‘നിനക്ക് എന്താണ് അവിടെ കാര്യമെന്ന് വിജയ്‍യുടെ അമ്മ തൃഷയോട് ചോദിച്ചു’; വാക്കുതർക്കം, വിവാദ വെളിപ്പെടുത്തൽ

തിളക്കമേറെയുണ്ടെങ്കിലും ഗോസിപ്പുകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് സിനിമ ലോകം. അടുത്തിടെ ടി തൃഷയെയും വിജയ്‍യെയും ചേര്‍ത്ത് ചില കഥകള്‍ പ്രചരിച്ചിരുന്നു. വിജയ്ക്ക് 50 വയസ് തികഞ്ഞ ജൂൺ 22ന്‍റെ പിറ്റേന്ന് തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സെല്‍ഫിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആരാധകർ ഈ ഫോട്ടോ ‘ഡീകോഡ്’ ചെയ്യാൻ തുടങ്ങിയതോടെയാണ് പല തരത്തിലുള്ള കഥകള്‍ പ്രചരിച്ചത്.

വിജയ് കുറച്ചുകാലമായി ഭാര്യയുമായി അകന്നാണ് കഴിയുന്നത് എന്ന് അടക്കം വാര്‍ത്തകൾ പരന്നു. എന്നാല്‍ അധികം വൈകാതെ ഈ വാര്‍ത്ത മുങ്ങി പോയി. പക്ഷേ, പുതിയ ചിത്രമായ ഗോട്ടിന്‍റെ റിലീസിന് തയാറെടുക്കുന്നതിനിടെ നടനും സിനിമ വിമര്‍ശകനുമായ ബെയിൽവാൻ രംഗനാഥൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ച.

”അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ ക്ഷേത്രത്തില്‍ തൃഷ അടുത്തിടെ ദർശനം നടത്തി. ഇതേക്കുറിച്ച് കേട്ട വിജയ്‍യുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തിൽ പോയതെന്നും അവിടെ നിനക്ക് എന്താണ് കാര്യമെന്നും” വിളിച്ചു ചോദിച്ചുവെന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്. ഈ വാര്‍ത്തയില്‍ എത്ര മാത്രം സത്യമുണ്ടെന്ന് മാത്രം വ്യക്തമല്ല. വിവാദ വെളിപ്പെടുത്തലുകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളയാളാണ് ബെയിൽവാൻ രംഗനാഥൻ.