മികച്ച നടന്‍ അല്ലു അര്‍ജുന്‍, ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍

69 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി അല്ലു അര്‍ജുന്‍, ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാരുമായി. പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അര്‍ജുന് പുരസ്‌കാരം. ഗംഗുബായ് കത്യവാടിയിലെ അഭിനയത്തിനാണ് ആലിയയ്ക്ക് പുരസ്‌കാരം.…

69 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി അല്ലു അര്‍ജുന്‍, ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാരുമായി. പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അര്‍ജുന് പുരസ്‌കാരം. ഗംഗുബായ് കത്യവാടിയിലെ അഭിനയത്തിനാണ് ആലിയയ്ക്ക് പുരസ്‌കാരം. മിമി ചിത്രമാണ് കൃതി സനോണിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രിയാണ്. മികച്ച സംവിധായകന്‍ നിഖില്‍ മഹാജനുമാണ്.

കേന്ദ്ര വാര്‍ത്ത വിതരണമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളില്‍ നിന്നായി 280 സിനിമകളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

‘ഹോം’ സിനിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പരാമര്‍ശവും നേടി. റോജിന്‍ പി തോമസ് ആണ് ഹോം സംവിധാനം ചെയ്തത്.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി.
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. മികച്ച ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദം ആണ് .

2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നല്‍കുക. 24 ഭാഷകളില്‍ നിന്നായി 280 സിനിമകളാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തിയത്.