അല്ലുഅർജ്ജുന്റെ ലക്കി നായികമാർ പക്ഷെ വളരെ പെട്ടന്ന് തന്നെ അവർ സിനിമ വിടുന്നു

നടൻ അല്ലു അർജുന് ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് ഉളള താരമൂല്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ‘പുഷ്പ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം അല്ലു അർജുന് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുണ്ട് എന്നതും ശ്രദ്ധേയമാണ്.

അതേസമയം പാൻ ഇന്ത്യൻ താരമാകുന്നതിന് മുമ്പേ തന്നെ അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനാണ്. മല്ലു അർജുൻ എന്ന് മലയാളി ആരാധകർ നടനെ സ്നേഹത്തോടെ വിളിക്കാറുമുണ്ട്. തെലുങ്കിൽ നിന്നും മലയാളത്തിൽ മൊഴി മാറ്റിയെത്തുന്ന അല്ലു അർജുന്റെ സിനിമകൾ ഒരു കാലത്ത് മലയാളികൾക്കിടയിൽ തരംഗമായിരുന്നു.

‘ആര്യ’ എന്ന സിനിമയാണ് ഇക്കൂട്ടത്തിൽ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ വന്ന ‘കൃഷ്ണ, ബണ്ണി’ തുടങ്ങിയ സിനിമകളെല്ലാം കേരളത്തിൽ വൻ ഹിറ്റായി മാറി. മലയാളികൾ തന്നെ സ്നേഹിക്കുന്നു എന്നത് അല്ലു അർജുനും അറിയാം. മലയാളികളിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലു അർജുൻ നേരത്തെയും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുമുണ്ട്.

കൂടുതലും റൊമാന്റിക് സിനിമകൾ ചെയ്ത കാലത്താണ് അല്ലു അർജുൻ കേരളത്തിൽ ജനപ്രീതി നേടുന്നത്. അക്കാലത്ത് അല്ലു അർജുൻ സിനിമകളിലെ നായികമാരും ശ്രദ്ധിക്കപ്പെട്ടു. നായികമാർക്ക് വലിയ പ്രാധാന്യമുള്ള സിനിമകളായിരുന്നു ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയവയെല്ലാം. ഈ സിനിമകളിലൂടെ അല്ലു അർജുൻ താര പദവിയിലേക്ക് വന്നെങ്കിലും ഈ സിനിമകളിലെ നടിമാർക്ക് ഇതായിരുന്നില്ല സാഹചര്യം. ഇവരാരും തന്നെ സിനിമാ രം​ഗത്ത് പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം.

2004ൽ പുറത്തിറങ്ങിയ ‘ആര്യ’യിൽ നായികയായത് നടി അനു മെഹ്തയാണ്. അല്ലു അർജുൻ ആര്യ ആയെത്തിയപ്പോൾ ഗീത ആയെത്തിയത് അനു മെഹ്ത ആയിരുന്നു. അനു മേഹ്തയ്ക്കും അന്ന് നിരവധി ആരാധകർ ഉണ്ടായിരുന്നു. എന്നാൽ ഈ നടി ലൈം ലൈറ്റ് വിട്ടിട്ട് വർഷങ്ങൾ ഏറെയായി. അനു മെഹ്ത ഇന്നെവിടെയാണെന്ന് പോലും ആരാധകർക്ക് അറിയില്ല.

‘ബണ്ണി’ എന്ന ചിത്രത്തിൽ നായികയായെത്തിയ ​ഗൗരി മുജ്ജലിനും കരിയറിൽ സമാന സാഹചര്യമായിരുന്നു വന്നു ചേർന്നത്. നടി എന്നതിലുപരിയായി മോഡൽ കൂടിയായിരുന്നു ​ഗൗരി മുജ്ജൽ. ഡൽഹിക്കാരിയായ ​ഗൗരിയുടെ ആദ്യ ചിത്രമാണ് ബണ്ണി. മഹാലക്ഷ്മി സോമരാജ് ആയെത്തിയ ഗൗരിയുടെ ആദ്യ ചിത്രം വൻ ഹിറ്റായെങ്കിലും പിന്നീട് നടിക്ക് സിനിമയിൽ അത്ര വലിയ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലും ​ഗൗരി സിനിമകൾ ചെയ്തിട്ടുണ്ട്.

2009 ൽ മമ്മൂട്ടി നായകൻ ആയെത്തി മലയാളത്തിൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിൽ സരയു എന്ന കഥാപാത്രമായി എത്തിയത് ​ഗൗരി മുജ്ജാൽ ആയിരുന്നു. എന്നാൽ പക്ഷെ 2011ൽ റേസ് എന്ന മലയാള ചിത്രത്തിന് ശേഷം ഗൗരി സിനിമാ ലോകം വിടുകയായിരുന്നു.

അല്ലു അർജുന്റെ മറ്റൊരു ഹിറ്റ് ചിത്രമായ ‘കൃഷ്ണ’യിൽ നായികയായിയെത്തിയത്  നടി ‘ഷീല കൗർ’ ആണ്. മീന എന്ന കഥാപാത്രത്തെയാണ് ഷീല കൗർ ചിത്രത്തിൽ അവതരിപ്പിച്ചത്. 2006 ൽ പുറത്തിറങ്ങിയ ‘സീതകൊക ചിലുക’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഷീല കൗർ നായികയായി തുടക്കം കുറിച്ചത്. പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടി വന്നു.

മലയാളത്തിൽ മായാബസാർ, മേക്കപ്പ്മാൻ എന്നീ സിനിമകളിൽ ഷീല കൗർ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഷീല കൗറിനെയാണ് മലയാളികൾക്ക് കുറച്ച് കൂടുതൽ പരിചയം. അനു മെഹ്ത, ​ഗൗരി മുജ്ജൽ എന്നീ നടിമാരുമായി താരതമ്യം ചെയ്യുമ്പോൾ കരിയറിൽ ഷീല കൗർ കുറേക്കൂടി സജീവവുമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ഹൈപർ എന്ന കന്നഡ സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്.

അതിന് മുമ്പേ തന്നെ കരിയറിൽ വലിയ ഇടവേളകൾ ഷീല കൗറിന് വന്നിരുന്നു. 2020 ൽ നടി ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയെ വിവാഹം ചെയ്തു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. മലയാളത്തിൽ മൊഴി മാറ്റി എത്തിയിട്ടില്ല എങ്കിൽ പോലും അല്ലു അർജുൻ നായകനായെത്തിയ ആദ്യ ചിത്രമാണ് 2003 ൽ പുറത്തിറങ്ങിയ ​’ഗം​ഗോത്രി’. ‘അതിദി അ​ഗർവാളാണ് ഈ ചിത്രത്തിൽ നായികയായെത്തിയത്. ഈ നടിയും സിനിമാ ലോകത്ത് പിന്നീട്  കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയാണ് അതിദി അ​ഗർവാളുമിപ്പോൾ.