എല്ലാത്തിനും കൂടെയുണ്ടാവുമെന്ന വാഗ്ദാനം പിന്നെ ചതിക്കും ; ട്രെൻഡായി സുരേഷ് കൃഷ്ണ

വളരെപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ഒരു കാര്യം ട്രെന്ഡായിമാറുന്നത് . ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നടന്‍ സുരേഷ് കൃഷ്ണയും . കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം സുരേഷ് കൃഷ്‌ണയാണ്. ചിരിക്കുന്ന സുരേഷ് കൃഷ്‌ണയുടെ ചിത്രത്തിനൊപ്പം ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്‌’ എന്ന സിനിമയിലെ ‘മോഹം കൊണ്ടാൽ’ എന്ന ഗാനത്തിന്‍റെ അനുപല്ലവിയും ഉൾപ്പെടുത്തി, രസകരമായ ക്യാപ്‌ഷനോടു കൂടിയുള്ള പോസ്‌റ്ററുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്.

‘നീ ധൈര്യമായിരിക്ക്’ ഞാനുണ്ട് കൂടെ’, ‘ഓണാഘോഷത്തിന് വേണ്ടിയുള്ള പൈസ നീ കൊടുക്ക്’, ‘എന്‍റെ ഷെയർ ഞാൻ ജിപേ ചെയ്യാം’, ‘പേടിക്കണ്ട, നീ ഈ പറഞ്ഞ കാര്യം ഞാൻ ആരോടും പറയില്ല’ എന്നിങ്ങനെയാണ് സുരേഷ് കൃഷ്‌ണയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനുകൾ. എന്നാല്‍ പലർക്കും സംഗതി എന്താണെന്ന് പിടികിട്ടിയിട്ടില്ല.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയ ‘ക്രിസ്ത്യൻ ബ്രദേഴ്‌സി’ലെ ഒരു രംഗമാണ് പുതിയ ട്രെൻഡിന് ആധാരം. ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്‌’ സിനിമയിൽ സ്വയം രക്ഷയ്ക്കായി ഒരു കഥാപാത്രത്തെ വെടിയുതിർത്ത് കൊലപ്പെടുത്തിയ ശേഷം, സുരേഷ് കൃഷ്‌ണയുടെ ജോർജ് കുട്ടി എന്ന കഥാപാത്രം, തന്‍റെ തോക്ക് മോഹൻലാലിന്‍റെ കഥാപാത്രമായ ക്രിസ്‌റ്റിയുടെ കയ്യിൽ വച്ചുകൊടുത്ത് ഓടി രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്.  സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്‌തതല്ലേ നമ്മുക്ക് പൊലീസിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്താം’ -എന്ന് സുരേഷ്‌കൃഷ്ണയുടെ ജോർജ് കുട്ടിയോട് ക്രിസ്‌റ്റി  പറയുമ്പോൾ ‘കാര്യങ്ങൾ നീ പൊലീസിനെ പറഞ്ഞ് ബോധ്യപ്പെടുത്ത്, ഞാൻ വക്കീലുമായി വരാം’ -എന്ന് പറഞ്ഞാണ് സുരേഷ് കൃഷ്‌ണയുടെ കഥാപാത്രമായ ജോർജ് കുട്ടി സ്ഥലം വിടുന്നത്.

തുടര്‍ന്ന് സിനിമയിൽ ക്രിസ്‌റ്റിയുടെ കഥാപാത്രത്തെ പൊലീസ് പിടികൂടുകയും അണ്ടർവേൾഡ് ഡോൺ ആയി മാറുകയും ചെയ്യുന്നു. സ്വന്തം കുറ്റം കൂട്ടുകാരന്‍റെ തലയിൽ വച്ചു കെട്ടി സ്ഥലം വിടുന്ന സുഹൃത്തുക്കളെ മെൻഷൻ ചെയ്യൂ, എന്ന രീതിയിലാണ് സിനിമയിലെ ഈ രംഗം ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്.

മേൽപ്പറഞ്ഞ ട്രെൻഡ് അവസാനിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും ‘സുരേഷ് കൃഷ്‌ണ’ എന്ന ചതിയനായ കൂട്ടുകാരൻ പുനർജനിക്കുകയാണ്. കൂട്ടത്തിൽ നിന്ന് പണി തരുന്ന ചതിയൻ കൂട്ടുകാരനെ ഉദ്ദേശിച്ചിട്ടുള്ളതാണ് സുരേഷ് കൃഷ്‌ണയുടെ ചിത്രങ്ങൾക്കൊപ്പമുള്ള ക്യാപ്ഷനുകൾ സൂചിപ്പിക്കുന്നത്.

എല്ലാത്തിനും കൂടെയുണ്ടാകും എന്ന വാഗ്‌ദാനവും, കൃത്യസമയത്ത് മുങ്ങുകയും ചെയ്യുന്ന ഒരു കൂട്ടുകാരൻ എല്ലാ ഗ്യാങ്ങിലും കാണും -മെൻഷൻ ചെയ്യൂ എന്ന ടാഗ് ലൈനിലാണ് സുരേഷ് കൃഷ്‌ണയുടെ ചിരിക്കുന്ന മുഖമുള്ള പുതിയ ട്രെൻഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത് .

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പോസ്‌റ്റുകൾ പബ്ലിഷ് ചെയ്യുകയും ലക്ഷക്കണക്കിന് ഷെയറുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. മലയാള സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടുന്ന താരമാണ് സുരേഷ് കൃഷ്ണ. 24 വർഷത്തെ അഭിനയ ജീവിതത്തിൽ പലതരം ഉയർച്ച താഴ്ചകൾ സുരേഷ് കൃഷ്ണ അനുഭവിച്ചു. സീരിയലിലൂടെ സിനിമയിലേക്ക് ചേക്കേറിയ സുരേഷ് കൃഷ്ണ വില്ലൻ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്.

2000ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ‘കരുമാടിക്കുട്ടനി’ലൂടെയാണ് മലയാള സിനിമയിലേക്ക് സുരേഷ് കൃഷ്ണ എത്തുന്നത്. എന്നാൽ അതിനു മുൻപ് 2000ൽ ‘പൊട്ടു അമ്മൻ’ എന്ന തമിഴ് ചിത്രമാണ് താരത്തിൻ്റെ ആദ്യ ചിത്രം.  ‘പൊട്ടു അമ്മന്’ ശേഷം താരം തമിഴിൽ മറ്റൊരു വേഷം ചെയ്തിട്ടില്ല. കാരണം മലയാളത്തിൽ അത്രയും തിരക്കേറിയ താരമായി സുരേഷ് കൃഷ്ണ മാറി. തുടക്കത്തിൽ ലഭിച്ചിരുന്നത് എല്ലാം വില്ലൻ വേഷങ്ങളായിരുന്നു.

എന്നാൽ അതിനിടയിൽ ഒരു സപ്പോർട്ടിം​ഗ് റോൾ ചെയ്തത് ‘പട്ടണത്തിൽ സുന്ദര’നിലെ ശശിധരൻ എന്ന കഥാപാത്രമാണ്. ‘മഞ്ഞു പോലൊരു പെൺകുട്ടി, രാപ്പകൽ, കേരള വർമ പഴശ്ശിരാജ, താന്തോന്നി, ക്രിസ്ത്യൻ ബ്രദേഴ്സ്’ തുടങ്ങി നിരവധി സിനിമകൾ ചെയ്തു. 2012ലെ ‘ചേട്ടായീസ്’ എന്ന സിനിമക്ക് ശേഷമാണ് സുരേഷ് കൃഷ്ണയുടെ കോമഡി വേഷങ്ങൾ മലയാളികൾ ആസ്വദിച്ച് തുടങ്ങുന്നത്. സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്തൊരാൾ പിന്നീട് ചെയ്യുന്നത് ‘ഹണി ബീ, അനാർക്കലി, ഷെർലക് ടോംസ്, ഡ്രൈവിം​ഗ് ലൈസൻസ്’ എന്നീ സിനിമകളിൽ മികച്ച കോമഡി വേഷങ്ങളായിരുന്നു.