
ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷഃപൂജ വഴിപാട് നടത്തി നടൻ മോഹന്‍ലാല്‍. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് മോഹൻലാൽ വഴിപാട് നടത്തിയത്. അതേപോലെ,നടൻ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി. പമ്പയിൽ നിന്ന് കെട്ടു നിറച്ച് മല കയറിയാണ് മോഹൻലാൽ സന്നിധാനത്തെത്തിയത്.മോഹൻലാൽ അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഒപ്പമാണ് ശബരിമലയിൽ എത്തിയത്.ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍, മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

നടൻ ശബരിമലയിൽ എത്തി സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക എന്നാണ് വിവരം. അതേസമയം സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അതുപോലെ സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്മെറ്റുകൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ.












