ശോക പാട്ട് വച്ചാൽ പൊളി ശരത്തേ ട്രാക്ക് മാറ്റാൻ പറയാൻ വരട്ടെ…! പുതിയ പഠനം പറയുന്നത് ഇങ്ങനെ

സങ്കടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്ത് ഒരു പാട്ട് കേട്ടാൽ മനസിന് എന്ത് ആശ്വാസമാണല്ലേ… മൂഡ് അനുസരിച്ച് നമ്മൾ കേൾക്കുന്ന പാട്ടും മാറും. മെലഡി കേൾക്കാനാണ് പലരും കൂടുതൽ സമയം കണ്ടെത്തുക. സന്തോഷം കിട്ടണേ അടിപൊളി പാട്ട് കേട്ടാൽ മതിയെന്നും പറയാറുണ്ട്. എന്നാൽ, ഒക്‌സ്ഫഡ് സർവകലാശാലയിലെ ഗവേഷകരുടെ പഠനം ഈ സങ്കൽപ്പങ്ങളെ എല്ലാം മാറ്റിമറിക്കുന്നതാണ്.

ദുഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്നാണ് പഠനത്തിൽ പറയുന്നത്. ‌‌സംഗീതമെന്നത് വളരെ വ്യക്തിപരവും തനതും വ്യത്യസ്തവുമായ അനുഭവലോകമാണ് ഓരോരുത്തർക്കും സമ്മാനിക്കുന്നതെന്നും സങ്കടമുളവാക്കുന്ന പാട്ട് പോലും മനസ്സിനെ വിമലീകരിക്കുമെന്നും ജേണൽ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ദുഖസാന്ദ്രമായ ഗാനങ്ങൾ ചിലപ്പോൾ നമ്മളിലെ ദുഖങ്ങളെ തൊട്ടുണർത്തും, പക്ഷേ അതുമായി നമുക്ക് തോന്നുന്ന ആ ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. ദുഖകരമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് കഴിഞ്ഞാൽ ആശ്വാസം കിട്ടുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിൽ കണക്ട് ആകുമെന്ന് ഗവേഷകർ പറയുന്നു.

ജനങ്ങൾ ശോകപൂർണ്ണമായ ഗാനം കേൾക്കുന്നത് അവർ സങ്കടപ്പെട്ടിരിക്കുമ്പോൾ തന്നെയാകണമെന്നില്ലെന്നും മുൻപഠനങ്ങളെ ഉദ്ധരിച്ച് ഗവേഷകർ പറയുന്നു. 2014ൽ നടത്തിയ ഒരു പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും അവർ പോസിറ്റീവായിരിക്കുമ്പോൾ ശോകപൂർണ്ണായ സംഗീതം ആസ്വദിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. നമുക്ക് നമ്മളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും നമ്മുടെ വൈകാരികമായ അനുഭവങ്ങളെ പറ്റി ചിന്തിക്കാനും ഇത്തരം പാട്ടുകൾ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.