
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ 530 കോടി രൂപ കേരളത്തിന് നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യസമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ട്, കേന്ദ്രമന്ത്രി അമിത് ഷാ ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചര്‍ച്ചയ്ക്കിടെ മറുപടി പറയുകയായിരുന്നു. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി.ദുരന്തമേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാനായി നൽകിയ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഈ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യപരിഗണനയാണ് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സര്‍ക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല എന്നും വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത്ഷാ വ്യക്തമാക്കി.











