പോകാന്‍ ബസില്ല; സ്റ്റാന്റില്‍ കിടന്ന ഒരെണ്ണമെടുത്ത് വീട്ടിലേയ്ക്ക് വിട്ടു – പിന്നെ സംഭവിച്ചത്

കൊല്ലം മദ്യപിച്ചെത്തിയ യുവാവിന് അർധരാത്രി ഒരുമണിയോടെ സ്വദേശമായ ആറ്റിങ്ങലിനു പോകണം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അന്വേഷിച്ചു. ഉടനെയെങ്ങും ബസില്ല. പിന്നെന്തു ചെയ്യും? അപ്പോഴാണ് തൊട്ടടുത്ത് ലിങ്ക് റോഡിൽ ബസുകൾ നിരനിരയായി കിടക്കുന്നത് കണ്ടത്. ഐഡിയ! ഒരെണ്ണമെടുത്ത്…

കൊല്ലം മദ്യപിച്ചെത്തിയ യുവാവിന് അർധരാത്രി ഒരുമണിയോടെ സ്വദേശമായ ആറ്റിങ്ങലിനു പോകണം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അന്വേഷിച്ചു. ഉടനെയെങ്ങും ബസില്ല. പിന്നെന്തു ചെയ്യും? അപ്പോഴാണ് തൊട്ടടുത്ത് ലിങ്ക് റോഡിൽ ബസുകൾ നിരനിരയായി കിടക്കുന്നത് കണ്ടത്. ഐഡിയ! ഒരെണ്ണമെടുത്ത് വീടുവരെ പോയാലോ? പിന്നൊന്നും ആലോചിച്ചില്ല. കിടന്നതിൽ ഭേദമെന്നു തോന്നിയ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവിങ് സീറ്റിലേക്ക്. മെക്കാനിക്കൽ വിഭാഗത്തിനു പരിശോധനയ്ക്കായി താക്കോൽ വാഹനത്തിലുണ്ടായിരുന്നത് രക്ഷയായി. വണ്ടി സ്റ്റാർ‌ട്ടാക്കി ഒറ്റവിടൽ. പക്ഷേ, ആറ്റിങ്ങലിലേക്കുള്ള യാത്ര ഒരു കിലോമീറ്ററേ നീണ്ടുള്ളൂ. അവിടെ സ്വപ്നയാത്രയ്ക്ക് കുരുക്ക് തീർത്തത് ചിന്നക്കട റൗണ്ടിനു സമീപത്തെ വൈദ്യുതി പോസ്റ്റ്.

നിത്യാഭ്യാസികളായ ഡ്രൈവർമാർ പോലും പാടുപെട്ട് തിരിയുന്ന റൗണ്ടിൽ പാവം യുവാവ് എന്തുചെയ്യാൻ? അപകടമുണ്ടായ ഉടൻ ഉള്ളിലെ കെട്ടിറങ്ങി. ആളുകൾ ഓടിക്കൂടും മുൻപ് കയ്യിലുണ്ടായിരുന്ന ബാഗുമെടുത്ത് ഒറ്റഓട്ടം. പക്ഷേ, അവിടെയും ഒരു വില്ലനുണ്ടായിരുന്നു; കാലിൽ കിടന്ന ഷൂസ്. ആക്സിലേറ്റർ ചവിട്ടാൻ ഊരിമാറ്റിയ ഷൂസ് ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഇടത്തേക്കാലിലെ ഷൂസ് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ വണ്ടിയിൽക്കുടുങ്ങി. വില കൂടിയ ഷൂസ്. വിട്ടുകളയാൻ തോന്നിയില്ല. ആദ്യത്തെ ബഹളമൊന്ന് അടങ്ങിയപ്പോൾ പതിയെ വണ്ടിയിലേക്ക്. ഷൂസ് തപ്പുന്ന ആളെക്കണ്ട പൊലീസിനു കാര്യം മനസ്സിലായി. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഥകളെല്ലാം പുറത്തായത്.

ആറ്റിങ്ങൽ മണമ്പൂർ സ്വദേശി അലോഷി(25)യാണ് വണ്ടി കടത്താൻ ശ്രമിച്ച് പിടിയിലായത്. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇനി വണ്ടി ചിന്നക്കടയിലെ വൈദ്യുതി പോസ്റ്റിൽ കാര്യമായ അപകടമുണ്ടാക്കാതെ ഇടിച്ചു നിന്നിരുന്നില്ലെങ്കിൽ? വൻദുരന്തം ഒഴിവായല്ലോ എന്ന ആശ്വാസത്തിലാണ് കെഎസ്ആർടിസി അധികൃതരും പൊലീസും. ഇരവിപുരം എസ്ഐ ഉമറുൽ ഫറൂഖ്, ഈസ്റ്റ് എഎസ്ഐ കമലാസനൻ ആചാരി, ട്രാഫിക് എഎസ്ഐ ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Source : Manorama News