ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മലയാളത്തിലെ മെഗാതാരം മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പം പൊന്നുരുന്നിയിലെ ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. പുതിയ ചിത്രം ടര്‍ബോയുടെ ലുക്കിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. ഉച്ചയ്ക്ക് ശേഷമെത്തിയാണ് താരം വോട്ട് ചെയ്തത്.
വെറ്റില പൊന്നുരുന്നി യുപി സ്കൂളിലായിരുന്നു താരത്തിന്റെ വോട്ട്. താരത്തെ കാണാന്‍ ആരാധകരുടെ വന്‍ നിര തന്നെയുണ്ടായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരോടും കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. വെള്ള മുണ്ടും ഒലിവ് ഗ്രീന്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മെഗാതാരം എത്തിയത്. വോട്ട് രേഖപ്പെടുത്തി സ്വയം കാറോടിച്ച് താരം പോയി.
മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വോട്ട് ചെയ്തിരുന്നു. സംവിധായകന് ഫാസില്‍, നടന് ഫഹദ് ഫാസില്‍, ടൊവീനോ, ശ്രീനിവാസന്, ആസിഫ് അലി, ഇന്ദ്രന്‍സ്, അഹാന കൃഷ്ണ, അന്ന രാജന്, ടിനി ടോം തുടങ്ങിയ താരങ്ങള്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടി അന്ന രാജന് ശ്രീലങ്കയില്‍ നിന്നെത്തിയാണ് വോട്ട് ചെയ്തത്. ഇന്ദ്രന്‍സും ടിനി ടോമും ലൊക്കേഷനില്‍ നിന്നെത്തിയാണ് വോട്ട് ചെയ്തത്.