‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ സന്ദർശനം. ബുധനാഴ്ച രാത്രിയാണ് പഞ്ചായത്തംഗം അടക്കം മൂന്നംഗങ്ങൾ എത്തിയത്. കളെ പറഞ്ഞുമനസ്സിലാക്കണമെന്ന് അവർ അമ്മയെ ഉപദേശിച്ചെന്നാണ് സീന പറയുന്നത്.

‘അതിന്റെ അർഥം എന്താണെന്ന് എനിക്ക് മനസ്സിലാകും. ഇത്രയും കാലം പാർട്ടിക്കാരുടെ ഇടയിൽ ജീവിച്ചതാണ്. അവർ എന്തൊക്കെ ചെയ്യുമെന്നും എന്തൊക്കെ പറയുമെന്നും നല്ല ധാരണയുണ്ട്. ഭയപ്പെടുന്നില്ല. വീട്ടിൽ വന്നവരോട് ‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടിയെന്നും സീന കൂട്ടിച്ചേർത്തു.

നേതാക്കൾ എത്തിയ സമയത്ത് സീന വീട്ടിൽ ഇല്ലായിരുന്നു. ഒഴിവുള്ള ദിവസങ്ങളിൽ ഭർത്താവിന്റെ തലശ്ശേരിയുള്ള വീട്ടിലാണ് സീന താമസിക്കാറുള്ളത്. മറ്റുള്ള ദിവസങ്ങളിൽ എരഞ്ഞോളിലെ സ്വന്തം വീട്ടിലുമാണ്. ‘സത്യം വിളിച്ച് പറഞ്ഞിട്ട് കൊല്ലുമെങ്കിൽ കൊല്ലട്ടെ. വർഷങ്ങളായി എരഞ്ഞോളിയിൽ ജീവിക്കുന്നു. പറഞ്ഞതെല്ലാം സത്യമാണ്. നുണ പറഞ്ഞതുകൊണ്ട് എനിക്ക് യാതൊരു കാര്യവുമില്ല. കൊല്ലാൻ തീരുമാനിച്ചാൽ പോലീസ് വന്നിട്ടൊന്നും കാര്യമില്ല‘ – സീന പറഞ്ഞു. സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് സീന നടത്തിയ വെളിപ്പെടുത്തൽ സിപിഎം തള്ളിയിരുന്നു.