
മലയാളത്തിന് പുറമെ തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര ജാസ്മിൻ നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും 10 12 വയസിലൊക്കെ സ്നേഹിതനായി കണ്ടിട്ടുണ്ടെന്നും മീരാ ജാസ്മിൻ പറയുന്നു.
അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

“ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലവര്‍ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്”, എന്നായിരുന്നു മീരാ ജാസ്മിന്റെ വാക്കുകൾ.
ഇന്നത്തെ ‘ചിന്താവിഷയം, രസതന്ത്രം’ തുടങ്ങിയ സിനിമകളിലാണ് മീരാ ജാസ്മിന്‍, മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ‘ഒരേ കടലില്‍’ ആയിരുന്നു മമ്മൂട്ടിയും മീരയും ഒന്നിച്ചെത്തിയ ചിത്രം. ‘ഒരേകടൽ’ തനിക്ക് ഒരുപാട് സ്പെഷ്യലാണെന്നും മമ്മൂട്ടിയുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രമാണ് സിനിമ ചെയ്യാൻ കഴിഞ്ഞതെന്നും മീര പറയുന്നു. അത്രയും ഡെപ്ത്തുള്ള കഥപാത്രമായിരുന്നു അതെന്നും മീര പറഞ്ഞു. നോർമലായി നമുക്ക് ചെയ്യാൻ കഴിയാത്ത ഒരു കഥാപാത്രമാണത് എന്നും താരം കൂട്ടിച്ചേർത്തു .
മമ്മൂക്കയുടെ നെഞ്ചിൽ കടിക്കുന്ന സീൻ തനിക്ക് ഓർമയുണ്ട്. അന്ന് സെറ്റിലൊക്കെ വല്ലാത്ത നിശബ്ദതയായിരുന്നു. അധികം സംസാരമില്ല. ആവശ്യത്തിന് മാത്രമേ സംസാരമുണ്ടായിരുന്നുള്ളുവെന്നും മീര ഓർക്കുന്നു . അങ്ങനെയുള്ള സീനുകളും ഷോട്ടുമെല്ലാം ചെയ്യാൻ നമ്മുടെ കോ ആക്ടർ സപ്പോർട്ടീവാണെങ്കിൽ നമുക്ക് നന്നായി ചെയ്യാൻ പറ്റും. അത് വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു. തനിക്കും ഡിഫറെൻറ് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു അതെന്നും അത് എങ്ങനെ പെർഫോം ചെയ്യുമെന്നുള്ള കൺഫ്യൂഷനും ഉണ്ടായിരുന്നു. കാരണം അത് അത്ര വൃത്തികേടാവാനും പാടില്ല.

മമ്മൂക്ക നല്ല സപ്പോർട്ട് ആയിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞിരുന്നു. ഷൂട്ട് കഴിഞ്ഞിട്ടാണെങ്കിലും മമ്മൂക്ക കാര്യമായിട്ടാണ് തന്റെ അടുത്ത് സംസാരിച്ചിട്ടുള്ളത്. ഏതോ ഒരു അവാർഡ് വാങ്ങാൻ താൻ പോകാതിരുന്നപ്പോൾ മമ്മൂക്ക പോയി റിസീവ് ചെയ്തിട്ടുണ്ടെന്നും അത്രക്ക് നല്ല മനുഷ്യനാണ് മമ്മൂട്ടിയെന്നും മീര ജാസ്മിൻ പറഞ്ഞു.
ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. ‘അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ’ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് അന്യഭാഷകളിൽ നിന്നാണ്. അങ്ങനെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നതും ഇടവേളയിലേക്ക് പോകുന്നതും. പിന്നീട് ഏറെക്കാലം മീരയെക്കുറിച്ച് ആരാധകർ ഒരു വിവരവും അറിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മകൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ ഇപ്പോൾ. ‘പാലും പഴവും’ ആണ് മീരയുടെ ഇപ്പോൾ പുറത്തിറങ്ങിയ സിനിമ. വികെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസ് ആണ് നായകൻ.











