മലയാള സിനിമയുടെ ‘അമ്മ കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടി. ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്.

ആരോഗ്യസ്ഥിതി മോശമായതിനാൽ കഴിഞ്ഞ കുറച്ചേറെ കാലങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വിശ്രമജീവിതത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മ. നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സിനിമാലോകവുമിപ്പോൾ.

കവിയൂർ പൊന്നമ്മയുടെ ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം അമ്മയുടെ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വിവരമറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം മകൾ അമേരിക്കയിലേക്ക് മടങ്ങി പോകുകയും ചെയ്തു. ഇപ്പോൾ ഇളയ സഹോദരനും കുടുംബവുമാണ് കവിയൂർ പൊന്നമ്മയെ നോക്കുന്നത്.

അടുത്ത കാലത്തായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തില്‍ നടിയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്ത തള്ളിക്കൊണ്ട് കവിയൂർ പൊന്നമ്മ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ഇളയ സഹോദരനും കുടുംബത്തിനൊപ്പമാണ് വര്ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയിൽ 65 വര്ഷം പൂർത്തിയാക്കിയ നടി 50 ഓളം ചിത്രങ്ങളിൽ മോഹൻലാലിന്റെ അമ്മവേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് .  2021 ൽ റിലീസ് ചെയ്ത ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. ചെറിയ പ്രായത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു.

ആദ്യ നായിക വേഷത്തിൽ നിന്നും പിന്നീട് താര അമ്മ വേഷത്തിലേക്ക് മാറി. വര്‍ഷങ്ങളായി അമ്മ കഥാപാത്രങ്ങളാണ് നടി ചെയ്തിരുന്നത്. സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ നടി മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളായി മാറി.

മലയാളം ടെലിവിഷനിലൂടെയാണ് കവിയൂർ പൊന്നമ്മ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് നാടകങ്ങളിലും നടി അഭിനയിച്ചിരുന്നു.  സഹോദരി കവിയൂർ രേണുകയും അഭിനേത്രിയായിരുന്നു.

1965-ൽ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ 20 ാം വയസ്സിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചു . പിന്നീട് മോഹൻലാൽ എന്ന നടൻ്റെ അമ്മയായി അഭിനയിച്ച് നിരൂപക പ്രശംസ നേടി. 1969-ലാണ് ചലച്ചിത്ര നിർമ്മാതാവ് മണിസ്വാമിയെ പൊന്നമ്മ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട് താരത്തിന്. വിവാഹിതയായി മകൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് . താരത്തിൻ‍റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ് എന്ന തരത്തിൽ സ്ഥിരീകരിക്കാത്ത ചില മാധ്യമ വാർത്തകളും എത്തിയിട്ടുണ്ട്.