‘അവർ സന്തോഷത്തോടെ ജീവിക്കില്ല, സാമന്തക്കില്ലാത്ത പ്രശ്നമാണ് ചിലർക്ക്’; കടുത്ത ആക്രമണം നേരിട്ട ശോഭിത

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. നേരത്തെ നടി സാമന്തയുമായുള്ള താരത്തിന്‍റെ പ്രണയവും വിവാഹമെല്ലാം തെന്നിന്ത്യൻ സിനിമ ലോകം ആഘോഷിച്ചതാണ്.

പക്ഷേ നാഗചൈതന്യയും സാമന്തയും 2021 ല്‍ വേര്‍പിരിഞ്ഞു. കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശോഭിത ധൂലിപാല കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത്.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ ജീവിതം ശോഭിത തകര്‍ത്തുവെന്നാണ് കമന്‍റുകള്‍ നിറയുന്നത്. സന്തോഷത്തോടെ നാഗചൈതന്യയും ശോഭിതയും ജീവിക്കില്ലെന്നും കുറിക്കുന്നവരുണ്ട്. സാമന്ത പോലും ‘മൂവ് ഓണ്‍’ എന്ന് പറഞ്ഞ വിഷയത്തില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്ര കാര്യമെന്ന് ചോദിക്കുന്നവരുമുണ്ട്.