ശരിക്കും അതൊരു ഇന്ത്യക്കാരൻ ആയിരുന്നോ..! ഒന്നുമല്ലാതിരുന്ന കാലത്ത് സക്കർബർഗ് ഏല്‍പ്പിച്ച ആ ദൗത്യം

മെറ്റയുടെ ഫേസ്‌ബുക്ക് സെര്‍ച്ച് എഞ്ചിന്‍ രൂപകല്‍പന ചെയ്‌തത് ഒരു ഇന്ത്യന്‍ എഞ്ചിനീയറാണ്. കേൾക്കുമ്പോൾ ഒരു സംശയം തോന്നിയോ, പക്ഷേ സംഭവം സത്യമാണ്. ആദിത്യ അഗര്‍വാള്‍ എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിനായി സെര്‍ച്ച് എഞ്ചിന്‍ രൂപകല്‍പന ചെയ്‌തത്. 2005ലാണ് മാര്‍ക് സക്കര്‍ബര്‍ഗും ആദിത്യയും കണ്ടുമുട്ടുന്നത്.

ഫേസ്ബുക്കിനെ കുറിച്ചുള്ള സക്കര്‍ബര്‍ഗിന്‍റെ അന്നത്തെ കാഴ്‌ചപ്പാടുകള്‍ ആദിത്യയിലും താത്പര്യം ഉണര്‍ത്തി. ഫേസ്ബുക്കില്‍ ജോലിയില്‍ പ്രവേശിച്ച അഗര്‍വാളിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ആദ്യം രൂപമൊന്നും ഉണ്ടായിരുന്നില്ല. വൈകാതെ സക്കർബര്‍ഗ് ഏല്‍പ്പിച്ച ഒരു വലിയ ദൗത്യം ആദിത്യയെ തേടിയെത്തി. ഫേസ്ബുക്കിനുള്ളില്‍ ആളുകളെ കണ്ടെത്താനുള്ള സെര്‍ച്ച് എഞ്ചിൻ വികസിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.

ഒരു ടീമിന്‍റെ സഹായമില്ലാതെ ഒറ്റയ്ക്ക് സെര്‍ച്ച് എഞ്ചിന്‍ ഡെവലപ് ചെയ്യണം എന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗ് ആദിത്യയോട് ആവശ്യപ്പെട്ടത്. പരിഭ്രമിച്ച് പോയ ആദിത്യയോടെ സക്കര്‍ബര്‍ഗ് പറഞ്ഞത് ഇങ്ങനെയാണ്, ‘ഡ്യൂഡ്, എനിക്ക് ഫേസ്ബുക്ക് നിര്‍മിക്കാമെങ്കില്‍ താങ്കള്‍ക്ക് ഒരു സെര്‍ച്ച് എഞ്ചിന്‍ ഡെവലപ് ചെയ്യാന്‍ അനായാസം കഴിയും’. അങ്ങനെ ആദിത്യ അഗര്‍വാള്‍ ഫേസ്ബുക്ക് സെര്‍ച്ച് എഞ്ചിന്‍ തയാറാക്കുകയും ചെയ്തു.