അരി ഇങ്ങനെ ഉപയോ​ഗിച്ചാൽ പലതുണ്ട് ​ഗുണം; ഇക്കാര്യങ്ങൾ വേ​ഗം പരീക്ഷിക്കൂ, ആരോ​ഗ്യവും സൗന്ദര്യവും കൂട്ടാം

ലോകത്ത് എവിടെ പോയാലും ഒരു നേരമെങ്കിലും ചോറ് കഴിക്കുന്ന ശീലമുള്ളവരാണ് മലയാളികൾ. എന്നാൽ, അരി വെറും ആഹാരം മാത്രമല്ല എന്ന് എത്ര പേർക്ക് അറിയാം. ഔഷധമായും സൗന്ദര്യ സംരക്ഷണത്തിനുള്ള കൂട്ടായും അരി ഉപയോ​ഗപ്പെടത്താം എന്നാണ് ആയുർവേദം പറയന്നത്. തവിട് നീക്കാത്ത അരി ഹൃദ്രോഗം, പലതരം അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വരെ ചെറുക്കമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

അരിയും എള്ളും സമം അളവിൽ വറുത്ത ശേഷം ഈ കൂട്ടിൽ പാകത്തിനു ശർക്കര കൂടി ചേർത്തു നന്നായി പൊടിച്ച് ഉരുളയാക്കി പതിവായി കഴിക്കുന്നത് ശരീരബലം വർധിപ്പിക്കും. ധാതുപുഷ്ടി ഉണ്ടാകാനും ഗുണകരമാണ്. വയറിളക്കത്തിനും അരി വച്ചുള്ള പരിഹാരമുണ്ട്. ഒന്നരലീറ്റർ വെള്ളത്തിൽ 25 ഗ്രാം അരി ചേർത്തു തിളപ്പിക്കുക. ഈ കൂട്ട് 300 മില്ലി ആക്കി വറ്റിക്കണം. ചൂടോടെ തന്നെ വെള്ളം അരിച്ചെടുക്കുക. ഈ കഞ്ഞിവെള്ളത്തിൽ ഉപ്പ് ചേർത്തു ദിവസം പലതവണ കുടിക്കുന്നത് വയറിളക്കം മാറ്റും. വയറിളക്കം പിടിപെട്ടവരിൽ നിർജലീകരണം മൂലമുള്ള ക്ഷീണം മാറുന്നതിനും ഈ കഞ്ഞി വെള്ളം ഉപകരിക്കും.

ആർത്തവകാല വേദനയ്ക്ക് അരി വറുത്തു പൊടിച്ചതും അൽപം കുടംപുളിയും ചേർത്ത് അരച്ചു നെല്ലിക്കാവലുപ്പത്തിൽ ദിവസവും കഴിച്ചാൽ മതിയാകും. മുലപ്പാൽ വർധിക്കുന്നതിന്ന് നവര അരി കൊണ്ടു തയാറാക്കിയ നല്ല ചൂടുള്ള ചോറിൽ കുറച്ചു മുരിങ്ങയിലകൾ ചേർത്ത് ഇളക്കിയ ശേഷം അൽപം പശുവിൻ നെയ്യും ചേർത്തു ദിവസവും കഴിക്കാവുന്നതാണ്. ചോറ് വാർത്തതിനുശേഷം ബാക്കി വരുന്ന കഞ്ഞി വെള്ളത്തിനും ഏറെ ഔഷധ ഗുണങ്ങളുണ്ട്. ദാഹം, ശമിക്കാനും ക്ഷീണം അകലാനും ധാതു പുഷ്ടിയുണ്ടാകാനും കഞ്ഞിവെള്ളം നല്ലതാണ്.

രണ്ട് വലിയ സ്പൂൺ നവര അരി നന്നായി പൊടിച്ചത് അൽപം പശുവിൻ പാലിലോ ആട്ടിൻപാലിലോ ചേർത്തു യോജിപ്പിക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്താൽ ചർമ്മ സൗന്ദര്യവും കൂട്ടാം. അരിച്ചെടുത്ത അരിപ്പൊടിയും തൈരും സമം അളവിൽ നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോൾ മുഖം കഴുകി വൃത്തിയാക്കാം. ചർമം മൃദുലമാകുന്നതിനും ചുളിവുകൾ തടഞ്ഞു തിളക്കം വർധിക്കാനും ഇത് സഹായിക്കും.