വാപ്പിച്ചി വളരെ മോഡേണാണ്, എനിക്കിഷ്ടം ഹിസ്റ്ററിയാണ് ! ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു; ദുൽഖർ

അടുത്ത വർഷം കുറച്ച് യങ് ആൻഡ് സ്റ്റൈലിഷായ സിനിമകൾ ചെയ്യണം എന്ന ആ​ഗ്രഹം പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കുറച്ചു നാളുകളായി പീരിയഡ് സിനിമകൾ ചെയ്യുന്ന ട്രെൻഡിലാണ് താൻ പോയിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത വർഷം അതിന് വിപരീതമായ ചിത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹമെന്നും ദുൽഖർ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ദുൽഖർ സൽമാൻ നായകനായി ഒക്ടോബർ 31-ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രം ‘ലക്കി ഭാസ്കർ’ ഒരു പീരിയഡ് ചിത്രമാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
തെലുങ്കില്‍ സംവിദാനം ചെയ്ത ലക്കി ഭാസ്‌കര്‍ എന്ന ചിത്രം തമിഴിലും, കന്നടയിലും, മലയാളത്തിലും, ഹിന്ദിയിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്. ഷൂട്ട് ചെയ്തത് തെലുങ്കില്‍ ആണെങ്കിലും, എല്ലാ ഇന്ത്യക്കാരനും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ് എന്ന് ദുല്‍ഖര്‍ പറയുന്നു. ഭാസ്‌കര്‍ എന്ന കുടുംബനാഥന്റെ സാമ്പത്തിക പ്രശ്‌നങ്ങളും അതിനെ മറികടക്കാന്‍ അയാള്‍ ചെയ്യുന്ന കാര്യവുമാണ് കഥ എന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. ലക്കി ഭസ്കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ സംസാരിക്കവേയാണ് ദുൽഖർ സൽമാൻ ഇക്കാര്യം പറഞ്ഞത്.
സിനിമയുടെ പ്രമോഷൻ പരിപാടികളിൽ‌ സജീവമായി ദുൽഖർ പങ്കെടുക്കുന്നുണ്ട്.  ഒരു ടിപ്പിക്കൽ ഇന്ത്യൻ ഫാമിലി എക്സ്പീരിയൻസ് ചെയ്യുന്നതുപോലെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാ ഭാഷയിലും ഞാൻ തന്നെ ഡബ്ബ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. തമിഴ് ട്രെയിലറിൽ എന്റെ ശബ്ദമല്ല. പക്ഷെ സിനിമ റിലീസിന് എത്തുമ്പോൾ എന്റെ ശബ്ദമായിരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ആരോഗ്യം മോശമായിരുന്നെങ്കിലും എന്റെ സൗണ്ടിൽ തന്നെ ഡബ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ദുൽ‌ഖർ പറഞ്ഞു.
പിന്നീട് ലക്കിനെ കുറിച്ചുള്ള ചോദ്യമായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഞാൻ ജനിച്ചപ്പോഴേ ലക്കിയാണ്. ഞാൻ ജനിച്ച വീടും ലക്കിയാണ്. എനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം ലക്ക് തന്നെയാണ്. ഞാൻ ബ്ലെസ്ഡാണെന്ന് വിശ്വസിക്കുന്നു. എനിക്ക് കിട്ടിയ അവസരങ്ങളെല്ലാം ബെസ്റ്റ് കൊടുത്ത് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നുമാണ് അതിന് നടൻ‌ നൽ‌കിയ മറുപടി. മാത്രമല്ല ഭാസ്കർ എന്ന പേരിനോടുള്ള അടുപ്പത്തെ കുറിച്ചും ദുൽഖർ വിവരിച്ചു.‍ ഭാസ്കർ എന്നുള്ള പേര് ഫാമിലിയിൽ ആർക്കോ ഉള്ള ഒരു പേര് പോലെ തോന്നാറുണ്ട്. അതുപോലെ ഭാസ്കർ ദി റാസ്ക്കൽ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്.
വാപ്പിച്ചിയുടെയും നയൻതാര മാമിന്റേയും കോമ്പിനേഷനും എനിക്ക് ഇഷ്ടമാണ്. ലക്കി ഭാസ്കർ എന്ന പേര് ആ പടത്തിന് വളരെ യോജിച്ചതാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസിലാകുമെന്നും ദുൽഖർ പറഞ്ഞു. അഭിമുഖത്തിനിടെ മമ്മൂട്ടിയെ കുറിച്ച് താരം പറ‍ഞ്ഞ വാക്കുകളും വൈറലാണ്.‍
വാപ്പിച്ചി വളരെ മോഡേണാണ്. ഫ്യൂച്ചർ തിങ്കിങുള്ളയാളാണ്. വാപ്പിച്ചിക്ക് ടെക്നോളജിയും ഇഷ്ടമാണ്. നാളെയെ കുറിച്ച് ജിജ്ഞാസയുള്ളയാളാണ്. എനിക്ക് കുട്ടിക്കാലം മുതൽ ഹിസ്റ്ററിയാണ് കൂടുതൽ ഇഷ്ടം. വായിച്ചിരുന്ന പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നൊസ്റ്റാൾജിക്കായിട്ടുള്ളയാളാണ് താനെന്നും നടൻ‌ പറയുന്നു.
അതേസമയം കുറേക്കാലമായി സോഷ്യല്‍ മീഡിയയുടെ പരിസരത്തേ വരാതിരുന്ന നടന്‍ കഴിഞ്ഞ ദിവസമാണ് ‘ഞാന്‍ തിരിച്ചെത്തി’ എന്ന് പറഞ്ഞ് പുതിയ പോസ്റ്റ് പങ്കുവച്ചത്. ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങിനിടയില്‍ വലിയ വേദന സഹിച്ചു എന്നും, ആ സമയത്ത് ഷൂട്ടിങ് നിര്‍ത്തി വയ്ക്കാം എന്ന് സംവിധായകന്‍ പറഞ്ഞതായും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പക്ഷേ ആരോഗ്യ പ്രശ്‌നം എന്താണെന്ന് ദുല്‍ഖര്‍ എവിടെയും വ്യക്തമാക്കുന്നില്ല.
അതേ സമയം സിനിമകളില്‍ സംഭവിച്ച ലോങ് ഗ്യാപിന്ന് അസുഖം ഒരു കാരണമല്ല എന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതിലൊന്ന് നടക്കാതെ പോയി. മറ്റൊന്ന് അവസാന നിമിഷം വര്‍ക്കായില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അതിന് ശേഷമാണ് ആരോഗ്യ പ്രശ്‌നം നേരിട്ടത് എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

അതേസമയം കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽ‌ഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല. മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ നിലവിൽ മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു സിനിമയുമായി ദുൽഖർ മലയാളത്തിലേക്ക് മടങ്ങി വരണമെന്നാണ് ആരാധകരുടെ ആഗ്രഹം.