കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം മുകേഷ് രാജിവെച്ചാൽ മതിയെന്ന് – വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി

ലൈംഗികാരോപണ കേസിൽ നടൻ മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം മതി രാജിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പീഡനപരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ.

ധാര്‍മികത ഒരോ ആളുകളെയും സംബന്ധിച്ച് വ്യത്യസ്തമായിരിക്കും. ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെക്കണമോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ എന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് ശേഷമായിരുന്നു മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം.