
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി – മൊബൈൽ ഫോൺ ഉപയോഗം, അമിത ജോലി ഭാരം, നിർജ്ജലീകരണം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകാം. ഈ ഡാർക്ക് സർക്കിൾസ് മാറ്റാൻ ചില ടിപ്സുകൾ ഇതാ…
1. കറ്റാർവാഴ ജെൽ – കൺതടത്തിലെ കറുപ്പ് മാറ്റാൻ കണ്ണിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടാം. കറ്റാർവാഴ ജെല്ലിനൊപ്പം നാരങ്ങാ നീര്, തേൻ, റോസ് വാട്ടർ തുടങ്ങിയവ ചേർത്ത് കണ്ണിന് ചുറ്റും ഇടുന്നതും നല്ലതാണ്.
2. ഉരുളക്കിഴങ്ങ് – ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ് എന്ന് അറിയാമല്ലോ. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ ഉരുളക്കിഴങ്ങിൻറെ നീര് പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കൺതടങ്ങളിലെ കറുപ്പ് മാറ്റും.
3. ടീ ബാഗ് – ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ടീ ബാഗ് കൺതടത്തിൽ പത്ത് മിനിറ്റ് വയ്ക്കുന്നതും നല്ല റിസൾട്ട് തരും.
4. കോഫി – കോഫിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും. ഇതിന് രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം വാഷ് ചെയ്യാം.
5. ബദാം ഓയിൽ – വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ഇതിന് ശേഷം 10 മിനിറ്റ് മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റും.











