സൗന്ദര്യ മത്സരത്തിലും കിരീടം ചൂടി ശിവാനി ബായി ; കാൻസർ രോഗികൾക്കും അതിജീവിച്ചവർക്കും പ്രചോദനമായി ശിവാനിയുടെ നേട്ടങ്ങൾ

ഇത്തവണത്തെ “മിസ്സിസ് ക്വീൻ കേരള“പട്ടം ചൂടിയത് അണ്ണൻ തമ്പിയിലെ മമ്മൂട്ടിമാരുടെ അനിയത്തി കുട്ടി ആയി അഭിനയിച്ച ഡോ. ശിവാനി ഭായ് ആണ് .

2021 മുതൽ 22 വരെ ക്യാൻസർ ചികിത്സയിൽ ആയിരുന്ന ശിവാനി ഭായി എല്ലാവർക്കും ഒരു പ്രചോദനം ആണ്. ശിവാനിയുടെ ശക്തമായ തിരിച്ചു വരവിൽ അവർ ഇപ്പോൾ സമാജ് വാദി പാർട്ടിയുടെ സാംസ്‌കാരിക വകുപ്പിന്റെ നാഷണൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു . കൂടാതെ ഇന്ത്യൻ വീൽ ചെയർ ക്രിക്കറ്റ്‌ ന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഈ നടി.

നടിയായും രാഷ്ട്രീയ പ്രവർത്തകയായും പ്രശസ്തിയാർജിച്ച താരം എന്തിന് മിസ്സിസ് കേരള പട്ടത്തിന് വേണ്ടി മത്സരിക്കുന്നു എന്നതിന് ഉത്തരമായി അവർ പറഞ്ഞത് , തങ്ങൾക്ക് മുമ്പിലെ ലോകം തന്നെ അവസാനിച്ചു എന്ന് തോന്നുന്ന ക്യാൻസർ രോഗികൾക്കും , രോഗത്തെ അതിജീവിച്ചവർക്കും പ്രചോദനമായി ആണ് അവർ മത്സരിക്കുന്നതെന്നാണ് ..

പലരും തുറന്നു പറയാനും കാട്ടാനും മടിക്കുന്ന തന്റെ കീമോ തെറാപ്പിയുടെ അടക്കം ചിത്രങ്ങളും തന്റെ കാൻസറിനെ അതിജീവിച്ച ഘട്ടങ്ങളെല്ലാം ശിവാനി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പങ്കുവെച്ചിരുന്നു . നിശ്ചയദാർഢ്യത്തോടെ നിലനിന്നാൽ എന്തിനെയും മറികടക്കാമെന്നും താരം തന്റെ പ്രേക്ഷകരോടായി അന്ന് പറഞ്ഞിരുന്നു .

ജയറാമിന്റെ ‘രഹസ്യ പോലീസി’ൽ നായിക ആയിരുന്ന ശിവാനിയുടെ അവസാനത്തെ ചിത്രം ഡിഎൻഎ (DNA) ആയിരുന്നു.. കൂടാതെ ഇന്ന് UST10 ക്രിക്കറ്റ്‌ ലീഗിൽ ഗൗതം ഗംഭീറിന്റെ മീഡിയ ഹെഡ് കൂടിയാണ് ശിവാനി.

ചുവടുവെച്ച എല്ലാ മേഖലയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഡോക്ടർ ശിവാനി ഭായി ചെന്നൈയിൽ ഭർത്താവും മുൻ ഐപിൽ താരവുമായ പ്രശാന്ത് പരമേശ്വരനും മകനോടും ഒപ്പം സ്ഥിരതാമസം ആണ്. വിവാഹം കഴിഞ്ഞു കുട്ടി ജനിച്ചതിന് ശേഷമാണു ശിവാനിക്ക് കാൻസർ പിടിപെടുന്നത് .