
ആശാ വർക്കറുടെ സമരത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ സുരേഷ്ഗോപിക്ക് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ അദ്ദേഹത്തിന്റെ പ്രവർത്തികൾ. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നത്. സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ ഒരു തലവേദനയാണ്.സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ല, ജോൺ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര ധനമന്ത്രിയും, മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. അതേസമയം തന്റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലിൽ എത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന് ഒന്നും കൊടുത്തില്ലെന്നാണ് ഇനിയും വാദമെങ്കില്‍ സര്‍ക്കാര്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാത്തപക്ഷം അടുത്ത ഗഡു കേന്ദ്രം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാവർക്കറുമാരുടെ തീരുമാനവും.
ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ്. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റുമെന്നും സുരേഷ്ഗോപി പറഞ്ഞു.











