടി ഉള്ളതിനാൽ ഭർത്താവിന്റെ നിർബന്ധത്താൽ എഞ്ചിനീയറിംഗ് മതിയാക്കി ബാങ്ക് കോച്ചിങ്ങിനു പോകുന്ന സുഹൃത്തുക്കളെ കാണുമ്പോൾ തോന്നാറുണ്ട് രാത്രി ജോലിക്ക് പോകുന്നത് ഒരു രണ്ടാംതരമേർപ്പെടാണോ എന്ന്. ഇവരോടൊക്കെ ഒന്നേ പറയാനുള്ളു ഒന്നു ശ്വാസംവിടാതെ ഓടിത്തീർത്ത രാവുകളുണ്ട്. നൈറ്റും കഴിഞ്ഞ് രാവിലെ വീട്ടിൽ വന്ന് മക്കളെയും സ്കൂളിൽ വിട്ട് മറ്റെല്ലാ പണിയും കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നു തലചായ്ച് വീണ്ടും ആരുടെയൊക്കെയോ ജീവിതത്തിലെ നിർണ്ണായകനിമിഷങ്ങളിലെ കണ്ണിയാകാൻ ഓടുന്നവരാണ് നിങ്ങൾ രണ്ടാംതരക്കാരായി കണ്ടവരൊക്ക. ഒന്ന് ഇരുട്ട് വീണു കഴിഞ്ഞാൽ ഏതൊക്കെയോ ആവശ്യങ്ങളുടെ സ്വിച്ച് ഓൺ ആകുമെന്നും പിന്നെ ഈ രാത്രി പ്രവർത്തിക്കുന്ന ടെക്നോപാർക്കിലും ആസ്പത്രികളിലുമൊക്കെ പകിട്ടാർന്ന അവർ ഭാവനയിൽ കാണുന്ന രംഗങ്ങൾ അരങ്ങേറുന്നുമൊക്കെയുള്ള ചിന്തയും പേറി നടക്കുന്ന ലൈംഗീകദരിദ്രo പിടിച്ചവരെയൊക്കെ കൊണ്ട് icu കളിലും കാഷ്വാലിറ്റികളിലുമൊക്കെ കൊണ്ടിടണം.എങ്കിലേ ഇത്തരം ചൊറിച്ചിൽ മാറൂ. ഇത്തരം ചിന്താഗതികളും തൊഴിലിടങ്ങളിലെ പീഡനവും job satisfaction ഇല്ലായിമയും ഒക്കെ കൊണ്ടാണ് പലരും വിദേശങ്ങളിലേക്ക് ചേക്കേറുന്നത്. അവിടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉയർന്ന ജീവിത നിലവാരവും എല്ലാത്തിനുമുപരി dignityum ഇവിടുത്തെ അപേക്ഷിച്ചു കിട്ടുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതതന്നെയാണ്. അവിടങ്ങളിലൊക്കെ 4രോഗിക്ക് ഒരു നഴ്‌സ്‌ എന്ന നിലയിൽ വളരെ ഭേദപ്പെട്ട സാഹചര്യങ്ങൾ നിലനിൽക്കെ ഇവിടെ 50ഉം 60ഉം രോഗികൾക്ക് ഒന്നോ രണ്ടോ നഴ്സുമാർ ആണുള്ളത്. അങ്ങനെ നഴ്‌സ്‌ വെറും ഒരു ഇൻജെക്ഷൻതൊഴിലാളി ആയി മാറുന്നു.

ഇതിനു പുറമെ വാർഡ് ക്ലീനിങ് തൊട്ട് രോഗിയുടെ diet വരെ എല്ലാം നഴ്‌സിന്റെ തലയിൽ ആണ്.. കൂടെ കുറേ ഡോക്ടർ ദൈവങ്ങളുടെ തിരുവിളയാടലുകൾ കൂടിയാകുമ്പോൾ അക്ഷരത്തിൽ ഇതൊരു ആടുജീവിതമാകുന്നു. സ്വന്തം അവകാശങ്ങൾക്കും മാന്യമായ വേദനത്തിനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും വേണ്ടിയൊക്കെ ഇവർ സമരം ചെയ്തപ്പോൾ നിസ്സംഗമായി നോക്കിനിന്നിട്ട് സിസ്റ്റർ അരുണയെ പോലെയോ ലിനിയെ പോലെയോ ഒക്കെ രക്തസാക്ഷികൾ ഉണ്ടാകുമ്പോൾ മാത്രo പരിതപിച്ചിട്ടെന്തു കാര്യം. ഒരു വെളുപ്പാങ്കാലം കീഴ്ജീവനക്കാരനാൽ മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ജീവച്ഛവമായി ശേഷിച്ച കാലം കിടന്ന അരുണാസിസ്റ്ററെ സ്മരിക്കുമ്പോഴും ഇവിടെ ഇരുൾ മൂടിയ ആസ്പത്രികളിൽ ഇവർ സുരക്ഷിതരാണോ, സെക്കന്റ്‌ ഡ്യൂട്ടിയും നെറ്റ് ഡ്യൂട്ടിക്കും ഓടിപ്പായുന്ന ഇവർ നമ്മുടെ നിരത്തുകളിൽ സുരക്ഷിതരാണോ എന്നൊക്കെയുള്ള ആയിരംആയിരം ചോദ്യങ്ങൾ ഉള്ളിൽ കിടന്നു പൊള്ളുന്നുണ്ട്. ഇതൊക്കെ നാം ഇന്നൊരു ദിവസം വായിക്കും മറക്കും. നാളെ വീണ്ടും രണ്ടു നഴ്സുമാരുടെ തോളത്തു കയ്യിട്ടു വരുന്ന പൂവാലനെ സ്‌ക്രീനിൽ കാണുമ്പോൾ പൊട്ടിച്ചിരിക്കും സിസ്റ്റർ എന്നു വിളിച്ചു കൊണ്ട് സാരിക്കടിയിലെ ഈച്ചയെ ഊതുന്ന കോമഡിസീൻ സകുടുംബം കണ്ടു കുലുങ്ങിച്ചിരിക്കും… പക്ഷെ ഞാനിതെഴുതുമ്പോഴും ഈ പാതിരാക്കും നിങ്ങൾ ഭയക്കുന്ന രോഗങ്ങൾക്കിടയിൽ പ്രതിഫലമായി കിട്ടാൻപോകുന്നത് അടിയാണോ തെറിയണോ എന്നൊന്നും ഓർക്കാതെ കുറേപേർ ആർടെയൊക്കെയൊ ജീവന് കാവൽ നിൽക്കുന്നുണ്ടാകും. വിളക്കേന്തിയ വനിതയുടെ കൈകളിലെ പ്രകാശം ഏറ്റുവാങ്ങി മെഴുകുതിരിപോലെ സ്വയം ഉരുകി ജീവിക്കുന്ന ഇവർ മാലാഖമാർ എന്നതിലുപരി മനുഷ്യരാണ്, നിങ്ങളെപ്പോലെ സ്വപ്നങ്ങളും അഭിമാനവും ഉള്ള പച്ചയായമനുഷ്യർ.. ഇവർക്കുമുണ്ട് ഇവരുടെ സാന്നിധ്യം ആഗ്രഹിക്കുന്ന കുടുംബവും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളും… ബഹുമാനിക്കണമെന്നില്ല… നിന്ദിക്കരുത്.. പരിഹസിക്കരുത്..

കടപ്പാട്: Aishwarya Alan