മലയാളികളുടെ 34 കോടി സ്‌നേഹം വെള്ളിത്തിരയിലേക്ക്!!

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചു കാരുണ്യം ചൊരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്‌നേഹത്തിന് മുന്നില്‍ ദിവസങ്ങള്‍ക്കുള്ളില്‍…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചു കാരുണ്യം ചൊരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്‌നേഹത്തിന് മുന്നില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമാഹരിയ്ക്കാനായി.

കേരളം ഈയടുത്ത് കണ്ട ഏറ്റവും വലിയ രക്ഷാധന സമാഹരണ യജ്ഞമായിരുന്നു അബ്ദുള്‍ റഹീമിന് വേണ്ടി നടന്നത്. ഇപ്പോഴിതാ റഹീമിനെ മോചിപ്പിക്കാനായി 34 കോടി സമാഹരിച്ച യജ്ഞം വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ഡല്‍ഹി മലയാളിയായ ഷാജി മാത്യുവാണ് യഥാര്‍ഥ സംഭവം ആസ്പദമാക്കി സിനിമ നിര്‍മിക്കുന്നത്. 34 കോടി പുണ്യമാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു പറയുന്നു. ഒരാള്‍ പൊക്കം, ഒഴിവുദിവസത്തെ കളി, നിള, ചോല എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് ഷാജി മാത്യുവാണ്.

റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങിലൂടെ 34 കോടി മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് ലക്ഷ്യം കണ്ടത്. അബ്ദുല്‍ റഹീം കഴിഞ്ഞ 18 വര്‍ഷമായി ജയിലിലാണ്. 2006ല്‍ 24ന് 26-ാം വയസിലാണ് റഹീം കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലായത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന്റ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതാണ് കേസിനാസ്പദമായ സംഭവം.

2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു, റിയാദ് കോടതി വധശിക്ഷയും വിധിച്ചു.

റഹീമിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ ഇപ്പോള്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം തയ്യാറായിരിക്കുന്നത്.