
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് വിൻഡോസ് യൂസർമാരെ ഈ പ്രശ്നം ബാധിച്ചതായാണ് പരാതികൾ. ഇന്ത്യയിലെ വിൻഡോസ് ഉപഭോക്താക്കൾക്കും സാങ്കേതിക തകരാർ വന്നിട്ടുണ്ട്.
മൈക്രോസോഫ്റ്റ് വിൻഡോസ് ഒ എസിന്റെ സാങ്കേതിക പ്രശ്നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചു. ഒപ്പം വ്യോമയാന സർവ്വീസുകൾക്കടക്കം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആകാസ എയർ, ഇൻഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലായിട്ടുണ്ട്.. വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇൻ, ബോർഡിംഗ് പാസ് ആക്സസ് ഉൾപ്പടെയുള്ള സേവനങ്ങളെയാണ് ബാധിച്ചിട്ടുള്ളത്.
ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് പ്രക്ഷേപണം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിൻറെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് വിശദീകരണം.











