
കോഴിക്കോട് സ്വദേശിയായ യുവതാരം ചൈത്ര പ്രവീണും ‘ജയിലർ 2’-ൽ. ചിത്രത്തിലെ ഒരൊറ്റ ഷോട്ടിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് നടി.
മലയാളി താരങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലർ 2’. മോഹൻലാൽ, വിനായകൻ, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, ഷംനാ കാസിം തുടങ്ങി നിരവധി മലയാളി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമായത്. മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന വിമർശനങ്ങൾ ഉയരുമ്പോഴും, സുരാജിന്റെ വില്ലൻ വേഷവും ഷംനാ കാസിമിന്റെ ഗാനരംഗത്തിലെ സാന്നിധ്യവുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇതിനിടെ, ചിത്രത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മലയാളി സാന്നിധ്യത്തെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. കോഴിക്കോട് സ്വദേശിയായ നടി ചൈത്ര പ്രവീണാണ് ‘ജയിലർ 2’-ൽ ഒരു ചെറിയ വേഷത്തിലെത്തിയത്. സിനിമയുടെ ആദ്യഭാഗത്ത് രാമചന്ദ്രൻ ദുരൈരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമാണ് ചൈത്ര പ്രത്യക്ഷപ്പെടുന്നത്. ഇളം മഞ്ഞ സാരിയണിഞ്ഞ് മനോഹരമായ ലുക്കിലെത്തിയ നടിക്ക് ചിത്രത്തിൽ ഒരൊറ്റ ഷോട്ട് മാത്രമാണുള്ളത്.
ദന്തഡോക്ടറായ ചൈത്ര പ്രവീൺ ‘എല്ലാം സെറ്റാണ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘ജയിലർ 2’ ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. ‘എൽ.എൽ.ബി’, ‘ത്രീ നൈറ്റ്സ്’, ‘ഉല്ലാസപൂത്തിരികൾ’, ‘അതെന്താ അങ്ങനെ’, ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ തുടങ്ങിയ സിനിമകളിലും ചൈത്ര അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും സജീവമാണ് താരം.












