ഒളിഞ്ഞും, തെളിഞ്ഞും ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെയാണോ കേരളത്തിലെ ക്രൈസ്‌തവ സമൂഹം വിശ്വസിക്കേണ്ടത്; ആഞ്ഞടിച്ചു ജോൺ ബ്രിട്ടാസ്

ഒളിഞ്ഞും, തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയാണോ കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കേണ്ടതെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയാണോ വിശ്വസിക്കേണ്ടതെന്ന് ക്രൈസ്തവ സമൂഹം തീരുമാനിക്കണമെന്നും ജോൺ ബ്രിട്ടാസ് പറയുന്നു.മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ക്രൈസ്തവ വിശ്വാസികള്‍ മനസിലാക്കണമെന്നും, ആരെങ്കിലും പരാതിപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആളുകളെ തടവിലാക്കുന്ന വ്യവസ്ഥകളാണുള്ളതെന്നും ബ്രിട്ടാസ് പ്രതികരിച്ചു.

ഒരു സംസ്ഥാനത്തിന്റെ ഏതൊരു മൂലയിലിരുന്നും ആര്‍ക്കെതിരെയും പരാതിപ്പെടാന്‍ ഈ വ്യവസ്ഥകള്‍ അനുവദിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ബറേലിയില്‍ വീട്ടില്‍ ബൈബിള്‍ സൂക്ഷിച്ചുവെന്ന പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ആറ് മാസം ജയിലിലിട്ടു. ഈ നടപടിയില്‍ ബറേലിയിലെ കോടതി പോലും ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവര്‍ക്ക് മേല്‍ കള്ളക്കണ്ണീര്‍ ഒഴുക്കിയാല്‍ കുറേ എം.പിമാരെ കിട്ടുമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും ബില്ലിനെതിരെ രാജ്യസഭയിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ലോക്‌സഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയ പശ്ചാത്തലത്തിലായിരുന്നു ജോൺ ബ്രിട്ടാസിന്റെ ഇങ്ങനൊരു വിമർശനം. കുറച്ചു ആളുകളെ കുറേക്കാലം തെറ്റിദ്ധരിപ്പിക്കാമെന്നും സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകള്‍ വെച്ചുനല്‍കിയ സര്‍ക്കാരിന് മുനമ്പം ജനങ്ങളെ കുടിയൊഴിപ്പിക്കാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും ബ്രിട്ടാസ് പറഞ്ഞു.