ഭാര്യയ്ക്ക്‌ മദ്യം വാങ്ങിക്കൊടുത്ത്‌ പുലിവാലു പിടിച്ച ഭർത്താവ്‌: ഫിറ്റായ ഭാര്യ

“ഭയങ്കര നാറ്റമാണ്.. എനിക്കു വേണ്ട മനുവേട്ടാ..” “പിന്നെ.. വൈനിനല്ലേ നാറ്റം..നീയങ്ങു കുടിക്കു കൊച്ചെ…എന്റെ പൊന്നുമോളല്ലേ,” അനീഷും മനോജുമൊക്കെ ആഘോഷിച്ച കഥകൾ പറഞ്ഞുകേട്ടപ്പോൾ മുതലുള്ള ആശയാണ് ഒരു ദിവസം കെട്യോൾക്ക് ഒരു പെഗ് കൊടുത്തൊന്നു ആഘോഷിക്കണം…

“ഭയങ്കര നാറ്റമാണ്.. എനിക്കു വേണ്ട മനുവേട്ടാ..”

“പിന്നെ.. വൈനിനല്ലേ നാറ്റം..നീയങ്ങു കുടിക്കു കൊച്ചെ…എന്റെ പൊന്നുമോളല്ലേ,”

അനീഷും മനോജുമൊക്കെ ആഘോഷിച്ച കഥകൾ പറഞ്ഞുകേട്ടപ്പോൾ മുതലുള്ള ആശയാണ് ഒരു ദിവസം കെട്യോൾക്ക് ഒരു പെഗ് കൊടുത്തൊന്നു ആഘോഷിക്കണം എന്ന്.. കൊല്ലം നാലഞ്ചായി പുറകെനടന്നു കാലുപിടിക്കുന്നു.. ഒരുവിധം സമ്മതിച്ചുകിട്ടിയതു ഇപ്പോളാണ്..
ആദ്യമായിട്ടല്ലേ അതുകൊണ്ട് വൈൻ മതിയെന്ന് വച്ചു.. അവളാണേൽ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച്..

“ഇന്നത്തെ അടുക്കളപ്പണി മൊത്തം എടുത്താൽ കുടിക്കാം”..
അതായിരുന്നു വാക്കു..
പിന്നൊന്നും നോക്കീല്ല.. ചിക്കൻ വരട്ടി..
കല്ലുമ്മക്കായ ഫ്രൈ ഉണ്ടാക്കി
ചോറുംവച്ചു..ഒരുവിധം സന്ധ്യ ആക്കി..

അങ്ങനെ കാത്തുകാത്തിരുന്ന മുഹൂർത്തം വന്നെത്തി..ഇത്തിരിമതിയെന്നും പറഞ്ഞു
ഒഴിച്ചതിന്റെ പാതി അവൾ തിരിച്ചെടുപ്പിച്ചു..
എന്തേലുമാവട്ട്‌ അതെങ്കിൽ അത്..
ശ്വാസം പിടിച്ചു ഞാൻ നോക്കിനിൽക്കെ..
വിഷം കുടിക്കുംപോലെ അവളതു കുടിച്ചിറക്കി.. കുറച്ചു കല്ലുമ്മക്കായ വാരി വായിലിട്ടു രണ്ടു ചാട്ടം ചാടി അടങ്ങിയിരുന്നു..

ഒന്ന്.. രണ്ടു.. മൂന്നു.. നാല്.. ഒന്നും സംഭവിച്ചില്ല
പെണ്ണ് വാരിവലിച്ചു ചോറുണ്ണുന്നു.. ഞാനും പതുക്കെ എന്റെ ചോറിലേക്ക് തലതാഴ്ത്തി..

“മനുവേട്ടാ.. ഒരു ഗ്ളാസ് കൂടെ തരുവോ ?
ഒന്നും തോന്നുന്നില്ലാലോ.. വയറ്റിൽ എന്തോ കത്തുന്നുണ്ട്.. വേറെ കുഴപ്പമൊന്നുമില്ല”

എന്റെ ഹൃദയം ആനന്ദത്താൽ ഒന്ന് തുള്ളിച്ചാടി.. ഇന്ന് ഞാൻ പൊളിച്ചടുക്കും..
ഭാവമാറ്റമില്ലാതെ ഞാൻ മൂളി..
അടുത്ത സെക്കൻഡിൽ അവൾ ഗ്ളാസെടുത്തുവക്കുന്നു.. നിറയെ ഒഴിക്കുന്നു..
ഒറ്റക്കുടി കുടിക്കുന്നു.. കല്ലുമ്മക്കായ്‌ വാരി തിന്നുന്നു.. വീണ്ടും മിനിറ്റുകൾ.. ശ്വാസം മുട്ടൽ.
ഒന്നും സംഭവിച്ചില്ല.. അവൾ തീറ്റ തുടരുന്നുണ്ട്
എന്നാപ്പിന്നെ ഞാനും തിന്നേക്കാം..

പെട്ടന്നാണ് ചിരി കേട്ടത്.. പെണ്ണ് ചിരിക്കയാണ്.. ചിരിയോടു ചിരി.നിർത്തുന്നേയില്ല.. എനിക്കും
ചിരി വന്നു.. ചിരിച്ചോണ്ട് എന്റെ നേരെ കൈ നീട്ടിക്കൊണ്ട് തൊടാൻ ശ്രമിക്കുന്നു..

“മനുവേട്ടൻ ഡബിളായി”.. വീണ്ടും ചിരി..

ഈശ്വരാ.. പണി പാളിയ..
പെട്ടന്ന് ചിരിനിന്നു

മുഖം വാഷ്‌ബേസിന്റെ നേർക്ക്
തിരിച്ചു ഒറ്റ തുപ്പലായിരുന്നു.
തുപ്പൽ നിലത്തുതന്നെ വീണു..
അതൊന്നു നോക്കി
പിന്നെ തലതിരിച്ചു എന്നോട് പറഞ്ഞു.

“സോറി.. വാഷ്‌ബേസിൻ ഇത്രേം ദൂരെയായിരുന്നു.. ല്ലേ ?”

“എട്ടിന്റെ പണി ആണോ ഭഗവാനെ ഇരന്നു വാങ്ങിയത്” എന്ന ചിന്തയോടെ ഞാനെണീറ്റു
ഒരു തുണിയെടുത്തു വന്നു തുപ്പൽ തുടച്ചു തുടങ്ങി.. ഉടനെ വന്നു അടുത്ത വിളി..

“എനിക്ക് ഛർദിക്കണം “..

ഞാൻ ചാടിയെണീറ്റു ചെന്നു..
നല്ല ഫിറ്റായി മുഖമൊക്കെ
ചുവന്നു കണ്ണൊക്കെ ഇറുങ്ങി ഇരിക്കയാണെന്റെ പ്രിയതമ

“വാ.. ഞാൻ പിടിക്കാം.. ചര്ദിക്കാൻ പോകാലോ”.. ഞാനവളെ താങ്ങാൻ ശ്രമിച്ചു..

“വേണ്ടാ.. എനിക്കിവിടിരുന്നു ഛർദിക്കണം”

ഈശ്വരാ.. പണി പിന്നേം പാളിയാ?

ഞാനോടിപ്പോയി ഒരു പ്ലാസ്റ്റിക് ചെരുവം എടുത്തുവന്നു മുന്നിൽവച്ചുകൊടുത്തു..
“ഗ്വാ.. ഗ്വാ..” ശബ്ദം മാത്രം വന്നു അവളിൽനിന്നു.. പാവം….
തോന്നിയതാവും..

ഞാൻ ചരുവം എടുത്തു തിരിഞ്ഞതും വലിയൊരു ശബ്ദം കേട്ടു.. തിരിഞ്ഞുനോക്കിയപ്പോൾ
വിശാലമായി മേശനിറയെ വാളും വച്ച് കസേരയിൽ ചാഞ്ഞിരിപ്പുണ്ടവൾ

മേശയും തറയും വൃത്തിയാക്കി അവളെയും ഒന്ന് നനച്ചു തുടച്ചു കിടക്കയിൽ കൊണ്ടുകിടത്തിയപ്പോളേക്കും അടിച്ചതൊക്കെ ആവിയായിരുന്നു..
അവളാണേൽ കിടത്തും തോറും ചാടിയെണീക്കുന്നു.. തലകറങ്ങുന്നത്രെ കിടക്കുമ്പോൾ

ചിരിയാണേൽ നിർത്തുന്നുമില്ല.. എനിക്കാണെങ്കിൽ ഛർദി കോരിയപ്പോ തന്നെ മതിയായിരുന്നു.. എവിടേലും ഒന്ന് കിടന്നാമതിയിനി..

“മനുവേട്ടാ.. നിങ്ങക്കൊരു കാര്യം അറിയാവോ?” പിന്നെ ചിരിയോട് ചിരി

“നീയൊന്നു കിടക്കു മോളെ പ്ലീസ്.. കാര്യമൊക്കെ രാവിലെ പറയാം”

“പോരാ.. എനിക്കിപ്പോ പറയണം..”

“എങ്കിൽ പറ”

“എനിക്ക് വിസിലടിക്കാനറിയാം.. നിങ്ങക്ക് കേൾക്കണോ”

ഈശ്വരാ..ഞാൻ ക്ളോക്കിൽ നോക്കി.സമയം 12:40.. ഈ നേരത്തോ..
ഞാൻ ദയനീയമായി അവളെനോക്കി..
അപ്പോളേക്കും അവൾ തുടങ്ങിക്കഴിഞ്ഞു
“പൂമാനമേ..” ആണെന്ന് തോന്നുന്നു ഉദേശിച്ചത്‌.. കാറ്റുമാത്രേയുള്ളു

“ഞങ്ങൾ അലക്കാൻ പോകുമ്പോ..
വഴിയേപോണ ചെക്കന്മാരെയൊക്കെ വിസിലടിച്ചു വിളിക്കാറുണ്ട്.”

എടീ ഭയങ്കരീ.. എന്റെ ഉള്ളൊന്നു ഞെട്ടി..

ഏതായാലും കിട്ടിയ ചാൻസ് പരമാവധി ഉപയോഗിച്ചേക്കാം..

“വേറെന്താ ചെയ്യാറ് മോളൂട്ടി”

പിന്നെയങ്ങു ചറപറാ വന്നു
ഓട്ടോ ചേട്ടന് പൂ കൊടുത്തത്..
അപ്പുറത്തെ ചേട്ടൻ കുളിക്കുമ്പോ വിസിലടിച്ചതു..
കൂടെ പഠിക്കുന്ന പയ്യൻ കവിതയെഴുതിയതു..
അങ്ങനെയങ്ങനെ

ഓരോപ്രാവശ്യവും ഞാൻ “എന്നിട്ടു? എന്നിട്ടു?”എന്ന് ചോദിച്ചും അവളോരോന്നായി പറഞ്ഞും കൊണ്ടേയിരുന്നു.. അവസാനം അവൾ നിർത്തി.. ഞാൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു.. “എന്നിട്ടോ?”

“എന്നിട്ടൊന്നുമില്ല.. അത്രേയുള്ളൂ. ”

അങ്ങനെവിട്ടാൽ പറ്റില്ലാലോ

“നീ പറയെടാ ചക്കരെ.. അവൻ വേറൊന്നും എഴുതിത്തന്നില്ലേ?”

“ഇല്ലെന്നേ”

“നല്ലോണമോന്നോർത്തുനോക്കു മോളു”

“നിന്നോടല്ലേടാ പട്ടീ പറഞ്ഞത് ഇല്ലെന്നു”

നിശബ്ദത.. നിശബ്ദത

കേട്ടത് തിരിച്ചറിഞ്ഞു വന്നപ്പോളേക്കും രണ്ടു മിനിറ്റ് സമയം പിടിച്ചു.. ഞാൻ തലതിരിച്ചു നോക്കി..

എന്നോട് പാലും വാങ്ങിക്കുടിച്ചു എന്റെ കൈക്കു തന്നെ കൊത്തിയ സന്തോഷത്തിൽ ആ മൂർഖൻകുഞ്ഞു ഓഫായികിടക്കുകയാ കിടക്കയിൽ..

രാവിലെ എണീറ്റപ്പോ കുളിച്ചുസുന്ദരിയായ ഭാര്യ ചായയും കൊണ്ട് കാത്തുനിക്കുന്നു..

“സോറി.. മനുവേട്ടാ.. ഇന്നലെ ഉറങ്ങിപ്പോയി, നമുക്കിന്നു നോക്കിയാലോ?”

“വേണ്ട.. ഞാൻ കുടിനിർത്തി”

“അതെന്താ ഏട്ടാ”?

“മദ്യപാനം ആരോഗ്യത്തിന് ശരിക്കും ഹാനികരമാണെന്ന് ഇപ്പോളാ മോളെ എനിക്ക് മനസിലായത്..അത്രേയുള്ളു”

ഗ്ലാസും പിടിച്ചു വലിയ കണ്ണുകളിൽ നിറയെ നിഷ്കളങ്കതയുമായി അന്തംവിട്ടു നിൽക്കുന്ന അവളെനോക്കാതെ മെല്ലെ കേറിയിങ്ങു പോന്നു ഞാൻ..

കടപ്പാട് : kctvlive