ഭർത്താവിന്റെ മരണകാരണം തുറന്ന് പറഞ്ഞു താര കല്യാൺ

നടനും നർത്തകനും ഒക്കെയായ ഭർത്താവ് രാജാറാമിന്റെ മരണം നടിയും നർത്തകിയുമായ താര കല്യാണിന് വലിയ ആഘാതമായിരുന്നു ഏൽപ്പിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലായാണ് രാജാറാം മരിക്കുന്നത്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകാൻ താര കല്യാണിനും മകൾ സൗഭാഗ്യ വെങ്കിടേശിനും കഴിഞ്ഞു. ഇപ്പോഴിതാ ഭർത്താവിന്റെ മരണത്തെക്കുറിച്ചും തുടർ‌ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിൽ കൂടി സംസാരിക്കുകയാണ് താര കല്യാൺ. രാജാറാമിന്റെ മരണം തന്നെ ചില കാര്യങ്ങൾ പഠിപ്പിച്ചെന്ന് താര കല്യാൺ പറയുന്നു. ഡയബറ്റിക് പേഷ്യന്റായിരുന്നു അദ്ദേഹം. പനി വന്നതോടെ ഇൻഫെക്ഷൻ നെഞ്ച് മുഴുവൻ ബാധിച്ചു. ഓർഗൻ ഫെയ്ലിയറുണ്ടായി. ഇതാണ് മരണത്തിന് കാരണമായതെന്ന് താര കല്യാൺ പറയുന്നു. ഡയബറ്റിക്കുള്ളവർക്ക് കുറച്ച് അധികം ശ്രദ്ധ വേണമെന്നും ഭർത്താവിന്റെ വിയോഗത്തെ ഓർത്തുകൊണ്ട് താര കല്യാൺ പറയുന്നു. കാലിൽ മുറിവ് വന്നാലെ പനി വന്നാലോ ഡോക്ടർമാർ ഷുഗറുണ്ടോ പ്രഷറുണ്ടോ എന്ന് പ്രത്യേകം ചോദിക്കും. അത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നു എന്നും താര കല്യാൺ പറയുന്നു. എന്നാൽ പക്ഷെ ഇങ്ങനെയൊക്കെ പറയുമെങ്കിലും തലയിലെഴുത്തും യോഗവുമുണ്ട്. അത് നമുക്ക് മാറ്റാൻ പറ്റില്ല.

പക്ഷെ അതിലൂടെ താൻ പഠിച്ച പാഠങ്ങൾ വേദനാജനകമായിരുന്നു എന്നും താരാ കല്യാൺ പറയുന്നു. ചിലരുടെ പെരുമാറ്റങ്ങൾ ഏറെ വേദനിപ്പിച്ചു എന്നാണ് താര കല്യാൺ പറയുന്നത്. ദൈവത്തെ പോലെ കണ്ടിരുന്ന ചിലർ തന്റെ നേരെ തിരിഞ്ഞു എന്നും താര തുറന്നു പറയുന്നു. ഇത്രയും വേദനയ്ക്കിടയിൽ ഇതും കൂടെ സഹിക്കണോ എന്ന് തോന്നിയ തോന്നിയ നിമിഷങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും താര കല്യാൺ പറയുന്നു. ജീവിതമല്ലേ, എല്ലാം ഉണ്ടാകും. രാജാറാമിന്റെ ശവസംസ്കാരത്തെപ്പറ്റിയും താരാ കല്യാൺ സംസാരിക്കുന്നു. രാജറാമിന്റെ ചേച്ചിയുടെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ട് പോയത്. തങ്ങൾക്ക് സ്വന്തമായി ഫ്ലാറ്റേ ഉണ്ടായിരുന്നുള്ളൂ എന്നും അന്ന് താൻ താമസിച്ചത് വാടക വീട്ടിലാണ്. അവിടെ കൊണ്ട് പോകേണ്ട എന്ന് പറഞ്ഞിട്ട് ചേച്ചിയുടെ വീട്ടിലേക്കാണ് രാജാറാമിന്റെ മൃതദേഹം കൊണ്ട് പോയത് എന്നും താര കല്യാൺ ഓർക്കുന്നു. അതുപോലെ തന്നെ അന്ന് ഒരുപാട് സമയം കിടത്തിയില്ല. എന്നാലും മരണ വാർത്ത അറിഞ്ഞ് പെട്ടെന്ന് ഓടിപ്പിടിച്ച് ചിലർ വന്നുവെന്നും. അതിൽ താൻ ഒരിക്കലും മറക്കാത്ത വ്യക്തി തങ്ങൾ വാടകയ്ക്ക് താമസിച്ച വീട്ടിനടുത്ത് കട നടത്തിയ ആളാണ്. സാധു മനുഷ്യൻ. ഓടിപ്പിടിച്ച് വന്നു. ഒരക്ഷരം മിണ്ടാതെ ഒരു മിനുട്ട് തന്നെ നോക്കി തല കുലുക്കി ഇറങ്ങി പോയി. തന്നെ ഏറ്റവും ആശ്വസിപ്പിച്ചത് ആ മനുഷ്യന്റെ ഔചിത്യ പൂർവമുള്ള പെരുമാറ്റമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും താര കല്യാൺ പറയുന്നു.

ഒരാൾ അത്രയും അഫക്ടഡ് ആയി നിൽക്കുമ്പോൾ അവരുടെ മുന്നിൽ പോയി വലിയ പഠിപ്പിക്കൽ കൊടുക്കേണ്ട കാര്യം ഇല്ല. പല ആൾക്കാർക്കും പല രീതിയിലായിരിക്കും സമീപനം. പക്ഷെ തനിക്ക് വ്യക്തിപരമായി അങ്ങനെ ചെയ്തത് ഭയങ്കര ആശ്വാസമായി എന്നും താര കല്യാൺ തുറന്നു പറയുന്നു. അവിടെ നമ്മൾ എത്ര പഠിച്ചെന്നോ, നമ്മുടെ സ്റ്റാറ്റസ് എന്താണെന്നോ വിഷയം അല്ല. ആ അവസ്ഥയിൽ ഇത്ര നന്നായി ഒരാൾക്ക് പെരുമാറുമോ എന്ന് തനിക്കറിയില്ല എന്നും താരാ കല്യാൺ പറയുകയാണ്. പിന്നെയുള്ളൊരു നന്മ തന്റെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരി ചിത്ര അവരുടെ നെറ്റിയിൽ നിന്ന് പൊട്ട് എടുത്ത് വെച്ച് തനിക്ക് തന്നു. ഒരിക്കലും പൊട്ടില്ലാതെ തന്നെ കാണരുത് എന്ന് പറഞ്ഞ നിമിഷം ആയിരുന്നു അതെന്നും ആർക്കും വിഷമങ്ങൾ വരാതിരിക്കട്ടെ എന്നും താര കല്യാൺ പറയുന്നു.